ADVERTISEMENT

കോട്ടയം ∙ ആത്മാർഥമായ പ്രവർത്തനം കൊണ്ട് ആദ്യ കാലം മുതൽ പാർട്ടിയെ നെഞ്ചോടു ചേർത്തുപിടിച്ച കമ്യൂണിസ്റ്റാണ് എം.എം.വർക്കി. കമ്യൂണിസ്റ്റ് പാർട്ടിയുടെ 1964ലെ പിളർപ്പിനു ശേഷം സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫിസ് സെക്രട്ടറിയായിവർക്കി നിയമിതനായി. അതോടെ പാർട്ടി ഓഫിസിനുള്ള കെട്ടിടം കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം വർക്കി ഏറ്റെടുത്തു. ഏറെ അന്വേഷിച്ചെങ്കിലും പാർട്ടി ഓഫിസിനു കെട്ടിടം കിട്ടിയില്ല. അതോടെ വർക്കി ഒരു കൗശലം പ്രയോഗിച്ചു.

പാർട്ടി നേതാവായ എംസി.ജേക്കബിനും കുടുംബത്തിനും താമസിക്കാനാണെന്നു പറഞ്ഞു തിരുനക്കര വടക്കേനടയിലെ ഒരു വീടു വാടകയ്ക്ക് എടുത്തു. അധികം വൈകാതെ അവിടെ ബോർഡ് വച്ച് പാർട്ടി ഓഫിസ് തുടങ്ങി. ഓഫിസ് സെക്രട്ടറിയായി വർക്കിയും. പിന്നീട് ആ സ്ഥലവും വീടും പാർട്ടി വിലയ്ക്കു വാങ്ങി. തെക്കുഗോപുരത്തിനു സമീപം പുതിയ ഓഫിസ് പണിതതോടെ പഴയ ഓഫിസ് സിഐടിയു ജില്ലാ കമ്മിറ്റി ഓഫിസാക്കി. 

പാർട്ടി ജില്ലാ കമ്മിറ്റി ഓഫിസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള മുഴുവൻ പ്രവർത്തകർക്കും ഇത്തരത്തിൽ ഓരോ അനുഭവങ്ങൾ വർക്കിയെക്കുറിച്ച് പറയാനുണ്ടാകുമെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സുരേഷ്കുറുപ്പ് ഓർമിച്ചു. വലിയ വായനയുള്ള ആളായിരുന്നു വർക്കി.

ഓഫിസിൽ എത്തുന്നവരെ വായനയുടെ ലോകത്തേക്ക് എത്തിച്ചു. തുച്ഛമായ വരുമാനത്തിൽ നിന്നാണ് വിലപിടിപ്പുള്ള പുസ്തകങ്ങൾ വാങ്ങിയിരുന്നത്. എസ്എഫ്ഐ പ്രവർത്തനകാലത്താണ് അദ്ദേഹവുമായി അടുത്തിടപഴകിയത്. താൻ എംപിയായിരുന്ന വർഷങ്ങളിൽ ഡൽഹിയിൽ നടന്നിട്ടുള്ള മിക്ക ഫിലിം ഫെസ്റ്റിവലുകൾക്കും ഒപ്പം വന്നിട്ടുണ്ടെന്നും സുരേഷ്കുറുപ്പ് പറഞ്ഞു.

പുസ്തകങ്ങൾ ഇഷ്ടപ്പെട്ടതു പോലെ സിനിമയിലും വലിയ കമ്പം വർക്കിക്ക് ഉണ്ടായിരുന്നെന്നു സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റ് പി.കെ.ഹരികുമാർ അനുസ്മരിച്ചു. സിനിമയിലെ സാങ്കേതിക വശങ്ങൾ, സംവിധാനം, ക്യാമറ എന്നിവയിലെല്ലാം ആഴത്തിലുള്ള അറിവ് നേടിയിരുന്നു. സിനിമ സംവിധാനം ചെയ്യണമെന്നത് അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു. അടിയന്തരാവസ്ഥയ്ക്കു മുൻപു മുതൽ പാർട്ടിയുടെ പീഡനകാലത്തെല്ലാം ഒപ്പം നിന്നു. ക്രൈസ്തവ കുടുംബത്തിൽ നിന്നു പാർട്ടിയുടെ കൂടെ വന്നതിൽ ഒട്ടേറെ മാനസിക സംഘർഷങ്ങൾ അനുഭവിച്ചിരുന്നു. പഠനകാലത്ത് പാർട്ടിയുമായി ബന്ധപ്പെട്ടതിനു പാലായിലെ കോളജിൽ നിന്നു പുറത്താക്കുകയായിരുന്നു.

ഇഎംഎസ് മുതലുള്ള നേതാക്കളുമായി സൗഹൃദം ഉണ്ടായിരുന്നു അദ്ദേഹത്തിന്. സ്നേഹവും സേവനവും കൈമുതലായുള്ള പ്രവർത്തകനായിരുന്നു വർക്കിയെന്നു മുൻ ജില്ലാ സെക്രട്ടറിയും മന്ത്രിയുമായ വി.എൻ.വാസവൻ ഓർമിച്ചു. പുരുഷായുസ്സ് മുഴുവൻ പാർട്ടി, വായനശാല, സിനിമ തുടങ്ങിയ മേഖലകൾക്കു വേണ്ടി ചെലവഴിച്ചയാളാണെന്നും വാസവൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com