കോട്ടയത്ത് പ്രതിഷേധം ആളി, പൊലീസ് തല്ലിച്ചതച്ചു; ഒന്നര മണിക്കൂർ സംഘർഷാവസ്ഥ - ചിത്രങ്ങൾ

പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളിക്ക് പരുക്കേറ്റപ്പോൾ. ചിത്രങ്ങൾ: റിജോ ജോസഫ്, വിഷ്ണു സനൽ∙ മനോരമ
SHARE

കോട്ടയം ∙ യുഡിഎഫ് പ്രവർത്തകർ നടത്തിയ കലക്ടേറേറ്റ് മാർച്ച് നഗരത്തിൽ ഒന്നര മണിക്കൂർ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും ലാത്തിച്ചാർജും നടത്തി. ലാത്തിച്ചാർജിൽ 15 പ്രവർത്തകർക്കു പരുക്കേറ്റു. ബാരിക്കേഡ് തലയിൽ ഇടിച്ച് ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനു പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരുമായി സംഘർഷമുണ്ടായിരുന്നു.

പൊലീസിന്റെ ലാത്തിയടിയേറ്റ് വീണ യുഡിഎഫ് പ്രവർത്തകൻ.

ഈ സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത മാർച്ച് ഗാന്ധി സ്ക്വയറിൽ നിന്നാണ് ആരംഭിച്ചത്. പിന്നാലെ ഐഎൻടിയുസി പ്രവർത്തകരും മാർച്ച് നടത്തി. കലക്ടറേറ്റിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നു. കെകെ റോഡിലൂടെ മാർച്ച് കലക്ടറേറ്റിനു മുന്നിലെത്തി.

യുഡിഎഫ് പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ സ്വർണ കള്ളക്കടത്ത് കേസിൽ നിന്നു ജനശ്രദ്ധ തിരിച്ചുവിടാൻ മുഖ്യമന്ത്രി ആസൂത്രണം ചെയ്തതാണ് സംസ്ഥാനമൊട്ടാകെയുള്ള അക്രമ പരമ്പരയെന്നു യോഗം ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ കുറ്റപ്പെടുത്തി.സർക്കാരിനും സിപിഎമ്മിനും എതിരെ മുദ്രാവാക്യം മുഴക്കിയ പ്രവർത്തകർ കലക്ടറേറ്റിനു മുന്നിലെ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചു.

യുഡിഎഫ് പ്രവർത്തകർക്കിടയിലേക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.

ഗേറ്റിനു മുകളിലൂടെ കലക്ടറേറ്റ് വളപ്പിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ലാത്തിവീശി പിന്തിരിപ്പിച്ചു. തുടർന്നു കല്ലേറുണ്ടായി. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ ചിതറിയോടി. പ്രവർത്തകർ ഉടൻ സംഘടിച്ച് കലക്ടറേറ്റിനു സമീപത്തെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. എസ്പി ഓഫിസിലേക്കുള്ള പ്രവേശന കവാടവും സ്റ്റേഷനു മുൻവശവും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചിരുന്നു.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് പ്രകടനമായി എത്തിയ യുഡിഎഫ് പ്രവർത്തകർ ബാരിക്കേഡ് ഉയർത്തി എറിഞ്ഞത് ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ തലയിലേക്ക് വീണപ്പോൾ.

ഈസ്റ്റ് സ്റ്റേഷൻ കവാടത്തിലേക്കു തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമായി. ഇതിനിടെ ബാരിക്കേഡ് മറിഞ്ഞ് ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിന്റെ തലയിൽ ഇടിച്ചു. പരുക്കേറ്റ ഇദ്ദേഹത്തെ പൊലീസ് ജീപ്പിൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് ആരംഭിച്ചു. 20 മിനിറ്റോളം ലാത്തിച്ചാർജ് നടത്തി.

പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ കൊല്ലാടിനെ പൊലീസ് മർദിക്കുന്നു.

ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ബിനു ചുള്ളിയിൽ, സിജോ ജോസഫ്, ജില്ലാ ജനറൽ സെക്രട്ടറി നിബു ഷൗക്കത്ത്, നിയോജക മണ്ഡലം പ്രസിഡന്റ് രാഹുൽ മറിയപ്പള്ളി, റോബി ഉടുക്കുഴിയിൽ, പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോൺ കൊല്ലാട്, വിജയപുരം പഞ്ചായത്ത് മുൻ അംഗം ജോർജ് എം. ഫിലിപ് തുടങ്ങിയവർക്കാണു പരുക്കേറ്റത്.

പരുക്കേറ്റ ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.

ലാത്തിയടിയേറ്റിട്ടും പിന്തിരിയാതെ നിന്ന സിബി ജോൺ കൊല്ലാടിനെയും ജോർജ് എം.ഫിലിപ്പിനെയും പൊലീസ് പലതവണ വളഞ്ഞിട്ട് അടിച്ചു. കണ്ണീർവാതക പ്രയോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായി. അദ്ദേഹം ജില്ലാ ആശുപത്രിയിൽ പരിശോധന നടത്തി മടങ്ങി.  സംഘർഷത്തിനു ശേഷം പ്രകടനമായി മടങ്ങിയ പ്രവർത്തകർ ബസേലിയസ് കോളജിനു സമീപം പൊലീസ് ജീപ്പ് തടഞ്ഞു. ഇതോടെ വൻ പൊലീസ് സംഘം  പാഞ്ഞെത്തി. ലാത്തിവീശി പ്രവർത്തകരെ ഓടിച്ചു.

ലാത്തിച്ചാർജിൽ പരുക്കേറ്റ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോ ജോസഫിനെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.

കാൽനട യാത്രക്കാരെയും പൊലീസ് വിരട്ടിയോടിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ബോർഡുകൾ പ്രവർത്തകർ നശിപ്പിച്ചു. പരുക്കേറ്റ  പി കെ.വൈശാഖിനെയും രാഹുൽ മറിയപ്പള്ളിയെയും രാത്രി വൈകി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വൈശാഖിന്റെ കൈയ്ക്ക് പൊട്ടലുണ്ട്.ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.   

കോട്ടയത്ത് പൊലീസ് ലാത്തി വീശിയപ്പോൾ സഹപ്രവർത്തകനെ രക്ഷിക്കാനായി പിടിച്ചുമാറ്റുന്ന യുഡിഎഫ് പ്രവർത്തക.

എംഎൽഎമാരായ   പി.സി.വിഷ്ണുനാഥ്, മാണി സി.കാപ്പൻ, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി.ജോസഫ്, കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി.തോമസ്, യുഡിഎഫ് ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ, സലിം പി.മാത്യു,  ടോമി കല്ലാനി, പി.എം.സലിം, തമ്പി ചന്ദ്രൻ, വി.ജെ.ലാലി, ഫിലിപ് ജോസഫ്, പ്രിൻസ് ലൂക്കോസ്, ജോഷി ഫിലിപ്, അജീസ് ബെൻ മാത്യൂസ്, അജിത്ത് മുതിരമല, ജി. ഗോപകുമാർ, മോഹൻ കെ.നായർ, കുര്യൻ പി.കുര്യൻ, തോമസ് കല്ലാടൻ, എസ്.രാജീവ്, മാത്തുക്കുട്ടി പ്ലാത്താനം, ഫിൽസൺ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS