ADVERTISEMENT

പെരിയാർ ടൈഗർ റിസർവിൽ 2 ദിവസത്തിനിടെ ചരിഞ്ഞത് 2 ആനകൾ

മുണ്ടക്കയം ∙ ശബരിമല വനാതിർത്തിയിലെ ജനവാസ മേഖലയിൽ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പാറാന്തോടിലാണു സംഭവം. നാട്ടിലിറങ്ങിയ മോഴയാന പ്ലാവ് കുത്തിമറിച്ച് ഇട്ടതോടെ വൈദ്യുതലൈൻ താഴ്ന്നു പോകുകയും അതിൽ തട്ടി ഷോക്കേൽക്കുകയും ചെയ്തെന്നാണു നിഗമനം.

    മുണ്ടക്കയം പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പാറാന്തോടിൽ ശബരിമല വനാതിർത്തിയിലെ ജനവാസ മേഖലയിൽ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്  നീക്കം ചെയ്യാനുള്ള ശ്രമം.  ചിത്രം: റിജോ ജോസഫ് ∙മനോരമ
മുണ്ടക്കയം പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ പാറാന്തോടിൽ ശബരിമല വനാതിർത്തിയിലെ ജനവാസ മേഖലയിൽ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്യാനുള്ള ശ്രമം. ചിത്രം: റിജോ ജോസഫ് ∙മനോരമ

പെരിയാർ ടൈഗർ റിസർവ് പ്രദേശത്ത് 2 ദിവസത്തിനിടെ രണ്ടാമത്തെ ആനയാണ് ഷോക്കേറ്റു ചരിഞ്ഞത്. ഞായറാഴ്ച വണ്ടിപ്പെരിയാർ വള്ളക്കടവ് മൂലക്കയത്ത് കുട്ടിയാന ഷോക്കേറ്റ് ചരിഞ്ഞിരുന്നു. ഫോറസ്റ്റ് വെറ്ററിനറി സർജൻ അനുരാജിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഷോക്കേറ്റതാണു മരണ കാരണമെന്നു സ്ഥിരീകരിച്ചതായി അഴുത റേഞ്ച് ഓഫിസർ ജ്യോതിഷ് ഒഴാക്കൽ പറഞ്ഞു.

ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ കാത്തിരിക്കുന്നവർ. ചക്ക തിന്നാനായി ആന കുത്തിമറിച്ചിട്ട രണ്ടു പ്ലാവുകളിലാണ് ആളുകൾ ഇരിക്കുന്നത്.
ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയ കാട്ടാനയെ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ കാത്തിരിക്കുന്നവർ. ചക്ക തിന്നാനായി ആന കുത്തിമറിച്ചിട്ട രണ്ടു പ്ലാവുകളിലാണ് ആളുകൾ ഇരിക്കുന്നത്.

ഷോക്കേറ്റ് ഒടുങ്ങുന്ന കാട്ടാനകൾ; വേണം ശാശ്വത പരിഹാരം

വൈദ്യുതക്കമ്പി പൊട്ടിവീണുണ്ടായ അപകടങ്ങളിൽ രണ്ടു ദിവസത്തിനിടെ ചരിഞ്ഞത് രണ്ടു കാട്ടാനകൾ. കനത്ത മഴയിൽ കാട്ടിലെ മരങ്ങൾ കടപുഴകി വൈദ്യുതക്കമ്പികളിൽ വീണ് അതിൽ നിന്നു ഷോക്കേറ്റാണ് രണ്ട് ആനകളും ചരിഞ്ഞത്. ജനവാസ മേഖലയിലേക്ക് ഭക്ഷണം തേടി കാട്ടാനക്കൂട്ടങ്ങൾ ഇറങ്ങുന്നതാണു അപകടങ്ങൾക്കു കാരണം.

കാർഷിക വിളകൾക്കു സംരക്ഷണം വേണമെന്ന കർഷകരുടെ ആവശ്യത്തിൽ ശാശ്വത പരിഹാരമുണ്ടാക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഈ അപകടങ്ങൾ ഒഴിവാകുമായിരുന്നു. 2011ലെ കണക്കു പ്രകാരം കേരളത്തിൽ 7,490 കാട്ടാനകളുണ്ട്. 11 വർഷത്തിനിടെ കാട്ടാനകളുടെ എണ്ണം ക്രമാതീതമായി കൂടിയെന്നു തന്നെയാണു വിദഗ്ധരുടെ അഭിപ്രായം. കാടുകളിൽ ആവശ്യത്തിനുള്ള വെള്ളവും ഭക്ഷണവും കിട്ടാതാകുന്നതോടെ നാട്ടിലിറങ്ങുകയാണ് ആനകൾ.

