ADVERTISEMENT

കുമരകം ∙ ഒരിടത്ത് ടാർ ചെയ്ത റോഡ് മാസങ്ങൾക്കകം തകരുന്നു.മറ്റൊരിടത്ത് റോഡുകൾ പൊട്ടി പൊളിഞ്ഞു ഗതാഗത യോഗ്യമല്ലാതായിട്ടും  അധികൃതർക്ക് കുലുക്കമില്ല. പടിഞ്ഞാറൻ മേഖലയിലെ ഗ്രാമീണ റോഡുകളുടെ അവസ്ഥയാണിത്. അയ്മനം പഞ്ചായത്ത് 20–ാം വാർഡിലെ ചീപ്പുങ്കൽ– കലടിച്ചിറ റോഡ് ടാർ ചെയ്തു മാസങ്ങൾക്കകം തകർന്നു തുടങ്ങി. ആർപ്പൂക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ കൈപ്പുഴമുട്ട്– മാലിച്ചിറ– കൊച്ചുനാരായണൻ പാലം റോഡ് റോഡിനെ തോടെന്നും കുളമെന്നും വിളിക്കാം. അതുപോലെ തകർന്നു തരിപ്പണമായി കിടക്കുന്നു. കുമരകം പഞ്ചായത്ത് 15–ാം വാർഡിലെ ചൂരപ്പറമ്പ് – സികെപി റോഡും തകർച്ചയിൽ തന്നെ.

സാധാരണ ജനങ്ങൾ സഞ്ചരിക്കുന്ന ഗ്രാമീണ റോഡുകളിലൂടെ  കാൽനട പോലും ദുസ്സഹമായി. കോടികൾ ചെലവിടുന്ന റോഡുകൾ നിർമിക്കുന്നതിന് തിടുക്കം കാട്ടുന്ന അധികൃതർ ഗ്രാമീണ റോഡുകളുടെ ശോച്യാവസ്ഥ ശ്രദ്ധിക്കാറില്ല. നിലവിൽ ചെയ്തു തീർത്ത ജോലികളുടെ പണം കരാറുകാർക്ക് കിട്ടാത്തതും ഗ്രാമീണ റോഡ് നവീകരണത്തെ പ്രതികൂലമായി ബാധിക്കുന്നു.

ചീപ്പുങ്കൽ – കോലടിച്ചിറ റോഡ്

പണി പൂർത്തിയാക്കി 6 മാസം പോലും തികയും മുൻപേ റോഡ് പൊട്ടിപ്പൊളിഞ്ഞു തുടങ്ങി. റോഡിന്റെ 3 ഭാഗത്ത് ടാറിങ് ഇളകി. മഴ പെയ്യുന്നതിനാൽ ഇവിടം കൂടുതൽ തകർച്ചയിൽ ആകുന്നതിനൊപ്പം മറ്റു ഭാഗങ്ങളും തകർന്നു തുടങ്ങും. വർഷങ്ങളായി തകർന്നു കിടന്ന റോഡ് നാട്ടുകാരുടെ നിരന്തരമായ പരാതിയെത്തുടർന്നാണു ടാറിങ് നടത്തിയത്.15 ലക്ഷം രൂപ ചെലവഴിച്ച് ഒരു കിലോമീറ്റർ നീളത്തിൽ റോഡ് ടാറിങ് നടത്തി.  ടാറിങ് നടത്തിയപ്പോൾ തന്നെ ഇതിലെ അപാകത നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു . അന്ന് ബന്ധപ്പെട്ടവരാരും ശ്രദ്ധിച്ചില്ല. പാടശേഖരങ്ങളുടെ നടുവിലൂടെയാണു റോഡ് പോകുന്നത്.

പ്രദേശത്തെക്കുറിച്ച്  പഠിച്ച് അതനുസരിച്ചു ടാറിങ് നടത്തുന്നതിനു പകരം പൊട്ടിപ്പൊളിഞ്ഞ ഭാഗം ഉൾപ്പെടെ നിലവിലെ ടാറിങ്ങിന് മുകളിൽ കരാറുകാരൻ പുതിയ ടാറിങ് നടത്തി ജോലി തീർത്തു. റോഡിന്റെ ഇരുവശത്തും പാടശേഖരങ്ങളായതിനാൽ വെള്ളം കയറുമ്പോൾ റോഡിനൊപ്പം എത്തും. അതിനാൽ ഈ രീതിയിലുള്ള ടാറിങ് പാഴ്‌വേലയാകുമെന്നു നാട്ടുകാർ പറഞ്ഞിരുന്നു. അതു പോലെ തന്നെ ഇപ്പോൾ സംഭവിക്കുകയും ചെയ്തിരിക്കുന്നു. ലക്ഷങ്ങൾ പാഴായത് മിച്ചം.

കൈപ്പുഴമുട്ട് – മാലിച്ചിറ റോഡ്

കൈപ്പുഴമുട്ട് മുതൽ കുറെ നീളം റോഡ് ടാറിങ് ചെയ്തിട്ടുണ്ടെങ്കിലും പിന്നീട് അങ്ങോട്ട് സിഎസ്ഐ പള്ളി വരെയുള്ള ഭാഗത്ത്  റോഡിൽ കുളവും തോടും രൂപപ്പെട്ടു. ടാറിങ് തകർന്നതോടെ നേരത്തെ റോഡിൽ ഇറക്കിയിരുന്ന പൂഴി മണ്ണ് മുകളിൽ വന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ കൂടിയായതോടെ പൂഴി മണ്ണ് വെള്ളവുമായി ചേർന്ന് കുഴമ്പ് പരുവത്തിൽ ആയി റോഡ്. പല ഭാഗവും നീന്തിയും ചാടിക്കടന്നുമാണ് കൽനടക്കാരുടെ യാത്ര. നൂറുകണക്കിനാളുകളുടെ സഞ്ചാര പാതയാണിത്. ഓട്ടോ റിക്ഷകളെയും ഇരുചക്ര വാഹനങ്ങളെയുമാണ് ഈ വഴിക്കുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കുന്നത്.

റോഡിന്റെ ശോച്യാവസ്ഥ മൂലം വാഹനം വിളിച്ചാൽ ഓട്ടം വരാതായി.ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്. വീടുകളിലെ ദിവസവുമുള്ള ആവശ്യങ്ങൾക്ക് വ്യാപാര സ്ഥാപനങ്ങളിലും രോഗികളുമായി ആശുപത്രിയിലേക്കും പോകേണ്ട റോഡിനാണ് ഈ അവസ്ഥ. സ്കൂൾ തുറന്നതോടെ കുട്ടികളും ഇതുവഴി പോകുന്നു. കുട്ടികളുടെ വസ്ത്രമാകെ പൂഴി മണ്ണ് പുരണ്ടാണ് വീട്ടിൽ എത്തുന്നത്.

ചൂരപ്പറമ്പ് – സികെപി റോഡ്

കുമരകം ബോട്ട് ജെട്ടി പാലം മുതൽ പടിഞ്ഞാറോട്ടുള്ള ഭാഗമാണ് ഏറെ തകർന്നു കിടക്കുന്നത്. ഈ റോഡുമായി ബന്ധപ്പെട്ടു വടക്കോട്ടുള്ള സി. ദിവാകരൻ റോഡും തകർന്നു കിടക്കുന്നു. മഴ പെയ്തതോടെ ഇതുവഴിയുള്ള കാൽനട ഏറെ ബുദ്ധിമുട്ടായി. ഏറെ നാളുകളായി ഈ റോഡ് ടാർ ചെയ്യാതെ കിടക്കുകയാണ്. നൂറുകണക്കിനു ആളുകളാണു ദിവസവും യാത്ര ചെയ്യുന്നത്. റോഡിന്റെ തകർച്ച മൂലം ചെറു വാഹനങ്ങൾ കടന്നു പോകുന്നത് ഏറെ പ്രയാസപ്പെട്ടാണ് .

പഞ്ചായത്തിലെ റോഡുകൾ ഉൾപ്പെടെ ഉള്ള നിർമാണ ജോലികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഈ ജോലികൾ ചെയ്ത കരാറുകാർക്ക് ലക്ഷങ്ങൾ ലഭിക്കാനുണ്ട്.അതു കൊണ്ടു റോഡ് നവീകരണ ജോലികൾ ഏറ്റെടുക്കാൻ പലരും മടിക്കുന്ന അവസ്ഥയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com