കോട്ടയം ∙ ഒറ്റ മഴ പെയ്താൽ നഗരത്തിൽ വെള്ളപ്പൊക്കം. എംസി റോഡ്, കുര്യൻ ഉതുപ്പ് റോഡ്, കെകെ റോഡ്, കുമരകം റോഡ് തുടങ്ങി പ്രധാന പാതകളിൽ എല്ലാം വെള്ളക്കെട്ട് പതിവ്. ഗുഡ് ഷെപ്പേഡ് റോഡ്, ടിബി റോഡ്, കുമരകം റോഡ് തുടങ്ങിയ റോഡുകളിൽ വെള്ളക്കെട്ടുമൂലം കാൽനടയാത്ര പോലും ദുരിതപൂർണം.

ഓടകൾ ഇല്ലാത്ത ചെറിയ ഇടറോഡുകളുടെ കാര്യം ഇതിലും കഷ്ടമാണ്. വെള്ളം കെട്ടിക്കിടന്നാണ് നഗരത്തിലെ ഇടറോഡുകൾ മിക്കതും തകരുന്നത്. ഇന്നലെ രാവിലെ 11നു പെയ്ത കനത്ത മഴയിൽ നഗരത്തിലെ മിക്ക റോഡുകളിലും മണിക്കൂറുകളോളം വെള്ളക്കെട്ടായി.

കുര്യൻ ഉതുപ്പ് റോഡ്
ഇൻഡോർ സ്റ്റേഡിയത്തിനു പിന്നിലൂടെ കുര്യൻ ഉതുപ്പ് റോഡിൽ കൂടി കടന്നു പോകുന്ന ഓടയിൽ വെള്ളം നിറഞ്ഞു റോഡിലേക്ക് കയറിയതോടെ വെള്ളത്തിനൊപ്പം ഒഴുകിവന്ന മാലിന്യങ്ങളും റോഡിൽ നിരന്നു. പ്ലാസ്റ്റിക് കവറുകളിൽ കെട്ടി തള്ളിയ മാലിന്യമാണു റോഡിൽ നിരന്നത്. കലുങ്ക് നിറഞ്ഞ് ഓടയിലെ വെള്ളം റോഡിലേക്കു കയറിയതോടെ വാഹനങ്ങൾ കടന്നുപോകുന്നതിനു ബുദ്ധിമുട്ടായി. ഈ റോഡ് നവീകരണത്തിനും കലുങ്ക് വീതികൂട്ടുന്നതിനായി പൊതുമരാമത്ത് വകുപ്പ് കരാർ നൽകി മാസങ്ങൾക്ക് മുൻപു മന്ത്രിയെത്തി ഉദ്ഘാടനവും നടത്തിയിരുന്നു. എന്നാൽ, നടപടിയില്ല.
എംസി റോഡ്
എംസി റോഡിൽ നാഗമ്പടം മഹാദേവ ക്ഷേത്ര കവാടത്തിനു മുൻപിൽ ചെറിയ മഴ പെയ്താൽ പോലും വെള്ളപ്പൊക്കത്തിനു തുല്യമായ വെള്ളമുണ്ട്. റോഡ് നവീകരണ കാലം മുതൽ പരാതി ഉണ്ടെങ്കിലും അധികൃതർ പരിഹരിക്കുന്നില്ല. ഓടയിലേക്ക് സുഗമമായി വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യം ഇല്ലാത്തതാണു വെള്ളക്കെട്ടിന്റെ പ്രധാന കാരണം. നാഗമ്പടം നെഹ്റു സ്റ്റേഡിയം ഭാഗം, ചെമ്പരത്തിമൂട് വളവ്, ചൂട്ടുവേലി തുടങ്ങിയ സ്ഥലങ്ങളിലും ഓടയിലേക്ക് വെള്ളം ഒഴുകിപ്പോകാനുളള തടസ്സങ്ങൾ മൂലം വെള്ളക്കെട്ട് സ്ഥിരമാണ്.
പൊലീസ് ക്ലബ് – കലക്ടറേറ്റ് റോഡ്
കിഴക്കൻ മേഖലയിലേക്കുള്ള വാഹനങ്ങൾ നിർത്തുന്ന ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ ബസ് സ്റ്റോപ്പിലെ കാത്തിരിപ്പു കേന്ദ്രത്തിൽ ഒരു മഴ പെയ്താൽ വെള്ളം കയറും പിന്നീട് യാത്രക്കാരുടെ സ്ഥാനം കാത്തിരിപ്പു കേന്ദ്രത്തിനു പുറത്താണ്. റോഡ് പലതവണ ഉയർത്തുകയും നവീകരിക്കുകയും ചെയ്തുവെങ്കിലും വെള്ളക്കെട്ടിനു മാത്രം ശമനമായില്ല. മഴവെള്ളം ഒഴുകിപ്പോകുന്നതിന് ഓട ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.
മറ്റ് വാഹനങ്ങൾ കടന്നുപോകുമ്പോൾ ബസ് കാത്ത് നിൽക്കുന്നവരുടെ ദേഹത്ത് ചെളിവെള്ളം തെറിക്കുന്നതും പതിവാണ്. ഈ വെള്ളക്കെട്ട് പരിഹരിക്കുന്നതിനും പൊതുമരാമത്ത് വകുപ്പിന് ഓട നിർമിക്കാനുള്ള സ്ഥല സൗകര്യമില്ലാത്തതിനാൽ റവന്യുവകുപ്പ് സ്ഥലം കണ്ടെത്തിത്തരണമെന്നു പൊതുമരാമത്തുവകുപ്പ് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഈസ്റ്റ് പൊലീസ് സ്റ്റേഷന്റെ സമീപത്തുകൂടി വെള്ളം ഒഴുകിപ്പോകാനുള്ള ഓട നിർമിക്കുകയാണ് ശാശ്വത പരിഹാരം എന്നാണ് ഇവർ നിർദേശിച്ചത്. എന്നാൽ, റവന്യുവകുപ്പ് ഇതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ഇടറോഡുകളും മുങ്ങുന്നു
ചന്തക്കടവ് – ടിബി റോഡ്, ചുങ്കം – എസ്എച്ച് മൗണ്ട് റോഡ്, നാഗമ്പടം – പനയക്കഴിപ്പ്– ചുങ്കം റോഡ്, ഈരയിൽക്കടവ് – മുട്ടമ്പലം റോഡ് തുടങ്ങിയ റോഡുകളിലും വെള്ളക്കെട്ട് പതിവ്. ചന്തക്കടവ് – ടിബി റോഡിൽ വെള്ളം കുത്തി ഒഴുകുന്നതു മൂലം ആഴ്ചകൾക്ക് മുൻപ് ചെയ്ത ടാറിങ് പൊട്ടിപ്പൊളിഞ്ഞു. നാഗമ്പടം – പനയക്കഴിപ്പ് – ചുങ്കം റോഡ് വർഷങ്ങളായി ചെളിക്കുളമാണ്. റെയിൽവേ മേൽപാലം നിർമാണം, പാതിയിരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതു മൂലം വർഷങ്ങളായി കാൽനട യാത്ര പോലും കഴിയാത്ത വിധം ദുർഘടമാണ്. ഇപ്പോൾ റെയിൽവേ പാതയുള്ള പണികൾ പൂർത്തിയായ സാഹചര്യത്തിൽ റോഡ് യാത്രായോഗ്യമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.