ADVERTISEMENT

ജില്ലയിൽ പനിബാധിതരുടെ എണ്ണമേറുന്നു; പകർച്ചവ്യാധി ബാധിച്ചവരും ഏറെ

കോട്ടയം ∙ മഴയ്ക്കൊപ്പം പനി പെയ്തിറങ്ങുന്നു. ആശുപത്രികളിൽ പനിബാധിതരുടെ തിരക്ക്. കോവിഡ് ബാധിതരുടെ എണ്ണവും വർധിക്കുന്നു. എലിപ്പനി, ഡെങ്കിപ്പനി എന്നിവ കൂടാതെ ചെള്ളുപനി, തക്കാളിപ്പനി എന്നിവയും ജില്ലയിൽ വ്യാപകമാണ്. വയറിളക്ക രോഗബാധിതരുടെ എണ്ണവും ഉയരുന്നുണ്ട്.‌

പകർച്ചപ്പനി

ജില്ലയിലെ സർക്കാർ ആശുപത്രികളിൽ പ്രതിദിന പനിബാധിതരുടെ എണ്ണം ആയിരം കടന്നു. മേയ് മാസത്തിൽ നൂറിൽ താഴെ രോഗികൾ മാത്രമാണ് ഉണ്ടായിരുന്നെങ്കിൽ ജൂൺ മാസം തുടക്കം മുതൽ പനിബാധിതരുടെ എണ്ണം ആയിരത്തിനുമേൽ ആയി. മിക്ക ആശുപത്രികളിലും ഒപിയിൽ പനിബാധിതരാണു കൂടുതൽ. ഇന്നലെ 1,317 പേരാണ് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.

പനിബാധിതരുടെ എണ്ണം ഉയർന്നതോടെ സ്കൂളുകൾ, ഓഫിസുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹാജർ നില കുറഞ്ഞു. ആഴ്ചകളോളം നീളുകയും പനി മാറിയാലും ആരോഗ്യ പ്രശ്നങ്ങൾ മാറാത്ത അവസ്ഥയുണ്ടെന്നും രോഗികൾ പറയുന്നു.‌

ചെള്ളുപനി

വനമേഖലകളിലും മലയോര മേഖലകളിലും താമസിക്കുന്നവരിൽ വ്യാപകമായി ചെള്ളുപനി കാണപ്പെടുന്നതായി ഡോക്ടർമാർ. ഒരു മാസത്തിനുള്ളിൽ 10 പേരാണ് ചെള്ളുപനി സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. രോഗം സ്ഥിരീകരിക്കാൻ ആഴ്ചകളെടുക്കും. എലിപ്പനിയുടെ ലക്ഷണങ്ങൾക്കൊപ്പം കഠിനമായ തലവേദനയാണ് ലക്ഷണം. ശരീരത്തിന്റെ മടക്കുകളിൽ വ്രണങ്ങൾ കാണപ്പെടുന്നതാണു ചെള്ളുപനി തിരിച്ചറിയാൻ സഹായിക്കുന്നത്.

തലച്ചോറിൽ രക്തസ്രാവം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്. മൃഗങ്ങളുടെ ദേഹത്തു നിന്നാണു ചെള്ള് മനുഷ്യരിലേക്കു കയറുന്നത്. ഇതു കണ്ണുകൾ കൊണ്ടു കാണാൻ ബുദ്ധിമുട്ടാണ്. ഇന്നലെ 2 പേർ കൂടി ചെള്ളുപനി സംശയിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

തക്കാളിപ്പനി

ചെറിയ കുട്ടികളിൽ കാലിലും കയ്യിലും വായിലും ചെറിയ കുരുക്കൾ പോലെ തടിച്ചു പൊങ്ങുന്ന തക്കാളിപ്പനി (ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസ്) വ്യാപകമാണ്. ജില്ലയിലെ 3 അങ്കണവാടിയിൽ 25 ൽ പരം കുട്ടികൾക്കാണ് രോഗം പടർന്നു പിടിച്ചത്. ഇതുകൂടാതെ ഡേ കെയർ സെന്ററുകൾ, നഴ്സറി സ്കൂൾ, സ്കൂൾ വിദ്യാർഥികളിലും രോഗം വ്യാപകമായി പടരുന്നുണ്ട്. പനിക്ക് ഒപ്പം ശരീരത്തു ചെറിയ കുരുക്കളാണു ലക്ഷണം. രൂക്ഷമായ ചൊറിച്ചിൽ ഉണ്ടാകും.

കൈകളിലും മുഖത്തും വായിലും കുരുക്കൾ വരും. അതിരമ്പുഴ, നാട്ടകം എന്നിവിടങ്ങളിലെ അങ്കണവാടികളിൽ ഭൂരിഭാഗം കുട്ടികൾക്കും രോഗം ഉണ്ടായിരുന്നു.

എലിപ്പനി

മരണസാധ്യത ഏറെയുള്ള എലിപ്പനി ജില്ലയിലെ മിക്കപ്രദേശങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇടവിട്ട് പെയ്യുന്ന മഴ പെയ്യുന്ന നാളുകളിലാണ് എലിപ്പനി വ്യാപകമാകുന്നത്. കനത്ത മഴ പെയ്യുന്നതോടെ രോഗസാധ്യത കുറയും. കടുത്ത പനിബാധിതരിൽ ശരീരത്തെ ക്രിയാറ്റിന്റെ അളവ് കുറയുന്ന സാഹചര്യത്തിൽ എലിപ്പനി രോഗം സംശയിക്കും.

ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടി എത്തിയാൽ ഉടൻ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കും. രോഗം പെട്ടെന്നു ഗുരുതരമായി മരണം സംഭവിക്കാനുള‌ള സാധ്യതയുണ്ട്.

ഡെങ്കിപ്പനി

ഇടവിട്ടുള്ള മഴക്കാലത്താണ് ഡെങ്കിപ്പനി വ്യാപകമാകുന്നത്. കടുത്ത പനിക്ക് ഒപ്പം രക്ത സമ്മർദം താഴുക, ശരീരത്തിലെ രോമങ്ങൾക്ക് ഇടയിൽ രക്തം പൊടിയുക തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവു പരിശോധിച്ച് മറ്റു പരിശോധനകളുടെ കൂടി അടിസ്ഥാനത്തിൽ രോഗം നിർണയിക്കും.

കടപ്പാട് : ഡോ. പി. പ്രശാന്തകുമാർ, പ്രഫസർ, മെഡിസിൻ വിഭാഗം കോട്ടയം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com