പൊതുമരാമത്ത് വകുപ്പ് കത്ത് നൽകി; നാറ്റ്പാക് സംഘം പഠനം നടത്തണം

SHARE

ഏറ്റുമാനൂർ ∙ എംസി റോഡിലെ ഗതാഗതക്കുരുക്കും അപകടവും ഒഴിവാക്കുന്നതിനു നാറ്റ്പാക് സംഘം പഠനം നടത്തണമെന്ന് പൊതുമരാമത്ത് വകുപ്പ് കത്ത് നൽകി. 2013ലാണ് നാറ്റ്പാക് മുൻപ് ഇവിടെ പഠനം നടത്തിയത്. അതിന്റെ റിപ്പോർട്ട് നഗരസഭയോ പൊതുമരാമത്ത് വകുപ്പോ അന്ന് ഏറ്റുവാങ്ങിയില്ല. പഠനത്തിന്റെ ഫീസ് ആരും അടച്ചില്ല. അതാണ് റിപ്പോർട്ട് വെളിച്ചം കാണാതിരുന്നത്. പട്ടിത്താനം – മണർകാട് ബൈപാസ് പണികൾ അവസാനഘട്ടത്തിൽ എത്തിയതോടെയാണ് പുതിയ പഠനം വേണമെന്ന നിർദേശം ഉയർന്നത്. എംസി റോഡിൽ കോട്ടയം മുതൽ പട്ടിത്താനം വരെയും മണർകാട് ബൈപാസും പഠന പരിധിയിൽ വരും. നാഗമ്പടം പാലം ഉൾപ്പെടുന്ന കവലയുടെ പ്രശ്നങ്ങളും പഠിക്കും. 

എംസി റോഡിലെ ഗതാഗത പരിഷ്കാരം, മണർകാട് ബൈപാസ് തുറക്കുന്നതോടെ ഉണ്ടാകാനിടയുള്ള ഗതാഗത നിയന്ത്രണങ്ങളും പരിഷ്കാരങ്ങളും, റോഡുകളിൽ പുനഃക്രമീകരിക്കേണ്ട സ്റ്റോപ്പുകൾ, ബസ്ബേകൾ, സിഗ്നൽ ലൈറ്റുകൾ, ട്രാഫിക് ഐലൻഡുകൾ എന്നിവയെക്കുറിച്ചെല്ലാം പഠനം നടത്താനാണ് നിർദേശം. നിലവിൽ ബൈപാസ് കേന്ദ്രീകരിച്ച് ഒരുക്കേണ്ട ട്രാഫിക് ഐലൻഡുകളെ കുറിച്ചു പോലും പൊതുമരാമത്ത് വകുപ്പിന്റെ പക്കൽ പദ്ധതിയില്ല. അതിനു ഫണ്ടും അനുവദിച്ചിട്ടില്ല. റോഡപകടങ്ങൾക്കു സാധ്യതയേറിയ ബ്ലാക്ക് സ്പോട്ടുകളും നാറ്റ്പാക് സംഘം കണ്ടെത്തും. മുൻകാലങ്ങളിൽ ഉണ്ടായ അപകടങ്ങൾ, മരണങ്ങൾ, ഗുരുതര പരുക്കുകൾ തുടങ്ങിയ ഘടകങ്ങൾ അനുസരിച്ചാണ് ബ്ലാക്ക് സ്പോട്ടുകൾ നിശ്ചയിക്കുന്നത്. ഈ മേഖലകൾക്ക് അപകട സാധ്യതയുടെ അടിസ്ഥാനത്തിൽ റാങ്ക് രേഖപ്പെടുത്തും.

"എംസി റോഡ് പൂർണമായി ഗതാഗതത്തിനു വീണ്ടുകിട്ടാൻ പൊതുമരാമത്ത് വകുപ്പ് ജാഗ്രത കാണിക്കണം. പലയിടത്തും കയ്യേറ്റങ്ങളുണ്ട്. അപകട വളവുകളിൽ നാഷനൽ പെർമിറ്റ് ലോറികൾ പാർക്ക് ചെയ്യുന്നു. ഇതും വലിയ ബോർഡുകളും ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കും. വഴിയോരക്കച്ചവടങ്ങളും ഗതാഗതക്കുരുക്കിനു കാരണമാണ്. നിയമം ലംഘിച്ചുള്ള ഡ്രൈവിങ് നിയന്ത്രിക്കാൻ മോട്ടർ വാഹന വകുപ്പ് വരും ദിവസങ്ങളിൽ നിരീക്ഷണം കർശനമാക്കും. പട്ടിത്താനം – മണർകാട് ബൈപാസിൽ നിന്ന് എംസി റോഡിന്റെ വിവിധ ഭാഗങ്ങളിലെത്താൻ ഉപറോഡുകൾ വികസിപ്പിക്കണം." - ടോജോ എം.തോമസ്,എൻഫോഴ്സ്മെന്റ് ആർടിഒ, കോട്ടയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS