കുമരകം ∙ ‘ഗാക്’ ഫ്രൂട്ടിന്റെ തിളക്കത്തിൽ ഐസക്കും അന്നയും. സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിൽ 75 വയസ്സ് മുതലുള്ളവരുടെ മത്സരത്തിൽ ഉൾപ്പെടെ ഒട്ടേറെ സ്വർണ മെഡൽ നേടി ഐസക്കും അന്നയും നട്ട് വളർത്തിയ ഗാക് ഫ്രൂട്ട് ചെടിയിൽ കായ്കൾ ഉണ്ടായ സന്തോഷത്തിലാണ് ഇരുവരും. ഔഷധ ഗുണങ്ങളേറെയുള്ള സ്വർഗത്തിലെ കനി എന്നറിയപ്പെടുന്ന ഗാക് ഫ്രൂട്ട് കുമരകത്തും വിളയിച്ച് താരമായിരിക്കുകയാണ് ആപ്പിത്തറ അനി നിവാസിൽ ഐസ്ക്കും(76) അന്നയും(75).
മകൻ ഐമേഷിന്റെ സുഹൃത്ത് നൽകിയ ഗാക് ഫ്രൂട്ടിന്റെ വിത്ത് പാകി കിളിർപ്പിച്ചെങ്കിലും കായ് ഉണ്ടായില്ല. തുടർന്നു മറ്റൊന്നു കൂടി നട്ടു വളർത്തി. പരാഗണം നടന്നതോടെ ആദ്യത്തെ ചെടിയിൽ കായ്ഫലം ഉണ്ടായിത്തുടങ്ങി. 4 സെന്റ് സ്ഥലത്താണ് വീടും ഗാക് ഫ്രൂട്ട് കൃഷിയും. ഇവർ ഗാക് കൃഷി ആരംഭിച്ചിട്ട് ഒരു വർഷത്തിലേറെയായി. ആറാം മാസം മുതൽ ഗാക് പഴങ്ങൾ ധാരാളം ലഭിച്ചെങ്കിലും ഇതിന്റെ വിപണി കണ്ടെത്താൻ ഇവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല.
കായിൽ നിന്നു വിത്തും ചെടികളും ഉൽപാദിപ്പിച്ച് വിൽക്കാനാണു ഇവരുടെ തീരുമാനം. ഇല കറിക്ക് ഉത്തമം ആണെന്ന് റിട്ട. അധ്യാപിക കൂടിയായ അന്ന പറയുന്നു. നെതർലൻഡ്സ്, വിയ്റ്റനാം എന്നിവിടങ്ങളിൽ ധാരാളമായി കൃഷി ചെയ്യുന്ന ഗാക് ഫ്രൂട്ട് കുമരകത്തും വിളയുമെന്നു കുമരകത്തെത്തുന്ന വിദേശ വിനോദസഞ്ചാരികളെ കാട്ടിക്കൊടുക്കുമെന്നു റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കൂടിയായ ഐസക്ക് പറഞ്ഞു.