കോരുത്തോടിന് ആനപ്പേടി

പരാതി പറഞ്ഞ് നാട്ടുകാർ മടുത്തു. ഒടുവിൽ ആനയുടെ ജീവൻ കവർന്ന ദാരുണ സംഭവത്തിനു ശേഷമെങ്കിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണു വനാതിർത്തി പങ്കിടുന്ന ഗ്രാമങ്ങൾ. കാട്ടാനകൾ നാട്ടിൽ ഇറങ്ങുന്നത് പതിവായിട്ട് 4 വർഷത്തോളം പിന്നിടുന്നു. ഇന്നലെ ആന ചരിഞ്ഞ മൂഴിക്കൽ പ്രദേശത്ത് 400 മീറ്ററോളം വേലി സ്ഥാപിച്ചിട്ടില്ല.

കാട്ടുപോത്ത്, പന്നി തുടങ്ങിയവയുടെ ശല്യവും വ്യാപകമാണ്. ജനവാസ മേഖലകളിൽ വീടുകളുടെ അടുക്കൽ വരെ ആനകൾ എത്തിയതോടെ ജനങ്ങൾ ഭീതിയിലാണ്.രണ്ട് വർഷമായി ഏഴ് ആനകൾ അടങ്ങുന്ന ഒരു സംഘം കോരുത്തോട് പഞ്ചായത്തിന്റെ വനം അതിർത്തി പ്രദേശത്ത് പല മേഖലകളിലായി ജനങ്ങളെ ഭീതിയിലാക്കുന്നു. ആനകൾ ഇറങ്ങുമ്പോൾ പടക്കം പൊട്ടിച്ച് ഓടിക്കുക മാത്രമാണ് ഏക നടപടി.

പുലിപ്പേടിയിൽ വീണ്ടും ചെന്നാപ്പാറ

ടി.ആർ.ആൻഡ് ടി എസ്റ്റേറ്റിൽ ചെന്നാപ്പാറ പ്രദേശത്ത് പശുക്കിടാവിനെ ചത്ത നിലയിൽ കണ്ടെത്തി. പുലിയുടെ ആക്രമണമാണെന്ന സംശയം ബലപ്പെടുന്നു. ഇന്നലെ രാവിലെ തൊഴിലാളികളാണ് തോട്ടത്തിനുള്ളിൽ പശുവിനെ കടിച്ചു കീറി കൊലപ്പെടുത്തിയ നിലയിൽ കണ്ടത്. ആറ് മാസമായി പുലി ഭീതിയിലാണ് നാട്. ചെന്നാപ്പാറയിൽ എസ്റ്റേറ്റിനുള്ളിൽ തന്നെ പല സ്ഥലങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു. 5 മാസത്തിനിടെ 10 പശുക്കളെ ചത്ത നിലയിൽ കണ്ടു. വനം വകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞില്ല. ഇ.ടി.കെ ഭാഗത്ത് വനം വകുപ്പ് പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചെങ്കിലും പ്രയോജനം ലഭിച്ചില്ല.

കോരുത്തോട് പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും മിക്ക ദിവസവും ആനകൾ ജനവാസ മേഖലയിൽ എത്താറുണ്ട്. വേഗം പരിഹാരം കാണണം.
ജോജോ പാമ്പാടത്ത് കോരുത്തോട്.

വനം അതിർത്തിയിൽ ജനവാസമേഖലയ്ക്ക് സമീപം 2 കിലോമീറ്റർ സോളർ വേലി സ്ഥാപിച്ചിരുന്നു. എന്നാൽ തുക തികഞ്ഞില്ലെന്ന പേരിൽ 400 മീറ്ററിൽ വേലി സ്ഥാപിച്ചില്ല. ഇൗ വഴിയാണ് ആനകൾ നാട്ടിൽ ഇറങ്ങുന്നത്.
ദിവാകരൻ പുത്തൻപുരയ്ക്കൽ, മൂഴിക്കൽ.

സോളർ വൈദ്യുത വേലികൾ ആനയ്ക്കെന്നല്ല, ഒരു മൃഗത്തിനും ജീവഹാനി ഉണ്ടാക്കില്ല. വൈദ്യുത വേലികളിൽ ഗാർഹിക കണക്‌ഷനുകളിൽ നിന്നുള്ള എസി കണ‌ക്‌ഷൻ നൽകുമ്പോഴാണ് അപകടം ഉണ്ടാവുന്നത്.
എസ്.വി. വിനോദ്,മൂന്നാർ വൈൽഡ് ൈലഫ് വാർഡൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com