ADVERTISEMENT

ആറാട്ടുകുളങ്ങരയ്ക്കു സമീപം പണിയുന്ന തിയറ്ററിന്റെ തറക്കല്ലിടൽ 3നു രാവിലെ 11ന് മന്ത്രി സജി ചെറിയാൻ നിർവഹിക്കും

വൈക്കം ∙ നഷ്ടപ്രതാപം വീണ്ടെടുത്ത് സിനിമാപ്രേമികളുടെ ചിരകാല സ്വപ്നമായ മൾട്ടിപ്ലക്‌സ് സിനിമ തിയറ്റർ എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നേതൃത്വത്തിൽ വൈക്കം ആറാട്ടുകുളങ്ങരയ്ക്കു സമീപം പണിയുന്ന തിയറ്ററിന്റെ തറക്കല്ലിടൽ ജൂലൈ 3നു രാവിലെ 11നു മന്ത്രി സജി ചെറിയാൻ നിർവഹിക്കും. 2019ലാണു വൈക്കത്തു തിയറ്റർ നിർമിക്കാനുള്ള നടപടി ആരംഭിച്ചത്. 

കിഫ്ബിയിൽ നിന്ന് അനുവദിച്ച 14.75 കോടി രൂപ വിനിയോഗിച്ച് വൈക്കം ആറാട്ടുകുളങ്ങര കിളിയാട്ടുനടയിൽ അഗ്നിരക്ഷാസേന ഓഫിസിനു സമീപം നഗരസഭ വിട്ടുനൽകിയ 90 സെന്റ് സ്ഥലത്താണു തിയറ്റർ നിർമിക്കുന്നത്. 80 സെന്റ് തിയറ്റർ സമുച്ചയത്തിനും 10 സെന്റ് റോഡിനുമാണു സ്ഥലം നൽകിയിരിക്കുന്നത്. 30 വർഷത്തേക്കാണു സ്ഥലം കൈമാറിയിരിക്കുന്നത്. 

പ്രതിവർഷം 3.60 ലക്ഷം രൂപ പാട്ടവ്യവസ്ഥയിൽ നഗരസഭയ്ക്കു ലഭിക്കും.ഒന്നര വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കാനാണു ചലച്ചിത്ര വികസന കോർപറേഷന്റെ തീരുമാനം. 380 സീറ്റ്, രണ്ടു തിയറ്ററുകളായി ക്രമീകരിക്കും. ബൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏറ്റവും പുതിയ ഫോർ കെ ലേയ്സർ പ്രോജക്ട് ആണു സജ്ജമാക്കുന്നത്. ആധുനിക സൗണ്ട് സിസ്റ്റവും ഇതിൽ ഉൾപ്പെടും.  തിയറ്റർ നിർമാണവുമായി ബന്ധപ്പെട്ട് ഇന്നലെ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ഷാജി എൻ.കരുണുമായി സി.കെ.ആശ എംഎൽഎ, നഗരസഭാധ്യക്ഷ രേണുക രതീഷ്, ഉപാധ്യക്ഷൻ പി.ടി.സുഭാഷ് തുടങ്ങിയവർ ചർച്ച നടത്തി. 

നിലവിൽ വൈക്കത്തുകാർക്കു സിനിമ കാണണമെങ്കിൽ 8 കിലോമീറ്റർ സഞ്ചരിച്ച് തലയോലപ്പറമ്പിൽ എത്തണം. കാർണിവൽ മൾട്ടിപ്ലക്സ് തിയറ്ററിൽ 3 സ്ക്രീനും നൈസ് തിയറ്ററിൽ ഒരു സ്ക്രീനുമാണുള്ളത്. വർഷങ്ങൾക്കു  മുൻപ് വൈക്കത്ത് മൂന്നു തിയറ്റർ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധിയെത്തുടർന്നു നിർത്തലാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com