പാമ്പാടിയിൽ ‘വൈറലായി’ പനി; അധിക ഡോക്ടറും കിടത്തിച്ചികിത്സയും അനിവാര്യം

Kottayam News
SHARE

മേഖലയിൽ വൈറൽ പനി പടരുന്നു; ഗവ. താലൂക്ക് ആശുപത്രിയിൽ അധിക ഡോക്ടറും കിടത്തിച്ചികിത്സയും അനിവാര്യം 

പാമ്പാടി ∙ പനിയിൽ വിറങ്ങലിച്ച് പാമ്പാടി. രാത്രി കാലങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന ഗവ. താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം കൂടി അധികമായി ക്രമീകരിക്കാൻ നടപടി വേണമെന്നും ആവശ്യം. വൈറൽ പനി മേഖലയുടെ വിവിധ ഭാഗങ്ങളിൽ പടർന്നിരിക്കുകയാണ് . കോവിഡ് കേസുകളും ഇതിനിടയിൽ ഉണ്ടാകുന്നുണ്ട്. കുട്ടികളിൽ തക്കാളി പനിയും കണ്ടു വരുന്നു. രാത്രി കാലങ്ങളിൽ പനി കൂടിയും മറ്റും ഒട്ടേറെ ആളുകളാണ് താലൂക്ക് ആശുപത്രിയിൽ എത്തിക്കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വൻ തിരക്കാണ് രാത്രിയിൽ അനുഭവപ്പെട്ടത്. അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രം ഉള്ളതിനാൽ ജീവനക്കാരും, രോഗികളായി എത്തുന്നവരും വലയുന്ന സാഹചര്യമുണ്ട്. മറ്റ് ജീവനക്കാരെ അത്യാഹിത വിഭാഗത്തിൽ കൂടുതലായി നിയമിച്ചിട്ടുണ്ട്. 

കിടത്തിച്ചികിത്സ ഉടൻ വേണം

പനി ഗുരുതരമായവരെ കിടത്തിച്ചികിത്സയ്ക്കു മറ്റ് ആശുപത്രികളിലേക്കു കൊണ്ടു പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് സെക്കൻ‌ഡ് ലൈൻ ചികിത്സാ കേന്ദ്രമായിരുന്ന താലൂക്ക് ആശുപത്രിയിൽ മാസങ്ങൾക്കു മുൻപ് ഇത് നിർത്തലാക്കിയെങ്കിലും പഴയ പോലെ ഐപി വിഭാഗം പ്രവർത്തനം തുടങ്ങിയിട്ടില്ല. ശുചിമുറികൾ ഉപകരണങ്ങൾ മാറ്റി നവീകരിക്കുന്നതിനു വേണ്ടിയാണ് ഐപി വിഭാഗത്തിന്റെ  സേവനം തൽക്കാലം നിർത്തിയിരുന്നത്. 25ൽ പരം ശുചിമുറികൾക്കു അറ്റകുറ്റ പണികൾ നടത്തേണ്ട സാഹചര്യമുണ്ടായിരുന്നു. ഇതിനു വേണ്ടി കരാർ എടുത്ത കരാറുകാരൻ വൻ താമസമാണ് വരുത്തിയത്.

ഇതേ തുടർന്നു ആശുപത്രിയുടെ മേൽനോട്ട ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതർ കരാറുകാരനെ വിളിച്ചു വരുത്തി അടിയന്തരമായി പണികൾ  പൂർത്തിയാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്. ഈ ആഴ്ച തന്നെ പണികൾ പൂർത്തീകരിക്കുമെന്നും കിടത്തി ചികിത്സ വീണ്ടും ആരംഭിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എം.മാത്യു പറഞ്ഞു. ശുചിമുറി ഉപകരണങ്ങൾ എല്ലാം പൂർണമായി നശിച്ചതിനാ‍ൽ ആണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ നവീകരണം തീരുമാനിച്ചത്.

പ്രായമുള്ളവർക്ക് പിടിച്ച് എഴുന്നേൽക്കാൻ ഹാൻഡ് റെയിൽ സംവിധാനം ഉൾപ്പെടെ ക്രമീകരിച്ചാണു ശുചിമുറികൾ നവീകരിക്കുന്നത്. ഐപി വിഭാഗം വീണ്ടും പ്രവർത്തനം തുടങ്ങിയാൽ 75ൽ പരം രോഗികൾക്കു ഇവിടെ കിടത്തിച്ചികിത്സയ്ക്കു സൗകര്യം ലഭിക്കും. 

പ്രസവ വാർഡ് യാഥാർഥ്യമാകും 

ഗവ.താലൂക്ക് ആശുപത്രിയിലെ ദീർഘകാല ആവശ്യമായിരുന്ന പ്രസവ വാർഡിനു പ്രാഥമിക നടപടികൾ തുടങ്ങുന്നു. ഈ സാമ്പത്തിക വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രസവ വാർഡ് നിലവിലുള്ള കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങാനാണ് തീരുമാനം.  30 ലക്ഷം രൂപയോളം ചെലവാണ് പ്രസവ വാർഡിന് പ്രതീക്ഷിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം രൂപ ടോക്കൺ തുകയായി വച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് ഫണ്ടും ഇതിനായി പ്രതീക്ഷിക്കുന്നു.

നടപടികൾ വേഗത്തിൽ ആയാൽ കോട്ടയത്തിനും കാഞ്ഞിരപ്പള്ളിക്കും ഇടയിൽ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന മികച്ച പ്രസവ സൗകര്യമുള്ള ആശുപത്രിയായി ഗവ.താലൂക്ക് ആശുപത്രിയെ ഉയർത്താൻ സാധിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS