33 കോടി രൂപയുടെ ബാധ്യത; ട്രാവൻകൂർ സിമന്റ്സിന് ജപ്തി നോട്ടിസ്

SHARE

കോട്ടയം ∙ പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ജപ്തി ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. റവന്യു റിക്കവറി ഡപ്യൂട്ടി കലക്ടർ ജപ്തി നോട്ടിസ് ട്രാവൻകൂർ സിമന്റ്സ് അധികൃതർക്ക് കൈമാറി.പാട്ടക്കുടിശിക, നികുതിക്കുടിശിക, വിരമിച്ച ജീവനക്കാർക്കു നൽകാനുള്ള ആനുകൂല്യം എന്നിവയടക്കം 33 കോടിയോളം രൂപയുടെ ബാധ്യതയാണ് ഇപ്പോൾ സ്ഥാപനത്തിനുള്ളത്.

2010 മുതൽ പാട്ടക്കുടിശിക വരുത്തിയിട്ടുണ്ട്. 56 ഏക്കറാണ് ട്രാവൻകൂർ സിമന്റ്സിനായി നാട്ടകം വില്ലേജിൽ പാട്ടത്തിനു നൽകിയിരിക്കുന്നത്. 16 കോടി രൂപ കുടിശിക ഇനത്തിൽ മാത്രം കൊടുക്കാനുണ്ട്. മൂല്യവർധിത നികുതി ഇനത്തിൽ യഥാർഥ തുകയിൽ നിന്നു കുറച്ചാണ് ട്രാവൻകൂർ സിമന്റ്സ് സർ‌ക്കാരിലേക്ക് അടച്ചത്. ഈ ഇനത്തിൽ 3 കോടി രൂപ കൂടി അടയ്ക്കാനുണ്ട്. വിരമിച്ച ജീവനക്കാർക്കു നൽകാനുള്ള ആനൂകൂല്യങ്ങൾക്കായി 6 കോടിയോളം കണ്ടെത്തണം. ഇതിനു പുറമേയുള്ള ബാധ്യതകൾ വേറെ.

2010 മുതലുള്ള ബാധ്യതയാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നു ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ് പറ‍ഞ്ഞു. സർക്കാരിന്റെ സഹായം തേടി മുഖ്യമന്ത്രി, വ്യവസായ മന്ത്രി, റവന്യു മന്ത്രി എന്നിവരെ സമീപിച്ചിട്ടുണ്ട്. റവന്യു വകുപ്പിൽ നിന്നുള്ള ജപ്തി നടപടികൾക്കു സ്റ്റേ കിട്ടാനാണ് ആദ്യത്തെ ശ്രമം. കഴിഞ്ഞ വർഷം മികച്ച പ്രവർത്തനം നടത്തി നഷ്ടത്തിൽ നിന്ന് 83 ലക്ഷം രൂപ കുറയ്ക്കാൻ സാധിച്ചെന്നും ചെയർമാൻ പറഞ്ഞു.

ട്രാവൻകൂർ സിമന്റ്സ്

1946ൽ രൂപീകൃതമായ ട്രാവൻകൂർ സിമന്റ്സ് ലിമിറ്റഡ് ഇപ്പോൾ സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണ്. എംസി റോഡിൽ നാട്ടകത്താണു സ്ഥിതി ചെയ്യുന്നത്. വേമ്പനാട് വൈറ്റ് സിമന്റിന്റെ പേരിലാണ് ട്രാവൻകൂർ സിമന്റ്സ് അറിയപ്പെടുന്നത്. ഇതു കൂടാതെ വോൾപുട്ടിയും ഇപ്പോൾ നിർമിക്കുന്നുണ്ട്. 200 ജീവനക്കാരുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS