ഷോക്ക് അടിച്ചുമോളെ; വരാൻ പോകുന്നത് 350 രൂപയുടെ വരെ അധിക ബാധ്യത

SHARE

കോട്ടയം ∙ വൈദ്യുതി നിരക്കു വർധന ഒരു സാധാരണ കുടുംബത്തിൽ ശരാശരി 50 രൂപയുടെയും അൽപം കൂടി ഉയർന്ന ഇടത്തരം കുടുംബത്തിൽ ശരാശരി 350 രൂപയുടെയും അധിക ബാധ്യത ഉണ്ടാക്കുമെന്നു വൈദ്യുതി വകുപ്പിന്റെ കണക്ക്. ഡ്യൂട്ടി, ഫിക്സഡ് ചാർജ് എന്നിവയും അധികമായി ഉണ്ടാകും.

kottayam-electricity-bill1

വൈദ്യുതി ചാർജ് വർധന ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്നതിനു തുല്യമാണ്. കോവിഡ് മൂലം കടക്കെണിയിലായ വ്യവസായികളെ വീണ്ടും പ്രതിസന്ധിയിലാക്കും. നിലവിൽ ഒരു ലക്ഷം രൂപയാണ് വൈദ്യുതി ചാർജ് ഇനത്തിൽ മാസം നൽകുന്നത്. 10,000 രൂപ കൂടി വർധിക്കും. വ്യവസായികളെ ആകർഷിക്കുമെന്നു പറയുകയും വ്യവസായങ്ങൾ ഇല്ലാതാക്കുകയുമാണു സർക്കാർ ചെയ്യുന്നത്. ഈ നിലപാടു മൂലമാണു സംരംഭങ്ങൾ മറ്റു സംസ്ഥാനങ്ങളിലേക്കു പോകുന്നത്. - പി.സി.രാരിച്ചൻ, സൂപ്പർ ടച്ച് പെയിന്റ് ആൻഡ് പാലയ്ക്കൽ റബേഴ്സ് ഫാക്ടറി.

kottayam-electricity-bill

ഒന്നരക്കോടി രൂപയാണ് പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ 215 യൂണിറ്റുകൾ ചേർന്ന് വൈദ്യുതി ചാർജ് മാസവും അടയ്ക്കുന്നത്. പ്രവർത്തനം നിലച്ച കോവിഡ് കാലത്ത് പോലും 78 ലക്ഷം രൂപ അടച്ചിരുന്നു. കോവിഡിനു ശേഷം ഉണ്ടായ പ്രതിസന്ധിയിൽ നിന്ന് ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ മോചിതരായിട്ടില്ല. വൈദ്യുതി നിരക്ക് വർധന വ്യവസായ യൂണിറ്റുകളെ കടുത്ത പ്രതിസന്ധിയിലാക്കും. - സേവ്യർ തോമസ് കൊണ്ടോട്ടി, എ.വി.അപ്പുക്കുട്ടൻ, പ്രസിഡന്റ്, സെക്രട്ടറി,പൂവന്തുരുത്ത് ഇൻഡസ്ട്രിയൽ അസോസിയേഷൻ

ചെറുകിട കച്ചവടക്കാരെ വൈദ്യുതി ചാർജ് വർധന കാര്യമായി ബാധിക്കില്ല. 1000 വാട്സിൽ താഴെയുള്ള 400 യൂണിറ്റു വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഒരു ബില്ലിൽ ഏകദേശം 50 രൂപയുടെ വർധനയാണ് ഉണ്ടാകുന്നത്. എന്നാൽ വ്യാപാര മേഖല തകർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഇതു ബുദ്ധിമുട്ടുണ്ടാക്കും. - വി.കെ അബ്ദുൽ റഊഫ് വ്യാപാരി, ഈരാറ്റുപേട്ട.

മുൻകാലങ്ങളെ അപേക്ഷിച്ച് അന്തരീക്ഷ താപനില വർധിക്കുന്ന സാഹചര്യത്തിൽ ഫാൻ ഉൾപ്പെടെ ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക പ്രായോഗികമല്ല. വിദ്യാർഥികളുടെ പഠനം ഉൾപ്പെടെ ഒട്ടുമിക്ക കാര്യങ്ങളും ഓൺലൈനിലേക്കു മാറിയതിനാൽ മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയുടെ ഉപയോഗവും കൂടും. ബൾ‍ബുകളും ഫ്രിജും മറ്റും ആവശ്യമില്ലാതെ പ്രവർത്തിപ്പിക്കാറില്ല. എന്നിട്ടും നിലവിൽ രണ്ടായിരത്തിലേറെ രൂപ ബിൽ വരുന്നു. കോവിഡ് പ്രതിസന്ധിയിൽ ഒട്ടുമിക്കയാളുകളുടെയും വരുമാനത്തിൽ ഗണ്യമായ കുറവാണ് ഉണ്ടായത്. പ്രതിമാസ റീഡിങ് എടുക്കുകയാണെങ്കിൽ സ്ലാബ് നിരക്കിൽ കുറവുണ്ടാകും. അതുവഴി ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി ബില്ലിൽ കുറവു വരും. - ജോജി വാളിപ്ലാക്കൽ, കാഞ്ഞിരപ്പള്ളി

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS