കോട്ടയം ∙ കുടിപ്പകയും ചോരയ്ക്കു ചോരയുമൊക്കെയായി ജില്ലയിലെ ഗുണ്ടകളുടെ ലോകം വളരുകയാണ്. ഇടയ്ക്കു ചെറിയ അടിപിടിയുണ്ടാക്കുന്ന സംഘങ്ങൾ പതിയെ ഗുണ്ടാസംഘങ്ങളായി വളരുന്നു. കുഞ്ഞാവ, അലോട്ടി, അരുൺ, വിനീത് സഞ്ജയൻ, മൊട്ടനൗഷാദ്, ചിരട്ടപ്പൂൾ സജി അങ്ങനെ നീളുന്നു അകത്തും പുറത്തുമുളള ഗുണ്ടകൾ. പൊലീസ് ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നാട് ഗുണ്ടകളുടെ കാൽച്ചുവട്ടിലാകുമെന്നുറപ്പ്.
ജില്ലയിൽ ഗുണ്ടാ സംഘങ്ങൾക്കിടയിൽ ലഹരിയുടെ ഇടപാടും നടക്കുന്നതായി പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. ലഹരി നൽകി ആകർഷിച്ചാണു യുവാക്കളെ ഒപ്പം കൂട്ടാൻ ഗുണ്ടാ സംഘങ്ങൾ ശ്രമിക്കുന്നത്. ലഹരിസംഘത്തിൽ പെട്ടവർ കാര്യമായ പ്രകോപനമൊന്നും ഇല്ലാതെയാണു മറ്റുള്ളവരെ ആക്രമിക്കുന്നത്.കോതനല്ലൂർ ട്രാൻസ്ഫോമർ ജംക്‌ഷനു സമീപം മുൻപിൽ പോയ ഓട്ടോറിക്ഷ സിഗ്‌നൽ ലൈറ്റ് തെറ്റായി ഇട്ടതിനു ഡ്രൈവറെ വലിച്ചിറക്കി ലഹരിസംഘം കുത്തി. കോതനല്ലൂരിൽ തട്ടുകടയിൽ ഉറക്കെ സംസാരിച്ചതിനാണു കഴിഞ്ഞ ദിവസം പിക്കപ് ഡ്രൈവറെയും സുഹൃത്തിനെയും ആക്രമിക്കുകയും വീടിനും കാറിനും കല്ലെറിയുകയും ചെയ്തത്.
റോഡിൽ ബോംബെറിഞ്ഞ സംഘത്തെ പിടികൂടി തെളിവെടുപ്പിനു വീട്ടിലെത്തിച്ചപ്പോൾ കട്ടിലിന്റെ അടിയിൽ നിന്നു ലഭിച്ചത് 4 ബോംബുകൾ. 21 വയസ്സിൽ താഴെയുള്ള യുവാവിനു ബോംബ് നിർമാണത്തിന്റെ രീതി അറിയാമായിരുന്നു. ബോംബ് നിർമിച്ച ശേഷം പൊട്ടിച്ച് സ്ഫോടനശേഷി പരീക്ഷിച്ച ശേഷമാണ് ഒപ്പം നിർമിച്ച ബോംബ് എറിഞ്ഞതെന്നാണു യുവാവ് പൊലീസിനോടു പറഞ്ഞത്.
തട്ടുകടയിലെ അക്രമം: മുഖ്യപ്രതി പിടിയിൽ
കടുത്തുരുത്തി ∙ തട്ടുകടയിൽ ഉറക്കെ സംസാരിച്ചതിനു പിക്കപ് ഡ്രൈവർ കോതനല്ലൂർ ആണ്ടൂർ വീട്ടിൽ സാബു(55)വിനെയും സുഹൃത്ത് കോതനല്ലൂർ ഓലിക്കൽ ഷാജി(55)യെയും ആക്രമിക്കുകയും സമീപവാസിയുടെ വീടിന്റെ ചില്ലുകളും കാറും തകർക്കുകയും ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. കാണക്കാരി കണിയാംപറമ്പിൽ സുധീഷ് വാവ (വിഷം സുധി–26 ) ആണ് അറസ്റ്റിലായത്. സുധീഷിനും 2 സുഹൃത്തുക്കൾക്കും എതിരെ വധശ്രമത്തിനു കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രി എട്ടരയോടെ കോതനല്ലൂരിലെ തട്ടുകടയിലാണു കേസിന് ആസ്പദമായ സംഭവം നടന്നത്. തട്ടുകടയിൽ ഉറക്കെ സംസാരിച്ചതു ചോദ്യം ചെയ്ത് സുധീഷും സുഹൃത്തുക്കളും ചേർന്നു സാബുവിനെയും ഷാജിയെയും ആക്രമിക്കുകയും രക്ഷപ്പെട്ടോടിയ ഇരുവരെയും ആക്രമിക്കുകയും സാബുവിന്റെ തല ബനിയനിൽ കല്ലുകെട്ടി അടിച്ചു തകർക്കുകയും ചെയ്തു. സാബുവും ഷാജിയും ഓടിക്കയറി രക്ഷപ്പെട്ട വീടിന്റെ ചില്ലുകളും സമീപത്തു കിടന്നിരുന്ന കാറും സംഘം തകർത്തിരുന്നു. ഏതാനും ദിവസം മുൻപ് ഏറ്റുമാനൂർ പൊലീസ് പിടികൂടി കാപ്പ ചുമത്തി തടങ്കലിലാക്കിയ ഗുണ്ട സുജേഷിന്റെ (കുഞ്ഞാവ–23) സഹോദരനാണ് സുധീഷ്.
ഇയാൾക്കെതിര ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ അടിപിടിക്കു കേസുണ്ട്. സുധീഷിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പ്രായപൂർത്തിയാകാത്ത 2 പേരെക്കൂടി പിടികൂടാനുണ്ട്. ലഹരിസംഘങ്ങളുടെ അക്രമം കോതനല്ലൂരിൽ വ്യാപകമായതോടെ ഇതു പ്രതിരോധിക്കാൻ ഇന്നലെ ജാഗ്രതാസമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പൊലീസും പങ്കെടുത്ത യോഗത്തിൽ ലഹരിസംഘങ്ങളെ പ്രതിരോധിക്കാൻ തീരുമാനിച്ചു.