പാഴ്സൽ ലോറിയും 2 കാറുകളും കൂട്ടിയിടിച്ചു; 3 പേർക്ക് പരുക്ക്

മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയ്ക്കു സമീപം വളവി‍ൽ  പാഴ്സൽ ലോറിയും രണ്ടു കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടം.
മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയ്ക്കു സമീപം വളവി‍ൽ പാഴ്സൽ ലോറിയും രണ്ടു കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടം.
SHARE

മരങ്ങാട്ടുപിള്ളി ∙ കോഴാ–പാലാ റോഡിൽ മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയുടെ സമീപം പന്നിക്കോട്ട് വളവിൽ പാഴ്സൽ ലോറിയും 2 കാറുകളും കൂട്ടിയിടിച്ച് 3 പേർക്കു പരുക്ക്. പരുക്കേറ്റ സബീന സക്കീർ (48), മക്കളായ മുഹമ്മദ് സഫീർ (26), മുഹമ്മദ് സഹീർ (21) എന്നിവരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കു ഗുരുതരമല്ല. ഇന്നലെ രാവിലെ 6.45നാണ് അപകടവളവിൽ 3 വാഹനങ്ങൾ കൂട്ടിയിടിച്ചത്. കുറവിലങ്ങാട് ഭാഗത്തു നിന്നു വന്ന പാഴ്സൽ ലോറി നിയന്ത്രണം വിട്ടു കാറുകളിൽ ഇടിക്കുകയായിരുന്നു. 

മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയ്ക്കു സമീപം ഉണ്ടായ  അപകടത്തി‍ൽ തകർന്ന കാറുകൾ.
മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം കവലയ്ക്കു സമീപം ഉണ്ടായ അപകടത്തി‍ൽ തകർന്ന കാറുകൾ.

ഈരാറ്റുപേട്ടയിൽ നിന്നു കൊച്ചിയിലേക്കു പോകുകയായിരുന്ന കാറിലാണു ലോറി ആദ്യം ഇടിച്ചത്. തുടർന്ന്, പിന്നാലെ എത്തിയ മറ്റൊരു കാർ ലോറിയിൽ ഇടിച്ച കാറിന്റെ പിന്നിൽ ഇടിച്ചു. 3 വാഹനങ്ങളും വഴിയിൽ കുരുങ്ങിയതോടെ കോഴാ–പാലാ റോഡിൽ മുക്കാൽ മണിക്കൂറിലധികം ഗതാഗതം മുടങ്ങി. 

വാഹനങ്ങൾ കിടങ്ങൂർ–മംഗലത്താഴം കെ.ആർ.നാരായണൻ റോഡ് ഉൾപ്പെടെ മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു. ക്രെയിൻ ഉപയോഗിച്ചു വാഹനങ്ങൾ റോഡിൽ നിന്നു നീക്കിയ ശേഷമാണു ഗതാഗതം പുനഃസ്ഥാപിച്ചത്.ലോറിയിലിടിച്ച കാർ പൂർണമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരും മരങ്ങാട്ടുപിള്ളി പൊലീസും ചേർന്നാണു കാർ വെട്ടിപ്പൊളിച്ചു യാത്രക്കാരെ പുറത്തെടുത്തത്. പിന്നിൽ ഇടിച്ച കാറിലെ യാത്രക്കാർക്കു കാര്യമായ പരുക്കില്ല.

അപകടം പതിയിരിക്കുന്ന വളവ്

കോഴാ–പാലാ റോഡിലെ ഏറ്റവും അപകടസാധ്യത കൂടിയ സ്ഥലമാണു കുറിച്ചിത്താനം കവലയും ഇതിനു സമീപത്തെ പന്നിക്കോട്ട് വളവും. ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്കു പരസ്പരം കാണാൻ സാധിക്കാത്ത രീതിയിൽ എസ് ആകൃതിയിലാണു വളവ്. വർഷങ്ങൾക്കു മുൻപു റോഡ് നവീകരിച്ചപ്പോൾ വളവു നിവർത്തണമെന്ന നിർദേശം ഉയർന്നെങ്കിലും നടപ്പായില്ല.

ഈ ഭാഗത്തു റോഡിനു കഷ്ടിച്ച് 7 മീറ്റർ വീതി മാത്രമാണുള്ളത്. മഴക്കാലത്തു വെള്ളക്കെട്ട് കൂടി രൂപപ്പെടുമ്പോൾ വളവിലെ അപകടസാധ്യത കൂടുന്നു. വളവിനു തൊട്ടടുത്തുള്ള കുറിച്ചിത്താനം കവലയിലും അപകടസാധ്യത കൂടുതലാണ്.മാസങ്ങളായി ഇവിടെയുള്ള കുഴികൾ അപകടസാധ്യത കൂട്ടുന്നു. ഇരുചക്ര വാഹനങ്ങളാണു മിക്കപ്പോഴും അപകടത്തിൽ പെടുന്നത്.

മഴവെള്ളം ഒഴുകിപ്പോകുന്നതിനു സംവിധാനം ഇല്ല. സമീപത്തെ കലുങ്കിലൂടെ വെള്ളം ഒഴുകുന്നതും തടസ്സപ്പെട്ടിരിക്കുകയാണ്. ജംക്‌ഷൻ ഭാഗത്തു റോഡ് ഉയർത്തി ഇരുവശങ്ങളിലും ഓട നിർമിച്ചു നവീകരിക്കണമെന്നും പന്നിക്കോട്ട് വളവ് വീതി കൂട്ടി നിവർത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS