ADVERTISEMENT

കോട്ടയം ∙ ജില്ലയിലെ കോൺഗ്രസ് ആസ്ഥാനമായ ഡിസിസി ഓഫിസിന് നേരെ സിപിഎം–ഡിവൈഎഫ്ഐ ആക്രമണം. സംഭവത്തിൽ 5 പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവർക്ക് സിപിഎം–ഡിവൈഎഫ്ഐ ബന്ധമുണ്ടെന്നും പൊലീസ്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണു‌ കോട്ടയം ഐഡ ജംക്‌ഷനിലെ ഓഫിസിനു നേരെ ആക്രമണമുണ്ടായത്. ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്തു. വാതിലിലെ കോൺഗ്രസ് പതാക കത്തിച്ചു. ഓഫിസിന് നേരെ തീപ്പന്തം എറിഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.

8 പേർ അടങ്ങുന്ന സംഘമാണ് എത്തിയതെന്ന് പൊലീസ് പറയുന്നു. ഇവരുടെ ദൃശ്യങ്ങൾ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് 5 പേരെ തിരിച്ചറിഞ്ഞതെന്ന് ഡിവൈഎസ്പി ജെ.സന്തോഷ്കുമാർ പറഞ്ഞു. പൊലീസ് പറയുന്നത്: വയനാട്ടിലെ കോൺഗ്രസ് ഓഫിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി ഓഫിസുകളുടെ സുരക്ഷയ്ക്കായി ബൈക്ക് പട്രോളിങ് സംഘത്തെ നിയോഗിച്ചിരുന്നു. ഇവർ ഇന്നലെ റോന്തു ചുറ്റുമ്പോൾ പുലർച്ചെ 4 പേർ ഡിസിസി ഓഫിസിനു സമീപം കൂടി നിൽക്കുന്നതു കണ്ടു. പൊലീസ് ഇവിടെ ഇറങ്ങി നിരീക്ഷിച്ചു. ഇവർക്കൊപ്പം 4 പേർ കൂടി എത്തി.

കോട്ടയം ഐഡ ജംക്‌ഷനിലെ ഡിസിസി ഓഫിസിന് നേരെ ഇന്നലെ പുലർച്ചെ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ തീപ്പന്തം എറി​ഞ്ഞപ്പോൾ. (വി‍ഡിയോ ദൃശ്യം)
കോട്ടയം ഐഡ ജംക്‌ഷനിലെ ഡിസിസി ഓഫിസിന് നേരെ ഇന്നലെ പുലർച്ചെ സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ തീപ്പന്തം എറി​ഞ്ഞപ്പോൾ. (വി‍ഡിയോ ദൃശ്യം)

ഇവർ കയ്യിൽ കരുതിയിരുന്ന പന്തം കൊളുത്തി, മുദ്രാവാക്യം വിളിച്ച് ഡിസിസി ഓഫിസിനു മുന്നിലേക്ക് എത്തി. ഒരാൾ ഓഫിസിനു നേർക്ക് പന്തം വലിച്ചെറിഞ്ഞു. മറ്റുള്ളവർ കല്ലേറു നടത്തി. ഈ സമയം ബൈക്ക് പട്രോളിങ് പൊലീസ് സംഘം ഇവരെ തള്ളിവിട്ടു. ഇതു സംബന്ധിച്ച ദൃശ്യങ്ങൾ പൊലീസ് തന്നെ ശേഖരിച്ചിട്ടുണ്ട്.അന്യായമായി ആക്രമണത്തിനു കൂട്ടം കൂടുക, പാർട്ടി ഓഫിസിനു തീ വയ്ക്കുക, ഓഫിസ് ആക്രമിക്കുക, സ്വകാര്യ കെട്ടിടം ആക്രമിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്ന് ഡിവൈഎസ്പി അറിയിച്ചു.

