പ്ലാസ്റ്റിക് നിരോധനം: നാളെ മുതൽ കർശന പരിശോധന

Plastic-bag-ban
SHARE

ഏറ്റുമാനൂർ ∙ നാളെ  മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങ‍ൾക്കുള്ള നിരോധനം കർശനമാക്കുമെന്നു തദ്ദേശ സ്ഥാപനങ്ങൾ. വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനയും പിഴ ഈടാക്കലും ശക്തമാക്കും. കോവിഡ് കാലത്ത് നൽകിയിരുന്ന ഇളവുകൾ നാളെ മുതൽ ലഭിക്കില്ല. ഇതേസമയം മുന്നറിയിപ്പുമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും രംഗത്ത് ഇറങ്ങിയിട്ടുണ്ട്.

പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ് തുടങ്ങി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങ‍ൾക്കുള്ള നിരോധനം രാജ്യത്താകെ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് എല്ലാ മേഖലകളിലും ജാഗ്രത നിർദേശം ഉണ്ടായത്. ആദ്യ നിയമലംഘനത്തിനു 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാം തവണയും ലംഘിച്ചാൽ 50,000 രൂപയും പിഴ ഈടാക്കുമെന്നാ‍ണ് ഉത്തരവ്.

∙ നിരോധിച്ച വിവിധ പ്ലാസ്‍റ്റിക് ഇനങ്ങൾ: പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, തെർമോക്കോൾ/സ്റ്റൈറോഫോം പ്ലേറ്റുകളും ടംബ്ലറുകളും, ഏകോപയോഗ പ്ലാസ്റ്റിക് സ്പൂൺ, ഫോർക്ക്, സ്ട്രോ . പ്ലാസ്റ്റിക് കൊടി തോരണങ്ങൾ, 500 എംഎൽ താഴെയുള്ള വെള്ളക്കുപ്പികൾ, പ്ലാസ്റ്റിക് മേശ വലിപ്പുകൾ, ഏകോപയോഗ പ്ലാസ്റ്റിക് പ്ലേറ്റുകളും ടംബ്ലറുകളുംകപ്പുകളും.,പ്ലാസ്റ്റിക് കോട്ട‍‍ഡ് പേപ്പർ കപ്പ് പ്ലേറ്റ്, ബൗളുകൾ, ബാഗുകൾ, കുടിവെള്ള പൗച്ചുകൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ, പിവിസി ഫ്ലെക്സുകൾ, പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യുന്നതിനുള്ള പ്ലാസ്റ്റിക് പാക്കറ്റുകൾ. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് അംഗങ്ങൾക്കായി പുറത്തിറക്കിയ പട്ടികയാണ് ഇത്.

∙വ്യാപാരികൾ ഉറപ്പുവരുത്തണം

മുൻകാലങ്ങളിൽ 50 മൈക്രോണിനു മുകളിലുള്ള ക്യാരിബാഗുകൾ ഉപയോഗിക്കാൻ അനുവദിച്ചിരുന്നു. ഇനിമേൽ അതും ഉണ്ടാകില്ല. ഒറ്റത്തവണ ഉപയോഗത്തിലുള്ള ഒരു പ്ലാസ്റ്റിക് പായ്ക്കിങ് ഉൽപന്നവും സ്ഥാപനങ്ങളിൽ വച്ചിട്ടില്ലെന്നു വ്യാപാരികൾ ഉറപ്പുവരുത്തണം.– എൻ.പി. തോമസ്, പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി

∙കർശന നിർദേശം

ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ ജൂൺ 30നു ശേഷം സംഭരിക്കുകയോ വിൽക്കുകയോ വാങ്ങുകയോ ചെയ്യരുതെന്ന് ഉൽപാദകർ, ചെറുകിട വിൽപനക്കാർ, കടയുടമകൾ എന്നിവർക്ക് കർശന നിർദേശം നൽകി. ഇനി ഇളവ് ലഭിക്കില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇത് കർശനമാക്കിയിട്ടുണ്ട്. സ്വകാര്യ ഏജൻസികളുമായി സഹകരിച്ച് മാലിന്യ സംസ്കരണവും ശക്തമാക്കി.– ലൗലി ജോർജ് പടികര, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ

∙കൂടുതൽ ബോധവൽക്കരണം

പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിൽ ക്ലീൻ കേരള മിഷനുമായി സഹകരിച്ചാണ് നീങ്ങുന്നത്. പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് കൂടുതൽ ബോധവൽക്കരണം നടത്തും. വാർഡുകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ഊർജിതമാക്കും.– വി.കെ. പ്രദീപ്കുമാർ, നീണ്ടൂർ പഞ്ചായത്ത് പ്രസിഡന്റ്

∙ഹരിതകർമ സേന പഞ്ചായത്തിൽ നന്നായി പ്രവർത്തിക്കുന്നു. മാലിന്യ സംസ്കരണത്തിൽ ക്ലീൻ കേരള മിഷനെ കൂടാതെ സ്വകാര്യ ഏജൻസികളെയും ആശ്രയിക്കുന്നുണ്ട്. വ്യാപാരികളുമായി സഹകരിച്ച് ബോധവൽക്കരണം നടത്തും.– ബിജു വലിയമല, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS