ADVERTISEMENT

കുറവിലങ്ങാട് ∙തോട്ടുവാ കാളിയാർതോട്ടം ഭാഗത്തു പശുവളർത്തൽ ഫാമിന്റെ മറവിൽ പ്രവർത്തിച്ചുവന്ന കേന്ദ്രത്തിൽ നിന്നു വൻതോതിൽ പുകയില ഉൽപന്നങ്ങൾ പൊലീസ് പിടിച്ചെടുത്തു. 300 കിലോഗ്രാമിലധികം പായ്ക്ക് ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ബാക്കി പൊടി രൂപത്തിലുള്ള ഉൽപന്നം നിർമിക്കാനുള്ള അസംസ്കൃത വസ്തുക്കളാണ്. ഇവയ്ക്കു ലക്ഷക്കണക്കിനു രൂപ വില വരുമെന്ന് പൊലീസ് കരുതുന്നു. 

   പുകയില ഉൽപന്ന നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്ന ഷെഡ്.
പുകയില ഉൽപന്ന നിർമാണ കേന്ദ്രം പ്രവർത്തിച്ചിരുന്ന ഷെഡ്.

പാക്കിങ് യന്ത്രം ഉൾപ്പെടെ സജ്ജീകരിച്ചു വൻതോതിൽ ഉൽപന്നങ്ങൾ നിർമിക്കുന്നിടത്താണ് ആന്റി നർകോട്ടിക് സെൽ, കുറവിലങ്ങാട് പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ  റെയ്ഡ് നടത്തിയത്.   കേന്ദ്രം നടത്തിപ്പുകാരായ അതിരമ്പുഴ പടിഞ്ഞാറ്റിൻഭാഗം ചുക്കനായിൽ ജഗൻ ജോസ് (30), അതിരമ്പുഴ കുമ്മനത്ത് വീട്ടിൽ ബിബിൻ വർഗീസ് (36) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 

പാക്കിങ് യന്ത്രം വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ് പരിശോധിക്കുന്നു.
പാക്കിങ് യന്ത്രം വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ് പരിശോധിക്കുന്നു.

ഇവർ  ഒളിവിലാണെന്നും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.  പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

റെയ്ഡിന് വൻ പൊലീസ് സംഘം

വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, നർകോട്ടിക് സെൽ ഡിവൈഎസ്പി എം.എം.ജോസ്, കുറവിലങ്ങാട് എസ്എച്ച്ഒ നിർമൽ ബോസ്, ആന്റി നർകോട്ടിക് സെൽ എസ്ഐ സജീവ് ചന്ദ്രൻ, സ്ക്വാഡ് അംഗങ്ങളായ ശ്രീജിത്ത്.പി.നായർ, തോംസൺ.കെ.മാത്യു, കെ.ആർ..അജയകുമാർ,എസ്.അരുൺ, വി.കെ.അനീഷ്,ഷെമീർ സമദ്, കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ എസ്ഐമാരായ സദാശിവൻ, അനിൽകുമാർ,തോമസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

പൊടിക്കാനും പാക്കിങ്ങിനും യന്ത്രങ്ങൾ

പശുവളർത്തൽ ഫാമിലെ ഷെഡിനോടു ചേർന്നുള്ള മുറിയിലാണ് പാക്കിങ് യന്ത്രം ഉൾപ്പെടെ സജ്ജീകരിച്ചത്. മുറിക്കുള്ളിൽ ഹാൻസ് എന്ന പേരിൽ നിരോധിത ഉൽപന്നം പായ്ക്ക് ചെയ്യുന്നതിനുള്ള യന്ത്രം, പ്ലാസ്റ്റിക് ചാക്ക് തുന്നുന്ന യന്ത്രം എന്നിവ കണ്ടെത്തി. അസംസ്കൃത വസ്തുക്കൾ പൊടിക്കാനും പ്ലാസ്റ്റിക് കവറുകൾ നിർമിക്കാനും കവറിൽ ഉൽപന്നത്തിന്റെ പേര് പ്രിന്റ് ചെയ്യാനുമുള്ള സംവിധാനങ്ങളുണ്ട്.  പുകയില നിറച്ച ചാക്കുകൾ, പാക്കറ്റുകളിലാക്കിയ  ഉൽപന്നങ്ങൾ എന്നിവ കണ്ടെത്തി.

വൻ തോതിൽ പുകയിലയും  അസംസ്കൃത വസ്തുക്കളും എത്തിച്ച് ഉൽപന്നം ഉണ്ടാക്കി പായ്ക്ക് ചെയ്ത് വിപണനം നടത്തുകയാണ് ചെയ്തിരുന്നത്. മുൻപ് ഇവിടെ പശുവളർത്തൽ ഫാം പ്രവർത്തിച്ചിരുന്നതാണ് ഈ സ്ഥലം.  കഴിഞ്ഞ വർഷം ജൂണിലാണ് പ്രതികൾ 15,000 രൂപ മാസവാടകയ്ക്ക് ഇതെടുത്തത്.  റബർ തോട്ടത്തിന്റെ നടുവിൽ ആളൊഴിഞ്ഞ സ്ഥലത്താണ് നിർമാണ കേന്ദ്രം. 

പൊലീസ് എത്തുമ്പോൾ ഇവിടെ പശു പ്രസവിച്ചു കിടക്കുകയായിരുന്നു.  നിർമാണ കേന്ദ്രത്തിൽ ആരും ഉണ്ടായിരുന്നില്ല. തീറ്റയും വെള്ളവും ലഭിക്കാതെ അവശനിലയിലായിരുന്ന പശുവിനു പൊലീസാണ് വെള്ളവും മറ്റും നൽകിയത്.  ഫാമാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ്  പശുവിനെ കെട്ടിയിരുന്നതെന്ന് പൊലീസ് കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com