കോട്ടയം ∙ ജില്ലയിലെ കോൺഗ്രസ് ആസ്ഥാനമായ ഡിസിസി ഓഫിസിനു നേരെ ആക്രമണം നടത്തിയ കേസിൽ 5 ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ. കോടതി ഇവരെ റിമാൻഡ് ചെയ്തു. ഇന്നലെ രാവിലെ പ്രതികൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.മിഥുൻ (അമ്പിളി), വിഷ്ണു ഗോപാൽ, അരുൺകുമാർ, വിഷ്ണു രാജേന്ദ്രൻ എന്നിവരാണ് കീഴടങ്ങിയത്.
ഒന്നിനു പുലർച്ചെ നടന്ന സംഭവത്തിൽ ഇവരെ തിരിച്ചറിഞ്ഞിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. പ്രവീൺ തമ്പി, കെ.മിഥുൻ (അമ്പിളി) എന്നിവർ കഴിഞ്ഞ ദിവസം തിരുനക്കരയിൽ യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ ആക്രമണം നടത്തിയ കേസിലും പ്രതികളാണ്. അന്ന് ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.തിരുവനന്തപുരത്ത് എകെജി സെന്ററിനു നേരെ സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിനു പിന്നാലെയാണ് കോട്ടയം ഡിസിസി ഓഫിസ് ആക്രമിച്ചത്. ജനൽച്ചില്ലുകൾ തകർത്ത സംഘം ഓഫിസിനു നേരെ തീപ്പന്തം എറിഞ്ഞു. കോൺഗ്രസ് പതാക കത്തിച്ചു.
പ്രതികളുടെ ദൃശ്യങ്ങൾ പട്രോളിങ് പൊലീസ് സംഘം പകർത്തുകയും ഇവരെ തിരിച്ചറിയുകയും ചെയ്തെങ്കിലും അറസ്റ്റ് വൈകിയത് വിമർശനത്തിന് ഇടയാക്കിയിരുന്നു. 3 ദിവസത്തിനു ശേഷം ഇന്നലെ പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.സ്വകാര്യ കെട്ടിടം തകർക്കുക, അനധികൃതമായി സംഘം ചേരുക, പന്തം എറിഞ്ഞ് ആക്രമിക്കുക തുടങ്ങിയ കേസുകളാണ് ഇവർക്ക് എതിരെ എടുത്തിരിക്കുന്നത്. 8 പേരാണു ദൃശ്യങ്ങളിലുള്ളത്. 5 പേരെയാണു തിരിച്ചറിഞ്ഞതെന്നും മറ്റുള്ളവർക്ക് എതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.