ADVERTISEMENT

കുമരകം ∙ പഞ്ചായത്തിൽ ഈ വർഷം 2000 ഏക്കറിൽ വിരിപ്പുകൃഷി ഇറക്കും.. മൂലേപ്പാടം തെക്ക്, മൂലേപ്പാടം വടക്ക്, ഇടവട്ടം,കൊല്ലകേരി, പുതിയാട് പൂങ്കശേരി, ഇളംകുളത്തുകാട്, പടിഞ്ഞാട്ടുകാട്, നൂറ്റൻപത് പാടം, കുറിയമട, മൂലേപ്പാടം തൊട്ടിച്ചിറ ബ്ലോക്ക്, വാരിക്കാട്, പാറേക്കാട്,തെക്കേപ്പള്ളിപ്പാട്,വടക്കേപ്പള്ളിപ്പാടം എന്നീ പാടശേഖരങ്ങളിലാണു വിരിപ്പു കൃഷി ഇറക്കുന്നത്.

നെൽവിത്ത് റെഡി

വിതയ്ക്കുള്ള നെൽവിത്ത് 50 ശതമാനം സബ്സിഡി നിരക്കിൽ കർഷകർക്ക് നൽകും. നാഷനൽ സീഡ്സ് കോർപറേഷൻ ഈ വർഷം വിത്തിന്റെ വില കുറച്ചത് കർഷകർക്ക് ആശ്വാസമായി. കഴിഞ്ഞ പുഞ്ചക്കൃഷിക്ക് വരെ കിലോയ്ക്ക് 41 രൂപ നിരക്കിലാണു നെൽവിത്ത്  നൽകിയിരുന്നത്. 20. 50 രൂപ സബ്സിഡി കുറച്ചുള്ള പണം കർഷകർ നൽകിയിരുന്നത്. ഇത്തവണ കിലോയ്ക്ക് 39 രൂപയായി കുറച്ചു. സബ്സിഡി 19.50 രൂപ കുറച്ച് ഇത്തവണ കർഷകർ അടച്ചാൽ മതിയാകും. കൃഷിഭവനിൽ നിന്നു കർഷകർ പെർമിറ്റ് വാങ്ങി ബാങ്കിൽ നൽകിയാണു വിത്ത് വാങ്ങുന്നത്. സർവീസ് സഹകരണ ബാങ്കിൽ കർഷകർക്ക് നൽകുന്നതിനായി 100 ടൺ നെൽവിത്താണ് ആദ്യ ഘട്ടം എത്തിയിരിക്കുന്നത്.

വിത ഒരുക്കം

വിരിപ്പു കൃഷി ഇറക്കുന്ന പാടശേഖരങ്ങളിലെ മോട്ടർ സ്ഥാപിക്കുന്നതും വെള്ളം വറ്റിക്കുന്നതും ആയ ജോലികളാണു നടന്നു വരുന്നത്. പാടശേഖരങ്ങൾക്കു വള്ളം വറ്റിച്ച് വിത ജോലികളെല്ലാം തീർത്താണ് വിത്ത് എറിയുന്നത്. പുറം ബണ്ട് ബലപ്പെടുത്തുകയെന്നതാണ് കർഷകർക്കുള്ള വെല്ലുവിളി. വെള്ളപ്പൊക്ക സാധ്യത ഉള്ളതിനാൽ പുറം ബണ്ട് ബലപ്പെടുത്തുകയാണു കൃഷി ഇറക്കുന്നതിനു ആദ്യം കർഷകർ ചെയ്യേണ്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം പല പാടശേഖരങ്ങൾക്കും പുറംബണ്ട് ബലപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.

കർഷകർക്ക് സമ്മാനം

പുതിയതായി വിരിപ്പു(വർഷക്കൃഷി) കൃഷി ഇറക്കുന്ന കർഷകർക്ക് കൃഷി വകുപ്പിന്റെ പ്രോത്സാഹന സമ്മാനം. ഹെക്ടറിനു 10,000 രൂപയാണു സമ്മാനം. 5 വർഷം പുഞ്ചക്കൃഷി മാത്രം ഇറക്കിയ പാടശേഖരം വിരിപ്പുകൃഷിയിലേക്കു കടക്കുമ്പോഴാണു പ്രോത്സാഹന സമ്മാനം ലഭിക്കുക. വിരിപ്പുകൃഷി ഇറക്കുന്നതിനു കർഷകർക്ക് ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടും മറ്റു പ്രയാസങ്ങളും കണക്കിലെടുത്താണു കർഷകർക്ക് സമ്മാനം നൽകുന്നത്. ഇതുവഴി കൂടുതൽ പാടശേഖരങ്ങളെ വിരിപ്പു കൃഷിയിലേക്ക് ഇറക്കുക എന്ന ഉദ്ദേശവും കൃഷിവകുപ്പിന് ഉണ്ടെന്ന് കൃഷി ഓഫിസർ ബി. സുനാൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com