ADVERTISEMENT

എരുമേലി∙ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നിർബാധം തുടരുന്നു. നാമമാത്ര തുക പിഴയിടാക്കുന്നതുമൂലം പിടിക്കപ്പെടുന്ന കച്ചവടക്കാർ ഫൈൻ അടച്ചശേഷം കച്ചവടം തുടരുകയാണ്. എക്സൈസ്, പൊലീസ് വിഭാഗങ്ങൾ നിർജീവമാണെന്ന പരാതി ശക്തമാണ്.കഴിഞ്ഞ ദിവസം കെഎസ്ആർടിസി കവലയ്ക്കു സമീപമുള്ള കടയിൽനിന്ന് 520 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണു കണ്ടെ‌ടുത്തത്. നാട്ടുകാരുടെ നിരന്തരമായ പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. ഉദ്യോഗസ്ഥരുടെ അറിവോടെയാണു നിരോധിത ഉൽപന്നങ്ങളുടെ കച്ചവടം നടക്കുന്നതെന്നും പറയപ്പെടുന്നു. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കടകളും വിദ്യാലയങ്ങളുമായി 200 മീറ്റർ പോലും അകലമില്ല. 

വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പുകയില ഉൽപന്നത്തിന്റെ ഇരകളാണ്. 5 വിദ്യാർഥികളുടെ പക്കൽനിന്ന് ഉൽപന്നങ്ങൾ കണ്ടെടുക്കുകയും ചെയ്തു.ക‍ഞ്ചാവ് അടക്കമുള്ള ഉൽപന്നങ്ങൾ തമിഴ്നാട് – കുമളി വഴിയാണു മലയോര മേഖലയിൽ എത്തുന്നത്. എരുമേലിയിലെ ചില കടകളിൽ വർഷങ്ങളായി നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന നടക്കുന്നതായി സ്പെഷൽ ബ്രാഞ്ച് വിഭാഗം ചൂണ്ടിക്കാട്ടുന്നു. 10 രൂപയ്ക്കു ലഭിക്കുന്ന നിരോധിത പുകയില ഉൽപന്നം നിലവിൽ 50 രൂപയ്ക്കാണു വിൽക്കുന്നത്. 

പിഴ ചുമത്തുക മാത്രമാണു നടക്കുന്നതെന്നതിനാൽ കച്ചവടക്കാർ റെയ്ഡിനെ ഭയപ്പെടുന്നില്ല. നിരോധിത ഉൽപന്ന വിൽപനക്കാരെ അറസ്റ്റ് ചെയ്തു റിമാൻഡിലാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com