ഇലക്ട്രിക് വാഹനങ്ങൾക്ക് ഇനി ഈസി ചാർജിങ്

SHARE

കോട്ടയം ∙ ഇലക്ട്രിക് വാഹനങ്ങൾക്കായി നഗരത്തിൽ സ്ഥാപിച്ച 3 ചാർജിങ് കേന്ദ്രങ്ങളും 51 വൈദ്യുത പോസ്റ്റുകളിലെ ചാർജിങ് പോയിന്റുകളും ജൂലൈ 2നു പ്രവർത്തനം ആരംഭിക്കും. റോഡിലെ ബേക്കർ ഹിൽ റോഡിനു സമീപം ഈസ്റ്റ് സെക്‌ഷൻ ഓഫിസ് വളപ്പ്, ഗാന്ധിനഗർ-മെഡിക്കൽ കോളജ് റോഡരികിൽ ഗാന്ധിനഗർ സെക്‌ഷൻ ഓഫിസ് വളപ്പ്, എംസി റോഡിൽ പള്ളം കെഎസ്ഇബി ഓഫിസ് വളപ്പ് എന്നിവിടങ്ങളിലാണ് ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ സജ്ജമായത്. ജില്ലയിൽ ചാർജിങ് കേന്ദ്രങ്ങൾ ആദ്യം ഒരുക്കിയതു നഗരപരിധിയിലുള്ള ഈ 3 കേന്ദ്രങ്ങളിലാണ്. ഇവിടെ കാറുകൾ ചാർജ് ചെയ്യാൻ കഴിയുന്ന കേന്ദ്രങ്ങളാണ്. ഒരേ സമയം 3 കാറുകൾ ചാർജ് ചെയ്യാൻ കഴിയും. 

കിയോസ്ക് ഒന്ന് അതിവേഗ ചാർജിങ് സംവിധാനം ആണ്. വൈദ്യുത പോസ്റ്റുകളിലെ ചാർജിങ് പോയിന്റുകൾ വഴി ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയാണു ചാർജ് ചെയ്യാൻ കഴിയുക. നഗരത്തിൽ ശാസ്ത്രി റോഡിലെ ഈസ്റ്റ് സെക്‌ഷൻ ഓഫിസ് വളപ്പിൽ മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, ആന്റണി രാജു എന്നിവരാണു ജില്ലാതല ഉദ്ഘാടനം നിർവഹിക്കുക.

അതിവേഗ ചാർജിങ്ങിന് ഒരു മണിക്കൂർ

∙ 60 കെഡബ്ല്യുഎ ട്രാൻസ്ഫോമർ ഉപയോഗിച്ചാണ് അതിവേഗ ചാർജിങ്. വേഗ ചാർജിങ് കിയോസ്ക്കിൽ ഒരു മണിക്കൂർ കൊണ്ട് ഒരു കാറിനു പൂർണമായും ചാർജ് ചെയ്യാൻ കഴിയും. 30 കെഡബ്ല്യുഎ വൈദ്യുതി ചാർജ് ചെയ്യാൻ കഴിയുന്ന 2 കിയോസ്ക്കുകൾ ചാർജിങ് കേന്ദ്രത്തിൽ ഉണ്ടാകും. ഇതിൽ ചാർജ് പൂർണമായും നിറയ്ക്കാൻ 5 മണിക്കൂർ വരെ സമയം വേണ്ടിവരും. 15 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലും മേൽക്കൂരയും വേണം.

ജില്ലയിൽ 51 സ്ഥലങ്ങളിൽ വൈദ്യുത പോസ്റ്റുകളിലും ചാർജിങ് പോയിന്റുകൾ

∙ ജില്ലയിൽ 56 സ്ഥലങ്ങളിൽ വൈദ്യുത പോസ്റ്റുകളിലാണു ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുന്നത്. ഇതിൽ 51 എണ്ണമാണു ജൂലൈ 2 മുതൽ പ്രവർത്തിച്ചു തുടങ്ങുന്നത്. ഇതിൽ ഓട്ടോറിക്ഷകളും സ്കൂട്ടറുകളും ചാർജ് ചെയ്യാനാണു പ്രധാനമായും ലക്ഷ്യമിടുന്നത്. എന്നാൽ അവശ്യഘട്ടങ്ങളിൽ കാറുകളും ചാർജ് ചെയ്യാം. 

സ്കൂട്ടറുകളും ഓട്ടോറിക്ഷകളും പൂർണമായും ചാർജ് ആകാൻ 5 മണിക്കൂർ വരെ വേണ്ടിവരും 2 സ്വകാര്യ ഏജൻസികളാണു ചാർജ് ചെയ്യുന്നതിന്റെ പണം ഈടാക്കുന്നത്. ഒരു യൂണിറ്റിന് 10 രൂപ പ്രകാരമാണ് ഇവർ ഈടാക്കുക. സാധാരണ സംവിധാനമുള്ള ചാർജിങ്ങിനു യൂണിറ്റിന് 10 രൂപ ഈടാക്കുമ്പോൾ വേഗ ചാർജിങ്ങിനു നിരക്ക് കൂടും. പ്രവർത്തനം ആരംഭിച്ച ജില്ലകളിൽ വേഗ ചാർജിങ്ങിന് യൂണിറ്റിനു 15 രൂപ പ്രകാരമാണ് ഈടാക്കുന്നത്. മൊബൈൽ ഫോണിൽ പ്രത്യേക ആപ്ലിക്കേഷൻ വഴി റജിസ്റ്റർ ചെയ്ത് ഡിജിറ്റൽ പണം ഇടപാടു വഴി ഉപയോഗിക്കുന്ന വൈദ്യുതിയുടെ പണം അടയ്ക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS