ADVERTISEMENT

ചങ്ങനാശേരി ∙ താലൂക്കിലെ പ്രധാന സർക്കാർ ഓഫിസുകളും മറ്റ് സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന  റവന്യു ടവറിലെ ശുചിമുറികൾ താഴിട്ടു പൂട്ടി ‘ഭദ്രമാക്കി’ അധികൃതർ. റവന്യു ടവറിന്റെ ശോചനീയാവസ്ഥയും നടത്തിപ്പിലെ അപാകതകളും മുൻപും ചർച്ചയായിട്ടുണ്ടെങ്കിലും ഈ പൂട്ടൽ വല്ലാത്ത ദ്രോഹമായിപ്പോയെന്നു സ്ഥാപന ഉടമകളും ജീവനക്കാരും ഒരുപോലെ പരാതിപ്പെടുന്നു. കെടുകാര്യസ്ഥതയുടെ ഒടുവിലെ ഉദാഹരണമാണ് ഈ നടപടിയെന്നും ഇവർ ആരോപിക്കുന്നു.

വിചിത്ര നടപടിയെന്ന് കെട്ടിട ഉടമകൾ

റവന്യു ടവറിലെ താഴത്തെ നിലയിൽ ശുചിമുറികളിലേക്കു പ്രവേശിക്കുന്ന പ്രധാന വാതിൽ കുറച്ചു നാളുകളായി പൂട്ടിയ നിലയിൽ ആയിരുന്നു. അടുത്തിടെ മുറികളുടെ വാടക പിരിക്കാൻ എത്തിയ ഹൗസിങ് ബോർഡ് ജീവനക്കാരോട് ആവശ്യപ്പെട്ടതിനു ശേഷം ഈ വാതിൽ തുറന്നു നൽകിയെങ്കിലും ആശ്വസിക്കാൻ വകയില്ലായിരുന്നു. അകത്തുള്ള 3 ശുചിമുറികൾ ഓരോന്നും പ്രത്യേകം താഴിട്ടു പൂട്ടിയ ശേഷമാണ് പ്രധാന വാതിൽ മാത്രം തുറന്നത്. മുകളിലെ നിലകളിലെ ശുചിമുറികളുടെ കാര്യത്തിലും ഇതുതന്നെയാണ് ചെയ്തിരിക്കുന്നത്.

താക്കോൽ കയ്യിലുണ്ടോ ?

അലക്ഷ്യമായി ഉപയോഗിക്കുകയും മാലിന്യം ഇടുകയും ചെയ്ത് ശുചിമുറികൾ ഉപയോഗശൂന്യമായ അവസ്ഥ ഉണ്ടാവുകയും വെള്ളം ഒഴുകാനും മറ്റും തടസ്സം ഉണ്ടാവുകയും ചെയ്തതോടെയാണ് ഇവ പ്രത്യേകമായി പൂട്ടിയിടുന്നതെന്നും  ശുചിമുറികളുടെ താക്കോൽ സെക്യൂരിറ്റി ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നുമാണ് റവന്യു ടവർ ഒക്യുപൻസ് ഭാരവാഹികൾക്ക് അധികൃതർ നൽകിയ മറുപടി. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഓരോ തവണയും ഇത്തരത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ അടുത്തെത്തി താക്കോൽ വാങ്ങി ശുചിമുറി തുറന്ന് ഉപയോഗിക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ഭാരവാഹികൾ പറയുന്നു. 

ഈ ക്രമീകരണം അറിയാതെ താലൂക്ക് ഓഫിസ്, ട്രഷറി, ആർടി ഓഫിസ്, സപ്ലൈ ഓഫിസ് തുടങ്ങി സർക്കാർ സ്ഥാപനങ്ങളിൽ എത്തുന്നവർ ശുചിമുറി ഉപയോഗിക്കാൻ എന്തു ചെയ്യുമെന്നും ഇവർ ചോദിക്കുന്നു.

കുട എടുക്കാൻ മറക്കരുത്

മഴ പെയ്താൽ റവന്യു ടവറിന്റെ നടുത്തളത്തിലും മറ്റ് ഇടനാഴികളിലുമെല്ലാം ചോർന്നൊലിക്കുന്നതു പതിവ് കാഴ്ചയാണ്. ഷീറ്റുകളും മറ്റും ഒടിഞ്ഞ് താഴേക്ക് വീണ അനുഭവങ്ങളും ഉണ്ട്. റവന്യു ടവറിന്റെ ഉള്ളിലും പരിസരങ്ങളിലും പലയിടങ്ങളിൽ മാലിന്യം കുമിഞ്ഞു കൂടി കിടക്കുന്നുണ്ട്. പാർക്കിങ്ങിന് മതിയായ സൗകര്യം ഇല്ലാത്തതിനാൽ വാഹനങ്ങളിൽ എത്തുന്നവരും ദുരിതം അനുഭവിക്കുന്നുണ്ട്. ടവറിലെ ലിഫ്റ്റുകളും പലപ്പോഴും പണിമുടക്കിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com