ADVERTISEMENT

കടുത്തുരുത്തി ∙ അങ്കണവാടിയിൽ നിന്ന് അമ്മയ്ക്കൊപ്പം വീട്ടിലേക്കു മടങ്ങിയ നാലരവയസ്സുകാരിയെ തെരുവുനായ ആക്രമിച്ച് കടിച്ചു വലിച്ചു. മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, സംസാരശേഷിയില്ലാത്ത അമ്മയെയും നായ ആക്രമിച്ചു. നായയുമായുള്ള മൽപിടിത്തത്തിനൊടുവിൽ മകളെ രക്ഷപ്പെടുത്തിയ അമ്മയ്ക്കും കടിയേറ്റു. മാഞ്ഞൂർ പഞ്ചായത്ത് ഇരവിമംഗലം കീരിമുകളേൽ ജോമോന്റെ ഭാര്യ എൽസമ്മ (39), മകൾ എയ്ഞ്ചൽ ജോമോൻ എന്നിവർക്കാണു തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റത്.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ഇരവിമംഗലം അപ്പൻ കവലയ്ക്കു സമീപമായിരുന്നു തെരുവുനായയുടെ ആക്രമണം. വലതു കൈമുട്ടിൽ ആഴത്തിലുള്ള കടിയേറ്റ എയ്ഞ്ചലിനെയും ശരീരത്തിന്റെ പല ഭാഗത്തും കടിയേറ്റ മാതാവ് എൽസമ്മയെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരവിമംഗലം ഖാദി സെന്ററിനു സമീപമുള്ള അങ്കണവാടിയിൽ നിന്നു വീട്ടിലേക്കു നടക്കുമ്പോഴാണ് പിന്നാലെ ഓടിയെത്തിയ തെരുവുനായ എയ്ഞ്ചലിന്റെ വലതു കൈമുട്ടിൽ ആഴത്തിൽ കടിക്കുകയും കുട്ടിയെ വലിച്ചിഴച്ചു  കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്തത്.

കുട്ടിയുടെ കൈമുട്ടിൽ നിന്നു രക്തം ഒഴുകി. തെരുവുനായയെ നേരിട്ട എൽസമ്മ റോഡിൽ വീണു. ശരീരത്തിൽ പലയിടത്തും കടിയേറ്റു. എൽസമ്മയുടെ വസ്ത്രങ്ങളും തെരുവുനായ കടിച്ചുപറിച്ചു. കുട്ടിയുടെ നിലവിളി കേട്ട് അങ്കണവാടി ജീവനക്കാരും നാട്ടുകാരും ഓടിക്കൂടിയതോടെ തെരുവുനായ ഇരുവരെയും ഉപേക്ഷിച്ച് ഓടിപ്പോയി. ഉടൻ തന്നെ ഇരുവരെയും കുറവിലങ്ങാട് സർക്കാർ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

പരിശോധനയ്ക്കുള്ള കുത്തിവയ്പിനെത്തുടർന്ന് എയ്ഞ്ചലിനും എൽസമ്മയ്ക്കും അലർജിയുണ്ടായതോടെ പേവിഷ പ്രതിരോധ കുത്തിവയ്പിനുള്ള മരുന്ന് പുറത്തു നിന്നു വാങ്ങി നൽകേണ്ടിവന്നു. കുത്തിവയ്പ് മരുന്നിന് എയ്ഞ്ചലിന് 5000 രൂപയും എൽസമ്മയ്ക്ക് 26,000 രൂപയും ചെലവായി. എൽസമ്മയുടെ ഭർത്താവ് ജോമോൻ കൂലിപ്പണിക്കാരനാണ്. കേരള കോൺഗ്രസ് (എം) നേതാവ് ബിജു മറ്റപ്പള്ളി സ്ഥലത്ത് എത്തിയാണു പണം നൽകി കുത്തിവയ്പിനുള്ള മരുന്നു വാങ്ങി നൽകിയത്.

‘രക്ഷപ്പെട്ടത്  ഭാഗ്യം കൊണ്ട് ’

മറിയാമ്മ

കുറുപ്പന്തറ ∙ ‘‘ഭാഗ്യം കൊണ്ടാണ് എന്റെ കുഞ്ഞ് രക്ഷപ്പെട്ടത്. അങ്കണവാടി ജീവനക്കാരും നാട്ടുകാരും ഓടിയെത്തിയില്ലായിരുന്നു എങ്കിൽ കുഞ്ഞിനെയും സംസാരശേഷിയില്ലാത്ത എൽസമ്മയെയും നായ എന്തു ചെയ്യുമായിരുന്നു എന്നു പറയാനാകില്ല’’– തെരുവുനായയുടെ കടിയേറ്റ എയ്ഞ്ചലിന്റെ അമ്മൂമ്മ മറിയാമ്മ കീരിമുകളേലിന്റെ വാക്കുകളിൽ നടുക്കം മാറിയിരുന്നില്ല. കുഞ്ഞിന്റെ വലതു കൈമുട്ടിനു താഴെ ആഴത്തിൽ മുറിവുണ്ട്. നായയുടെ കഴുത്തിൽ കുത്തിപ്പിടിച്ചാണു കുഞ്ഞിന്റെ കൈ നായയുടെ വായിൽ നിന്നു വലിച്ചെടുത്തതെന്ന് എൽസമ്മ ആംഗ്യഭാഷയിൽ പറഞ്ഞു.

മകൻ ജോമോൻ കൂലിപ്പണിക്കു പോയാണു കുടുംബം പുലർത്തുന്നത്. കുത്തിവയ്പിനു വേണ്ടിവന്ന വലിയ തുക കണ്ടെത്താൻ ഏറെ കഷ്ടപ്പെട്ടു. അയൽവാസി കൂടിയായ ബിജു മറ്റപ്പള്ളി മരുന്നു വാങ്ങി നൽകിയില്ലായിരുന്നെങ്കിൽ കുത്തിവയ്പു നടത്താൻ കഴിയില്ലായിരുന്നു. തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ എയ്ഞ്ചൽ പേടിച്ചു പനി പിടിച്ചു കിടപ്പാണ്.

ഇരവിമംഗലത്തും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം മൂലം നാട്ടുകാർക്കു പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ്. ചൊവ്വാഴ്ച കുറുപ്പന്തറ ടൗണിലെ ഓട്ടോ ഡ്രൈവറായ മാഞ്ഞൂർ തെങ്ങുംപള്ളിൽ ഗോപിനാഥൻ നായർക്ക് (57) തെരുവുനായയുടെ കടിയേറ്റിരുന്നു. ഏതാനും ആഴ്ചകൾക്കു മുൻപ് കടവ് ഭാഗത്ത് ഒട്ടേറെപ്പേർക്കു തെരുവുനായയുടെ കടിയേറ്റു. നായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനും മറ്റും നേരത്തേ പദ്ധതികളുണ്ടായിരുന്നു. ഇപ്പോൾ ഇതു നടപ്പാക്കുന്നില്ല. – എൽസമ്മ ബിജു (പഞ്ചായത്തംഗം, മാഞ്ഞൂർ പഞ്ചായത്ത്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com