ADVERTISEMENT

പാലാ ∙  ജനറൽ ആശുപത്രിക്ക് കെ.എം.മാണിയുടെ പേരു നൽകിയതിൽ പാലാക്കാർക്ക് സന്തോഷമേറെ; എങ്കിലും സൗകര്യങ്ങൾ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. 4 ബഹുനില സമുച്ചയങ്ങളാണുള്ളത്. 52 ഡോക്ടർമാരും നാനൂറിലേറെ ജീവനക്കാരുമുണ്ട്. കെ.എം.മാണി പ്രത്യേക അനുമതി നൽകി സ്കിൻ, സൈക്യാട്രി, ഫൊറൻസിക്, കാർഡിയോളജി വിഭാഗങ്ങൾ ആരംഭിച്ചിരുന്നു. ഡോക്ടർമാരെ നിയമിച്ചെങ്കിലും പലപ്പോഴായി സ്ഥലംമാറിപ്പോയെങ്കിലും പകരം വന്നിട്ടില്ല. കാത്ത് ലാബിനു വേണ്ടി ബഹുനില മന്ദിരം നിർമിച്ചു. തസ്തികകൾ അനുവദിച്ചെങ്കിലും ലാബ് ആരംഭിച്ചിട്ടില്ല. 

 കാൻസർ രോഗികൾക്കായി കീമോതെറപ്പിക്കൊപ്പം റേഡിയോ തെറപ്പിയും ആരംഭിക്കണമെന്ന ആവശ്യം  ഉയർന്നിട്ടുണ്ട്.  വൃക്ക രോഗ ഒപി വിഭാഗവും അംഗ പരിമിതർക്കായി ആർട്ടിഫിഷൽ ലിംപ് യൂണിറ്റും ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. ആരോഗ്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്ന് ആശുപത്രി മാനേജിങ് കമ്മിറ്റി ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര, നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ ബൈജു കൊല്ലംപറമ്പിൽ,  മാനേജിങ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം എന്നിവർ പറഞ്ഞു.

കെ.എം.മാണി സ്മാരകങ്ങൾ

കെ.എം.മാണി സ്മാരകങ്ങൾ പാലായിൽ നാലായി. പുലിയന്നൂരിൽ ആരംഭിച്ച് കിഴതടിയൂരിൽ അവസാനിക്കുന്ന കെ.എം.മാണി സ്മാരക സമാന്തര റോ‍ഡുണ്ട്.  ചെറിയാൻ ജെ.കാപ്പൻ സ്മാരക നഗരസഭാ സ്റ്റേഡിയത്തിൽ കെ.എം.മാണി സ്മാരക സിന്തറ്റിക് ട്രാക്കുണ്ട്.  കെ.എം.മാണിയുടെ നിയമസഭാംഗത്വ സുവർണ ജൂബിലി സ്മാരകമായി കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബഹുനില കെട്ടിടം നിർമിച്ചിട്ടുണ്ട്.

ഇപ്പോൾ ജനറൽ ആശുപത്രിയും കെ.എം.മാണി സ്മാരകമായി.  പാലാ ബസ് സ്റ്റാൻഡിൽ കെ.എം.മാണിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. കെഎസ്ആർടിസിയുടെ പുതിയ സമുച്ചയം കെ.എം.മാണി സ്മാരകമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പ്രഖ്യാപിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com