ADVERTISEMENT

ചങ്ങനാശേരി ∙ തുരുത്തി - മുളയ്ക്കാംതുരുത്തി റോഡിന്റെ വശങ്ങളിലെ ഓടകളുടെ ഭാഗത്തുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ വൈകുന്നു. മഴ പെയ്യുന്നതോടെ റോഡിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നെന്ന പരാതിയുമായി നാട്ടുകാർ. ബിഎം ആൻഡ് ബിസി നിലവാരത്തിൽ റോഡ് നവീകരിക്കുന്ന ജോലികൾ പുരോഗമിക്കുന്നുണ്ടെങ്കിലും വശങ്ങളിലെ ഓടകളുടെ നിർമാണം പലയിടത്തും നിർത്തി വച്ചിരിക്കുകയാണ്. 

ഓടകളുടെ ഭാഗത്തുള്ള വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ വൈകുന്നതിനാലാണ് ജോലികൾ നിർത്തിയതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിലവിൽ വൈദ്യുത പോസ്റ്റുകൾ ഉള്ള ഭാഗം ഒഴിവാക്കിയാണ് ഓടയുടെ നിർമാണ ജോലികൾ നടത്തുന്നത്. മഴ പെയ്യുമ്പോൾ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതിനാൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് യാത്രാദുരിതം കൂടുതൽ വർധിപ്പിക്കുന്നു. ഓടയുടെ നിർമാണം പൂർത്തിയാകാത്ത ഭാഗങ്ങളിൽ റോഡിൽ മെറ്റൽ നിരത്തുന്ന ജോലികളും തടസ്സപ്പെട്ടിരിക്കുകയാണ്. 

റോഡിന്റെ വശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് വീട്ടുമുറ്റത്തേക്ക് വാഹനം കയറ്റാനോ ഇറക്കാനോ കഴിയുന്നില്ലെന്നും പരാതിയുണ്ട്. കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് തുരുത്തി ഡവലപ്മെന്റ് ആൻഡ് കൾചറൽ സൊസൈറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജോയ് പ്ലാത്താനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ബാബുരാജ്, ജോർജ് ഇല്ലിപ്പറമ്പിൽ, ഗിരീഷ് കണ്ണമാലിൽ, കുഞ്ഞുമോൻ പുത്തൻപുരയ്ക്കൽ, ജോബി അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. വൈദ്യുതി പോസ്റ്റുകൾ മാറ്റിയിടുന്നതിന് കെഎസ്ഇബിയിൽ പണം അടച്ചിട്ടുണ്ടെന്നും ജോലികൾ താമസിയാതെ ആരംഭിക്കാൻ കഴിയുമെന്നുമാണ് കെഎസ്ടിപി അധികൃതർ നൽകുന്ന വിശദീകരണം. 

നിർമാണ ജോലികളുടെ ആരംഭഘട്ടത്തിൽ നിലവിലെ പോസ്റ്റുകൾ വശങ്ങളിലേക്ക് മാറ്റിയിടാൻ നടപടി സ്വീകരിച്ചിരുന്നെങ്കിലും റോഡിന്റെ ഉയരക്കൂടുതൽ കണക്കിലെടുത്ത് ഉയരം കൂടിയ പോസ്റ്റുകൾ സ്ഥാപിക്കണമെന്നും കെഎസ്ഇബി നിർദേശം നൽകിയിരുന്നു. വീണ്ടും ഫയലുകൾ സമർപ്പിച്ച് അനുമതി തേടേണ്ടി വന്നതിനാലാണ് ജോലികൾ വൈകുന്നതെന്നും ഇവർ വിശദീകരിച്ചു. കെഎസ്ഇബിയുടെ മേൽനോട്ടത്തിൽ കെഎസ്ടിപി ചുമതലപ്പെടുത്തിയ കരാറുകാരുടെ നേതൃത്വത്തിൽ പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കുമെന്നും കെഎസ്ടിപി അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com