കോട്ടയം ∙ രണ്ടു ദിവസങ്ങളിലായി കോട്ടയം നഗരത്തിലുണ്ടായ പ്രതിഷേധ സമരങ്ങളുടെ ഭാഗമായി അറസ്റ്റിലായ 5 യുഡിഎഫ് നേതാക്കളെ റിമാൻഡ് ചെയ്തു. 5 ഡിവൈഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷൻജാമ്യത്തിൽ വിട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് കലക്ടറേറ്റ് മാർച്ചിനിടെ സംഘർഷത്തിന്റെ പേരിലാണ് 5 യുഡിഎഫ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കോട്ടയം ഡിവൈഎസ്പി, ഈസ്റ്റ് സിഐ എന്നിവർക്കും ഒട്ടേറെ യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റിരുന്നു.
അറസ്റ്റിലായ 5 പേരുൾപ്പെടെ 19 പേർക്ക് എതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന മറ്റ് 81 പേർക്ക് എതിരെയും കേസുണ്ട്. ആകെ 100 കോൺഗ്രസ് പ്രവർത്തകർക്ക് എതിരെയാണ് കേസ്. കെപിസിസി നിർവാഹക സമിതിയംഗം ജെയ്ജി പാലയ്ക്കലോടി, യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് സാം കെ.വർക്കി, വി.കെ.അനിൽകുമാർ, മുസ്‌ലിം ലീഗ് പ്രവർത്തകൻ അൻസാരി കുമാരനല്ലൂർ, പുതുപ്പള്ളി പഞ്ചായത്തംഗം വർഗീസ് ചാക്കോ എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
അന്യായമായി സംഘം ചേർന്നുള്ള ആക്രമണം, പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിക്കു തടസ്സം വരുത്തുക. മാരകായുധങ്ങളുമായി പൊലീസുകാരെ ആക്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇവരെ ഇന്നലെ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ ആക്രമണം നടത്തിയ കേസിലാണ് 5 ഡിവൈഎഫ്ഐ നേതാക്കളെ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ടാലറിയാവുന്ന മറ്റ് 20 പേർക്ക് എതിരെയും കേസുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.മിഥുൻ (അമ്പിളി), സിപിഎം തിരുവാതുക്കൽ ലോക്കൽ സെക്രട്ടറി അഭിലാഷ് ആർ. തുമ്പയിൽ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം വിഷ്ണു, മുൻ ജില്ലാ പ്രസിഡന്റ് കെ.ആർ.അജയ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി സംഘം ചേരുക, കോൺഗ്രസ് പ്രകടനത്തിനു നേരെ കല്ലെറിയുക തുടങ്ങിയ കേസുകളാണ് ഇവർക്ക് എതിരെ ചുമത്തിയത്.
നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് കോൺഗ്രസ് ധർണ
കോട്ടയം ∙ രാഹുൽ ഗാന്ധിയുടെ എംപി ഓഫിസ് ആക്രമണത്തിലും സമരക്കാർക്ക് എതിരെ കള്ളക്കേസ് എടുത്തുന്നതിലും പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസ് എല്ലാ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും ധർണ നടത്തും. രാവിലെ 10നാണു ധർണ.