ADVERTISEMENT

കോട്ടയം ∙ ഇലക്ട്രിക് വാഹനങ്ങൾക്കായി നഗരത്തിൽ  3 ചാർജിങ് കേന്ദ്രങ്ങളും 51 വൈദ്യുത പോസ്റ്റുകളിലെ ചാർജിങ് പോയിന്റുകളും ജൂലൈ 2ന് പ്രവർത്തിച്ചു തുടങ്ങും. ശാസ്ത്രി റോഡിലെ ബേക്കർ ഹിൽ റോഡിനു സമീപം ഈസ്റ്റ് സെക്‌ഷൻ ഓഫിസ് വളപ്പ്, ഗാന്ധിനഗർ - മെഡിക്കൽ കോളജ് റോഡരികിൽ ഗാന്ധിനഗർ സെക്‌ഷൻ ഓഫിസ് വളപ്പ്, എംസി റോഡിൽ പള്ളം കെഎസ്ഇബി ഓഫിസ് വളപ്പ് എന്നിവിടങ്ങളിലാണ് ചാർജിങ് കേന്ദ്രങ്ങൾ സജ്ജമായത്. ജില്ലയിലെ ആദ്യ കേന്ദ്രങ്ങളാണിത്. ഇവിടെ കാറുകൾ ചാർജ് ചെയ്യാൻ കഴിയുന്ന കേന്ദ്രങ്ങളാണ്. ഓരോ സമയം 3 കാറുകൾ ചാർജ് ചെയ്യാനാവും. കിയോസ്ക് ഒന്ന് അതിവേഗ ചാർജിങ് സംവിധാനം ആണ്.

അതിവേഗ ചാർജിങ്ങിന് ഒരു മണിക്കൂർ

60 കെ ഡബ്ല്യു എ ട്രാൻസ്ഫോമർ ഉപയോഗിച്ചാണ് അതിവേഗ ചാർജിങ്. വേഗ ചാർജിങ് കിയോസ്ക് ഒരു മണിക്കൂർ കൊണ്ട് ഒരു കാറിന് പൂർണമായും ചാർജ് നിറയ്ക്കാൻ കഴിയും. 30 കെ ഡബ്ല്യു എ വൈദ്യുതി ചാർജ് ചെയ്യാൻ കഴിയുന്ന 2 കിയോസ്കുകൾ ഉണ്ടാകും. ഇതിൽ ചാർജ് പൂർണമായും നിറയ്ക്കാൻ 5 മണിക്കൂർ വരെ  വേണ്ടിവരും. 

വൈദ്യുത പോസ്റ്റുകളിലും ചാർജിങ് പോയിന്റുകൾ

ജില്ലയിൽ 56 സ്ഥലങ്ങളിൽ വൈദ്യുത പോസ്റ്റുകളിലാണ് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നത്. ഇതിൽ 51 എണ്ണമാണ് ജൂലൈ 2 മുതൽ പ്രവർത്തിച്ചു തുടങ്ങുന്നത്. ഇതിൽ ഓട്ടോറിക്ഷകളും സ്കൂട്ടറുകളും ചാർജ് ചെയ്യാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അവശ്യ ഘട്ടങ്ങളിൽ കാറുകളും ചാർജ് ചെയ്യാം. സ്കൂട്ടറുകളും ഓട്ടോറിക്ഷകളും പൂർണമായും ചാർജാകാൻ 5 മണിക്കൂർ വേണ്ടിവരും 2 സ്വകാര്യ ഏജൻസികളാണ് പണം ഈടാക്കുന്നത്.

ഒരു യൂണിറ്റിന് 10 രൂപ പ്രകാരമാണ്  ഈടാക്കുക. സംവിധാനമുള്ള ചാർജിങ്ങിന് യൂണിറ്റിന് 10 രൂപ ഈടാക്കുമ്പോൾ വേഗ ചാർജിങ്ങിന് നിരക്ക് കൂടും. പ്രവർത്തനം ആരംഭിച്ച ജില്ലകളിൽ വേഗ ചാർജിങ്ങിന് യൂണിറ്റിനു 15 രൂപ പ്രകാരമാണ് ഈടാക്കുന്നത്. മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്ത് ഡിജിറ്റലായി പണം അടയ്ക്കാം.

കണ്ണൂരും പാലക്കാട്ടും പ്രവർത്തനം  ആരംഭിച്ചു

കണ്ണൂരിൽ 89 സ്ഥലങ്ങളിലും പാലക്കാട് 87 സ്ഥലങ്ങളിലുമാണ് വൈദ്യുത പോസ്റ്റുകളിലെ ചാർജിങ് പോയിന്റ് പ്രവർത്തിച്ചു തുടങ്ങിയത്.കോട്ടയത്ത് 51 കേന്ദ്രങ്ങളിൽ പ്രവർത്തന സജ്ജമായി. പത്തനംതിട്ടയിൽ 33 കേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് 141 കേന്ദ്രങ്ങളിലും പോസ്റ്റുകളിലെ ചാർജിങ് കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com