നേതാക്കൾ സന്ദർശിച്ചു

ഡിസിസി ഓഫിസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ സന്ദർശിച്ചു. പൊലീസ് കാവലിലാണ് ആക്രമണമെന്നു തിരുവഞ്ചൂർ പറഞ്ഞു. പന്തം ഉയർത്തി പ്രകോപനം ഉണ്ടാക്കാൻ അക്രമികൾ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ഡിസിസി ഓഫിസിനു പൊലീസ് കാവൽ ഏർപ്പെടുത്തിയെന്നു പറയുമ്പോഴാണ് ഈ സംഭവങ്ങൾ.  ഇതിനെ പൊലീസ് ഗൗരവമായി കാണുന്നില്ല. ആസൂത്രണം ചെയ്ത ആക്രമണമാണെന്നും ഓഫിസിന് നേരെ എറിഞ്ഞ കല്ല് പുറത്തുനിന്നു കൊണ്ടുവന്നതാണെന്നും തിരുവഞ്ചൂർ പറഞ്ഞു. നേതാക്കളും പ്രവർത്തകരും രാവിലെ മുതൽ ഡിസിസി ഓഫിസിൽ എത്തി.

ഡിസിസി ഓഫിസിനു നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം. ടി.സി.റോയ്, വി.കെ.അനിൽകുമാർ, ഫിലിപ് ജോസഫ്, കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസി സെബാസ്റ്റ്യൻ, മോഹൻ കെ.നായർ, ടോമി കല്ലാനി, പി.എ.സലിം, ഫിൽസൻ മാത്യൂസ് എന്നിവർ മുൻനിരയിൽ.
ഡിസിസി ഓഫിസിനു നേർക്കുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം. ടി.സി.റോയ്, വി.കെ.അനിൽകുമാർ, ഫിലിപ് ജോസഫ്, കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസി സെബാസ്റ്റ്യൻ, മോഹൻ കെ.നായർ, ടോമി കല്ലാനി, പി.എ.സലിം, ഫിൽസൻ മാത്യൂസ് എന്നിവർ മുൻനിരയിൽ.

പൊലീസിൽ മാർക്സിസ്റ്റ് പാർട്ടിക്ക് അടിമപ്പണി ചെയ്യുന്നവരും: തിരുവഞ്ചൂർ

കോട്ടയം ∙ എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ ഗൂഢാലോചന സംശയിക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. ഡിസിസി ഓഫിസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിസിസി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയുടെ ഓഫിസിനു നേരെ ആക്രമണത്തിനു ശേഷം കനത്ത പൊലീസ് കാവലുള്ള ഓഫിസാണ് എകെജി സെന്റർ. ഈ സാഹചര്യത്തിൽ ഗൂഢാലോചന സംശയിക്കണം. എകെജി സെന്റർ ആക്രമണത്തിന്റെ മറവിൽ കോൺഗ്രസ് ഓഫിസ് ആക്രമണം മുൻകൂട്ടി തയാറാക്കിയ പദ്ധതിയാണ്. 

ദേശാഭിമാനികൾ ഉയർത്തിപ്പിടിക്കുന്ന പതാകയാണു കത്തിച്ചത്.പൊലീസിൽ രണ്ട് വിഭാഗമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. മര്യാദയ്ക്കു നിൽക്കുന്നവരുണ്ട്. മാർക്സിസ്റ്റ് പാർട്ടിക്ക് അടിമപ്പണി എടുക്കുന്നവരുമുണ്ട്. എല്ലാത്തിനും കാലം മറുപടി പറയുമെന്നു മാത്രമാണ് അത്തരക്കാരോടു പറയാനുള്ളതെന്നും തിരുവഞ്ചൂർ പറഞ്ഞു.ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ.നായർ അധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.സി.ജോസഫ്, കുര്യൻ ജോയ്, ജോസി സെബാസ്റ്റ്യൻ, പി.എ.സലീം, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, പി.ആർ.സോന, ഫിലിപ് ജോസഫ്, കുഞ്ഞ് ഇല്ലമ്പള്ളി, ഫിൽസൺ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ‍ഡിസിസി ഓഫിസിൽ നിന്നു പ്രകടനമായാണു നേതാക്കളും പ്രവർത്തകരും ധർണയ്ക്ക് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com