ADVERTISEMENT

പള്ളിക്കത്തോട് ∙ ജീവിതസന്ദേശവുമായി കാൽനടയായി ഭാരത പര്യടനം നടത്തിയ  ദമ്പതികൾ തിരിച്ചെത്തി. ‘വോക്കിങ് ഇന്ത്യൻ കപ്പിൾ’‌   എന്ന പേരിട്ടു പള്ളിക്കത്തോട് കൊട്ടാരത്തിൽ ബെന്നിയും(54) ഭാര്യ മോളിയും (45) നടന്നത് തുടർച്ചയായി 216 ദിവസങ്ങൾ. കന്യാകുമാരിയിൽ  ആരംഭിച്ചു കശ്‌മീർ വരെ നടന്നാണ് ഇവർ ലക്ഷ്യം കൈവരിച്ചത്. 

വിവാഹം കഴിഞ്ഞ് 19 വർഷമായി കുട്ടികളില്ലാത്ത  ഇവർ പരസ്പരം താങ്ങും തണലുമാവുകയെന്ന സന്ദേശവുമായാണു യാത്ര ആരംഭിച്ചത്. ഒപ്പം നടപ്പിന്റെ ആരോഗ്യ സന്ദേശം ജനങ്ങളിലേക്കു പകരാനുമായി. സാധിച്ചു. 8  മാസം നീണ്ട പര്യടനത്തിൽ 17 സംസ്ഥാനങ്ങൾ പിന്നിട്ടാണു ലക്ഷ്യത്തിൽ എത്തിയത്. ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നു. ജാർഖണ്ഡിൽ സന്ധ്യാ സമയത്ത് ആനയുടെ മുന്നിൽപെട്ടതാണ് ജീവനു ഭീഷണി നേരിട്ട അനുഭവം. ഓടി രക്ഷപ്പെട്ടു. 

ആരാധനാലയങ്ങൾ, പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലായിരുന്നു വിശ്രമം. അഭയം നൽകാത്ത ചിലരിൽ നിന്നു ദുരനുഭവങ്ങളും ഉണ്ടായി.യാത്രയെക്കുറിച്ചു കേട്ടറി‍ഞ്ഞ് കാത്തുനിന്നു സഹായം നൽകിയവരുടെ പിന്തുണയാണ് നടപ്പിനു കരുത്തു പകർന്നതെന്നു ബെന്നിയും മോളിയും പറഞ്ഞു.  

സദാചാര ഗുണ്ടകളുടെ ഉപദ്രവവും ഉണ്ടായി. യാത്രാ ലക്ഷ്യം അറിഞ്ഞ്  ഇവർ പിന്നീട് കൂട്ടായി മാറിയ അനുഭവവുമുണ്ട്. ആന്ധ്രപ്രദേശിൽ  അധ്യാപകരായിരുന്ന ബെന്നിയും മോളിയും കോവിഡ് കാലത്തു ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നാണ് 2 വർഷം മുൻപ് പള്ളിക്കത്തോട്ടിൽ തിരിച്ചെത്തിയത്. ആരോഗ്യ സന്ദേശം പങ്കിട്ട് 2 തവണ ബെന്നി കശ്‌മീർ വരെ സൈക്കിൾ  യാത്ര നടത്തിയിരുന്നു.  ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയ മോളി ആരോഗ്യം വീണ്ടെടുത്തതോടെയാണു കാൽനട യാത്രയ്ക്കായി ബെന്നിക്ക് ഒപ്പം ചേർന്നത്. ഉത്തരേന്ത്യയിൽ വഴിയിൽ അപകടത്തിൽപെട്ടയാളെ രക്ഷപ്പെടുത്താൻ ഇവർക്കായാതു സന്തോഷം പകരുന്ന ഓർമ.  തെരുവിൽ അവശയായി കണ്ടെത്തിയ നായയ്ക്ക് പരിചരണം ഒരുക്കി. ഈ നായ ഇവർക്ക് ഒപ്പം യാത്രയിൽ തുടർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com