ADVERTISEMENT

കോട്ടയം ∙ ദിശാബോധത്തിൽ ഊന്നിയ വൈദിക പരിശീലനം സിറോ മലബാർ സഭയുടെ മിഷനറി വളർച്ചയ്ക്കു നൽകിയ ഊർജം വിലമതിക്കാനാകാത്തതാണെന്ന് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. വടവാതൂർ സെന്റ് തോമസ് അപ്പോസ്തലിക് സെമിനാരിയുടെ വജ്ര ജൂബിലി ആഘോഷങ്ങളുടെയും പൗരസ്ത്യ വിദ്യാപീഠത്തിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെമിനാരിയും പൗരസ്ത്യ വിദ്യാപീഠവും വിദ്യാർഥികൾക്ക് തത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ അറിവു പകർന്നുനൽകുകയാണു ചെയ്യുന്നത്. ഇതു സഭകളുടെ പാരമ്പര്യത്തെയും പൈതൃകത്തെയും കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സഭയ്ക്കും സമൂഹത്തിനും നന്മയും അനുഗ്രഹവും പ്രദാനം ചെയ്യുന്ന സെമിനാരികൾ സഭകളുടെ അഭിമാനമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. നഷ്ടപ്പെട്ടു പോകുന്ന സുറിയാനി പാരമ്പര്യം വീണ്ടെടുക്കാനുള്ള ജാഗ്രത അനിവാര്യമാണെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ പറഞ്ഞു. ‍

ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. കേരള റീജൻ ലാറ്റിൻ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ബിഷപ് ഡോ. ജോസഫ് കരിയിൽ, സെമിനാരി റെക്ടർ ഫാ. ഡോ. സ്കറിയ കന്യാക്കോണിൽ, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, പൂർവവിദ്യാർഥി പ്രതിനിധി ഫാ. ഡോ. ജോർജ് കരോട്ട്, രക്ഷാകർത്താക്കളുടെ പ്രതിനിധി മോളി ജോർജ് പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. എറണാകുളം–അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ, കോട്ടയം അതിരൂപത സഹായ മെത്രാൻ ഗീവർഗീസ് മാർ അപ്രേം എന്നിവർ  പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com