ADVERTISEMENT

കോട്ടയം ∙ ‘‘വലിയ സ്വപ്നങ്ങൾ, വലിയ തടസ്സങ്ങൾ. ശക്തരായ ശത്രുക്കൾ, പോരാട്ടം കൂടുതൽ കഠിനമാണ്’’– ‘കടുവ’ സിനിമയുടെ റിലീസ് ഒരാഴ്ചത്തേക്കു മാറ്റിവച്ചതായി അറിയിച്ച് നടൻ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്. സിനിമ പുറത്തിറങ്ങിയാൽ തനിക്കും കുടുംബത്തിനും അപകീർത്തിയുണ്ടാക്കും എന്നാരോപിച്ച് പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണു റിലീസ് മാറ്റിവച്ചത്.

ഹർജിക്കാരന്റെ ജീവിതമാണു സിനിമയുടെ പ്രമേയം എന്നതാണ് ആരോപണം. കുരുവിനാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണ് താൻ അറിയപ്പെടുന്നതെന്നും സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന പേരിലാണു നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹർജിയിൽ ജോസ് ചൂണ്ടിക്കാട്ടി. ജോസ് പറയുന്നു: ഒരു ഐപിഎസ് ഓഫിസറുമായി ഞാൻ നടത്തിയ നിയമയുദ്ധം അക്കാലത്തു മാധ്യമങ്ങളിലുൾപ്പെടെ വന്നിരുന്നു.

ഇതേ വിഷയത്തിൽ സിനിമ ചെയ്യണമെന്ന ആവശ്യവുമായി തിരക്കഥാകൃത്ത് രൺജി പണിക്കർ ഒരിക്കൽ സമീപിച്ചിരുന്നു.  മോഹൻലാലിനെയോ സുരേഷ് ഗോപിയെയോ നായകനാക്കി ‘വ്യാഘ്രം’ എന്ന പേരിൽ സിനിമ ചെയ്യാമെന്നാണു പറഞ്ഞിരുന്നത്. എന്നാൽ അതു നടന്നില്ല. അതിനു ശേഷമാണു ജിനു വർഗീസ് ഏബ്രഹാം ‘കടുവ’ എന്ന പേരിൽ സിനിമ ഒരുക്കുന്നുവെന്ന് അറിയുന്നത്. ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്.ഞാനും ഈ സിനിമയിലെ കഥാപാത്രവും ക്രിസ്ത്യൻ വിശ്വാസിയും പ്ലാന്ററും ഹോട്ടൽ ഉടമയുമാണ്.

സ്ഥലവും ഇടവകയും തൊഴിലും എല്ലാം ഒരുപോലെ വന്നതും എനിക്കുള്ളതു പോലെ തേനിയിലും പുളിയൻമലയിലും കഥാപാത്രത്തിനും എസ്റ്റേറ്റ് ഉള്ളതും എന്റെ ജീവിതമാണു സിനിമയാക്കിയിരിക്കുന്നത് എന്ന തോന്നലുണ്ടാക്കും. എന്റെ വാഹനമായ ഡബ്ല്യു 123 മോഡൽ ബെൻസ് കാറാണു കഥാപാത്രവും ഉപയോഗിക്കുന്നത്. ഹർജി പരിഗണിച്ച കോടതി ഇക്കാര്യം പരിശോധിച്ചു തീരുമാനമെടുക്കാൻ സെൻസർ ബോർഡിനോടു നിർദേശിക്കുകയായിരുന്നു. ഇതിനു ശേഷമേ സെൻസർ സർട്ടിഫിക്കറ്റ് നൽകാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.

ഇതേ കാരണങ്ങളുന്നയിച്ച് ഡിസംബർ മുതൽ നിരന്തരം കേസുകൾ നൽകുകയാണ്. സിനിമ കാണുകയും തിരക്കഥ പൂർണമായും വായിക്കുകയും ചെയ്ത ശേഷം 2 കോടതികളുടെ അനുകൂല ഉത്തരവുകൾ ഞങ്ങളുടെ കയ്യിലുണ്ട്. ഈ സിനിമയിലും പ്രചോദനം ഉണ്ടായിട്ടുണ്ട്. എന്റെ കഥാപാത്രത്തിന്റെ ആദ്യത്തെ പേര് ഐവർ ഫ്രാൻസിസ് എന്നായിരുന്നു. ഐവാച്ചൻ എന്നു വിളിക്കും. തിരക്കഥ പുരോഗമിക്കുന്ന സമയത്തു ഞാനും ഷാജിയേട്ടനും (ഷാജി കൈലാസ്) പൃഥ്വിരാജും തമ്മിലുള്ള ചർച്ചയ്ക്കിടയിലാണു ഷാജിയേട്ടൻ വർഷങ്ങൾക്കു മുൻപു രൺജി പണിക്കരുമായി പ്ലാൻ ചെയ്ത സിനിമയിലെ കഥാപാത്രത്തിന്റെ പേരു പറഞ്ഞത്. അങ്ങനെ കടുവാക്കുന്നേൽ കുറുവച്ചനിലേക്ക് എത്തുകയായിരുന്നു.  ജിനു ഏബ്രഹാം (‘കടുവ’യുടെ തിരക്കഥാകൃത്ത് )

ഈ സിനിമയിലെ ഒട്ടേറെ ഉദാഹരണങ്ങൾ എന്റെ കക്ഷിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നതാണ്. അങ്ങനെ ഒരു വ്യക്തിയുടെ ജീവിതത്തിലേക്കു വിരൽ ചൂണ്ടുമ്പോൾ അതേ സിനിമയിലെ മറ്റു രംഗങ്ങളും അദ്ദേഹത്തിന്റെ ജീവിതമാണെന്നു വിലയിരുത്തപ്പെടും. സിവിൽ കോടതികളുടെ വിധികളിൽ സ്വാധീനിക്കപ്പെടാതെ സ്വതന്ത്രമായി തീരുമാനമെടുക്കണം എന്നു പ്രത്യേകം ചൂണ്ടിക്കാട്ടിയാണു പരാതി സെൻസർ ബോർഡിനു വിട്ടിരിക്കുന്നത്.  റോഷൻ ഡി. അലക്സാണ്ടർ(ജോസ് കുരുവിനാക്കുന്നേലിന്റെ അഭിഭാഷകൻ)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com