ADVERTISEMENT

കുമരകം ∙ വേമ്പനാട്ടു കായലിലൂടെ പോകുന്നതിനിടെ കാറ്റിലും മഴയിലും പെട്ട വള്ളം മൂന്നു മണിക്കൂറിലേറെ പോളയിൽ കുടങ്ങി. വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി വെന്നലശേരിക്കളം ശശി (62)യെ അഗ്നിശമന സേന രക്ഷിച്ചു. അവശനിലയിലായിരുന്ന ശശിയെ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണു സംഭവം. മത്സ്യബന്ധനത്തിനു പോകാനായി ആശുപത്രി ഭാഗത്തു നിന്നു വാടകയ്ക്കെടുത്ത വള്ളം ശശി യന്ത്രം ഘടിപ്പിച്ച് ഓടിച്ചുവരികയായിരുന്നു. കുമരകം റൂട്ടിലെ കോണത്താറ്റ് പാലം പണിക്കു വേണ്ടി ഇവിടെ മുട്ട് ഇട്ടിരുന്നതിനാൽ കായലി‍ലൂടെ വന്നു ബോട്ടുജെട്ടി തോട്ടിൽ എത്താനുള്ള ശ്രമത്തിനിടെയാണു കാറ്റും മഴയും എത്തിയത്.

നസ്രത്ത് പള്ളിക്കു വടക്കു കായൽ ഭാഗത്ത് എത്തിയപ്പോൾ യന്ത്രം പ്രവർത്തിപ്പിക്കാനാകാതെയായി. നിയന്ത്രണം വിട്ട് പോളക്കൂട്ടത്തിൽ അകപ്പെട്ടു. വള്ളം കരയ്ക്ക് അടുപ്പിക്കാൻ ഏറെ ശ്രമിച്ചെങ്കിലും കഴിയാതെ വന്നു. അവശനായ ശശി വള്ളത്തിൽ വീണു പോയി. കായൽക്കരയിലെ റിസോർട്ടിൽ ഉണ്ടായിരുന്നവർ വള്ളം അപകടത്തിൽപെട്ടത് കണ്ട് അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. കായലിന്റെ ബോട്ട് ജെട്ടി ഭാഗം മുതൽ തെക്കോട്ട് നസ്രത്ത് പള്ളി ഭാഗം വരെ പോള അടിഞ്ഞു കിടക്കുകയാണ്. കായൽത്തൊഴിലാളികൾക്ക് വള്ളത്തിൽ കായലിലേക്കു പണിക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.

ഹൗസ് ബോട്ട് അപകടത്തിൽപ്പെട്ടു

കൈപ്പുഴമുട്ട് തോട്ടിലൂടെ സഞ്ചാരികളുമായി പോകുന്നതിനിടെ ഹൗസ് ബോട്ടിന്റെ സ്റ്റിയറിങ്ങിന്റെ റോപ് പൊട്ടി. ഇതേത്തുടർന്നു ബോട്ടിന്റെ ഓട്ടം നിലച്ചു. ഇന്നലെ വൈകിട്ട് 4.30നാണു സംഭവം. കായൽയാത്ര കഴിഞ്ഞ തിരികെവരികയായിരുന്നു. ഹൗസ് ബോട്ടിലുണ്ടായിരുന്ന സഞ്ചാരികൾ അറിയിച്ചതിനെത്തുടർന്ന് അഗ്നിശമന സേന എത്തി. ബോട്ട് കരയ്ക്ക് അടുപ്പിച്ചു സഞ്ചാരികളെ ഇറക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com