ADVERTISEMENT

കുമരകം ∙ പോളയെ തോൽപിക്കാൻ ഇനിയും ആർക്കും കഴിഞ്ഞിട്ടില്ല. കായൽ നിറയെ പോള വർധിക്കുന്നു. ഇവ തോടുകളിലേക്കും കയറുന്നു. തോടുകളിലേക്കു പോള കയറാതിരിക്കാൻ പഞ്ചായത്ത് പഠിച്ച പണി പതിനെട്ടും നടത്തിയിട്ടും ഇവയെ എല്ലാം മറികടന്നു പോള ബോട്ട് ജെട്ടി തോട്ടിലേക്ക് കയറുന്നു. പോള കയറാതിരിക്കാൻ കായൽ ഭാഗത്ത് കുറ്റികൾ നാട്ടി മുളകൾ വച്ചിരുന്നു. ഇവയൊന്നും ഇപ്പോൾ അവിടെ ഇല്ല. കായൽ തൊഴിലാളികൾക്കും ടൂറിസം മേഖലയ്ക്കും പോള വില്ലനായി മാറിയിരിക്കുകയാണ്. തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്നതിനാൽ ഒഴുക്കുണ്ട്. 

വേലിയേറ്റ സമയത്ത് കായലിൽ നിന്നു പോള തോട്ടിലേക്കു കയറുകയാണ്. ഇതോടെ ജല വാഹനങ്ങളെല്ലാം പോളയിൽ കുടുങ്ങുന്നു. വള്ളത്തിൽ കായലിൽ പണിക്കു പോയ തൊഴിലാളികൾക്ക് കരയ്ക്കു അടുക്കാൻ പല ദിവസങ്ങളിലും കഴിയാതെ വരുന്നു. വിനോദ സഞ്ചാരികളുമായി പോകുന്ന ഹൗസ് ബോട്ട് ഉൾപ്പെടെ ഉള്ളവയും പോളയിൽ കുടുങ്ങിക്കിടക്കുന്നു തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ തുറന്ന് ഉപ്പ് വെള്ളം എത്തുമ്പോൾ പോള നശിക്കാറുണ്ടെങ്കിലും ഇത്തവണ അത് കാര്യമായി സംഭവിച്ചില്ല. വെള്ളത്തിൽ ഉപ്പിന്റെ അംശം കുറവായതാണ് പോള നശിക്കാത്തതെന്ന് നാട്ടുകാർ പറഞ്ഞു.

മത്സ്യത്തൊഴിലാളികളെ ദുരിതത്തിലാക്കി വേമ്പനാട്ടുകായലിലെ തീരത്ത് അടിഞ്ഞുകൂടിയ പോളയും പായലും.

വേമ്പനാട്ട് കായലിലെ പോളശല്യം; മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ

വൈക്കം ∙ വേമ്പനാട്ട് കായലിലെ പോളശല്യം മൂലം മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ. കായൽത്തീരങ്ങളിൽ പോളയും പായലും അടിഞ്ഞതോടെ മീൻപിടിക്കാൻ പറ്റാത്ത സാഹചര്യമാണ്. വല വീശാൻ പോകുന്ന മത്സ്യത്തൊഴിലാളികൾ തിങ്ങിനിറഞ്ഞ പായലിനിടയിലൂടെ ഏറെ സാഹസികമായാണു വള്ളം കൊണ്ടുപോകുന്നത്. വീശുവലയിൽ പായൽ അടിയുന്നതോടെ മത്സ്യം കിട്ടാത്ത സാഹചര്യമാണ്. വലയിൽ നിന്നു പായൽ നീക്കം ചെയ്യാൻ ഏറെ പാടുപെടേണ്ടിവരുന്നു. വലയുടെ കണ്ണികൾ പൊട്ടി നശിക്കുന്നതായും തൊഴിലാളികൾ പറയുന്നു. 

കായലിൽ കക്ക വാരുന്ന തൊഴിലാളികൾ മുങ്ങിപ്പൊങ്ങുമ്പോൾ പായൽക്കൂട്ടം ഒഴുകി തലയ്ക്കു മുകളിൽ എത്തുന്നതു പലപ്പോഴും അപകടഭീഷണി ഉണ്ടാക്കുന്നതായി തൊഴിലാളികൾ പറഞ്ഞു. ജലഗതാഗതത്തിനും പോളയും പായലും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. വള്ളത്തിൽ ഘടിപ്പിച്ചിരിക്കുന്ന യന്ത്രത്തിന്റെ പങ്കയിൽ പായൽ ചുറ്റി തകരാറിലാകുന്നതും പതിവാണ്.

ശിവദാസ് നാരായണൻ (ധീവരസഭ ജില്ലാ പ്രസിഡന്റ്)

"പോളയും പായലും നീക്കം ചെയ്യാൻ വിവിധ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെങ്കിലും നടപ്പാക്കാൻ അധികൃതർ തയാറാകുന്നില്ല. പായൽ രൂക്ഷമാകുന്നതു മത്സ്യങ്ങളുടെ പ്രജജനം ഇല്ലാതാക്കി മത്സ്യസമ്പത്തിന്റെ ലഭ്യത കുറയ്ക്കും. കായൽത്തീരങ്ങളിൽ അടിഞ്ഞുകൂടിയ പോളയും പായലും നീക്കം ചെയ്യാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണം." 

രഖിൻ രത്നാകരൻ നികർത്തിൽ (കോവിലകത്തുംകടവ്, വൈക്കം)

"വേമ്പനാട്ടു കായലിൽ മുൻകാലങ്ങളെ അപേക്ഷിച്ച് മത്സ്യസമ്പത്ത് കുറഞ്ഞു. പായൽശല്യം രൂക്ഷമായതോടെ മത്സ്യബന്ധനം നടത്താൻ ഉപയോഗിക്കുന്ന വലകളും മറ്റും നശിക്കുന്ന സാഹചര്യമാണ്. അധ്വാനം കൂടി സമ്പത്ത് കുറയുന്ന അവസ്ഥയാണ് ഇതിന് അടിയന്തര നടപടി സ്വീകരിക്കണം." 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com