ADVERTISEMENT

കാഞ്ഞിരപ്പള്ളി∙ നിർമാണം നടക്കുന്ന വീടുകളിൽനിന്ന് വയറിങ് സാമഗ്രികളും ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ പ്രായപൂർത്തിയാകാത്ത ഒരാളെ ഉൾപ്പെടെ രണ്ടു പേരെ കൂടി പൊലീസ് തിരയുന്നു. പാറക്കടവ് ഓരായത്തിൽ അഹദ് ഫൈസലിനെ(22) ആണ് അറസ്റ്റ് ചെയ്തത്.

ആക്രിക്കച്ചവടത്തിന്റെ മറവിൽ, നിർമാണം നടക്കുന്ന വീടുകൾ മുൻകൂട്ടി കണ്ടുവച്ച ശേഷം രാത്രി കാലങ്ങളിൽ എത്തി മോഷണം നടത്തുകയാണ് ഇവരുടെ രീതിയെന്നു പൊലീസ് പറഞ്ഞു. മോഷണം നടന്ന സ്ഥലങ്ങളിലും ആക്രിക്കടകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണു മോഷ്ടാവ് പിടിയിലായത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയെ കുറിച്ചു ലഭിച്ച വിവരമാണ് പ്രതിയെ പിടികൂടാൻ സഹായമായത്. ഓട്ടോറിക്ഷയും  കസ്റ്റഡിയിലെടുത്തു. മോഷ്ടിച്ചു വിറ്റ വയറിങ് സാമഗ്രികളും ചെമ്പ് പാത്രങ്ങൾ ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും ആക്രി കടയിൽനിന്നും അഹദിന്റെ വീട്ടിൽനിന്നുമായി പൊലീസ് കണ്ടെടുത്തു.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് കപ്പാട് നെല്ലിയാനിയിൽ ജോജി സെബാസ്റ്റ്യൻ, മൂന്നാം മൈൽ വട്ടവയലിൽ ജോസഫ് ജോസഫ് എന്നിവരുടെ നിർമാണം നടക്കുന്ന വീടുകളിൽ മോഷണം നടന്നത്. ഭിത്തിക്കുള്ളിൽ വച്ചിരുന്ന വയറുകൾ ഊരിയും മുറിച്ചുമാണ് കൊണ്ടുപോയത്.

മേയ് മൂന്നിന് ആനക്കല്ല്- തമ്പലക്കാട് റോഡിൽ മനന്താനത്ത് നിർമാണം നടക്കുന്ന വീട്ടിൽനിന്ന് ഒരു   ലക്ഷത്തോളം രൂപ വില വരുന്ന ഇലക്ട്രിക് വയറുകളും 25000 രൂപ വില വരുന്ന പ്ലമിങ് സാമഗ്രികളും മോഷ്ടിച്ചത് ഇവരാണെന്നും പൊലീസ് അറിയിച്ചു. കാഞ്ഞിരപ്പള്ളി എസ്ഐ അരുൺ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി മോഷ്ടാവിനെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com