ADVERTISEMENT

കോട്ടയം∙ ‘അടച്ചുറപ്പുള്ള ഒരു നല്ല വീട് അവളുടെ സ്വപ്നമായിരുന്നു. ലോണെടുത്തും കടം വാങ്ങിയും ഒരുപാടു നാളത്തെ സ്വപ്നം രണ്ടു മാസം മുൻപാണ് പൂവണിഞ്ഞത്. ഏപ്രിൽ 23നായിരുന്നു പാലുകാച്ചൽ. എന്നാൽ ആ വീട്ടിൽ കഴിയാനുള്ള യോഗം അവൾക്കുണ്ടായില്ല.’ കഴിഞ്ഞ ദിവസം തിരുവല്ല സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണുമരിച്ച മേലുകാവ് കട്ടിപ്പുരയ്ക്കൽ ജിൻസി ജോണിന്റെ ഭർത്താവ് കെ.ജെ. ജയിംസ് ഇതു  പറയുമ്പോൾ കണ്ണുനീർ മറയ്ക്കാൻ പാടുപെടുന്നുണ്ടായിരുന്നു.

ജിൻസിയുടെ മരണത്തിൽ അസ്വഭാവിതകയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. വർക്കല വെട്ടൂ‍ർ ഗവ. ഹൈസ്കൂൾ അധ്യാപികയായിരുന്ന ജിൻസി എന്നും ട്രെയിനിലാണു ജോലിക്ക് പോയിരുന്നത്. നാഗർകോവിൽ– കോട്ടയം എക്സ്പ്രസിന്റെ ലേഡീസ് കംപാർട്മെന്റിലാണ് ജിൻസി സ്ഥിരമായി തിരിച്ചുവരുന്നത്. കായംകുളം വരെ കൂട്ടുകാർ ഒപ്പമുണ്ട്. എന്നാൽ അവസാന സ്റ്റേഷനിലേക്കടുക്കുന്ന 6.45 –7  സമയത്ത് മിക്ക ദിവസങ്ങളിലും കംപാർട്മെന്റ് കാലിയാണ്. ജിൻസിക്ക് അപകടം സംഭവിച്ചതിന് തൊട്ടുമുൻപ് മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരാൾ കംപാർട്മെന്റിൽ കയറിയെന്നും ചിലർ ആരോപിക്കുന്നുണ്ട്.

ജിൻസി വീണ വിവരം അറിഞ്ഞിട്ടും ട്രെയിനിലുണ്ടായിരുന്ന ഗാർഡ് കംപാർട്മെന്റിൽ പരിശോധന നടത്തിയില്ലെന്നും റെയിൽവേ ജീവനക്കാരനായ ജയിംസ് പറഞ്ഞു. അന്ന് വളരെ സന്തോഷത്തോടെ കായംകുളം വരെ തന്നോടും വർക്കലവരെ അമ്മയോടും സംസാരിച്ച ജിൻസി വേഗത്തിൽ പോകുന്ന ട്രെയിനിൽ നിന്നുപുറത്തേക്കു ചാടേണ്ട കാര്യമില്ലെന്നു ജയിംസ് പറയുന്നു. ട്രെയിനിന്റെ മറുവശത്തുകൂടി ആരെങ്കിലും കയറി അപായപ്പെടുത്താൻ ശ്രമിച്ചപ്പോൾ അവരിൽ നിന്നു രക്ഷപ്പെടാനായി പ്ലാറ്റ്ഫോമിലേക്ക് ചാടിയതായിരിക്കാമെന്നാണ് ബന്ധുക്കളും കരുതുന്നത്.

സൗമ്യക്കേസിനു ശേഷം ട്രെയിനിൽ ഇടവിട്ട് സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകണമെന്നു നിർദേശമുണ്ടെങ്കിലും ലേഡീസ് കംപാർട്മെന്റിൽ തനിച്ചു യാത്രചെയ്യുന്ന സ്ത്രീകൾക്കുപോലും സംരക്ഷണമൊരുക്കുന്നില്ലെന്നു ബന്ധുക്കൾ ആരോപിച്ചു. ഭയത്തോടെ പുറത്തേക്കു ചാടുന്ന ജിൻസിയുടെ ദൃശ്യങ്ങൾ പ്ലാറ്റ്ഫോമിലെ സിസിടിവിയിൽ  ലഭിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ചയും മരണത്തിലെ ദുരൂഹതയും ആരോപിച്ച് കോട്ടയം സ്റ്റേഷനിലെ റെയിൽവേ പൊലീസിലും തിരുവല്ല ആർപിഎഫിലും പരാതി  നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com