ADVERTISEMENT

ഹലോ ഗയ്സ്...

നമുക്കിന്നൊരു യാത്ര പോയാലോ? കെഎസ്ആർടിസി ശുചിമുറികളുടെ അവസ്ഥ ഭയാനകമാണെന്നും സൗകര്യം മെച്ചപ്പെടുത്തണമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി പറഞ്ഞത് നിങ്ങളും അറിഞ്ഞു കാണുമല്ലോ.. ഭയപ്പാടോടുകൂടി മാത്രമേ ശുചിമുറികളിൽ കയറാനാകൂ എന്നാണു കോടതി പറഞ്ഞത്. എന്നാൽപിന്നെ നമ്മുടെ ജില്ലയിലെ ശുചിമുറികൾ കണ്ടറിയാൻ (ചിലപ്പോൾ മണത്തറിയാനും) ഒരു യാത്ര നടത്തിയാലോ?

ഏറ്റവും നല്ല ശുചിമുറികൾക്കു റേറ്റിങ് നൽകിയാണ് ഈ യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. ബസ് സ്റ്റാൻഡുകളിലെ ശുചിമുറികൾ മാത്രമാണു പരിശോധിച്ചത്. കോട്ടയത്തു നിന്നു തുടങ്ങി ചങ്ങനാശേരി, കറുകച്ചാൽ, പാമ്പാടി, പൊൻകുന്നം, എരുമേലി, മുണ്ടക്കയം ചെന്ന് പൂഞ്ഞാർ വഴി ഈരാറ്റുപേട്ട, പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂർ എത്തി തിരികെ കോട്ടയം. അതാണു നമ്മുടെ പ്ലാൻ.

   പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതുശുചിമുറി.
പാലാ കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതുശുചിമുറി.

സമയം രാവിലെ 7.30കോട്ടയം നഗരത്തിൽ നിന്നു തന്നെ തുടങ്ങാം.

നാഗമ്പടം സ്റ്റാൻഡ്
നാഗമ്പടത്തു നഗരസഭ പണിത സ്റ്റാൻഡിൽ ശുചിമുറികൾ നല്ല വൃത്തിയായി പരിപാലിക്കുന്നുണ്ട്. ദിവസവും വൃത്തിയാക്കുന്നതിനാൽ മണമോ മറ്റ് അസ്വസ്ഥതകളോ ഇല്ലാതെ ധൈര്യമായി കയറാം. നാപ്കിൻ ലഭിക്കുന്ന മെഷീനും സ്ഥാപിച്ചിട്ടുണ്ട്. 10 രൂപയാണ് ഒരു നാപ്കിന് ഈടാക്കുന്നത്. അത് അൽപം കൂടുതലാണെന്നതു മാറ്റി വച്ചാൽ മറ്റു വിഷയങ്ങളില്ല. ഇത്രയും നല്ല ശുചിമുറികൾ കൺമുന്നിലുണ്ടായിട്ടും ഇതിന്റെ പിന്നിൽ നിന്നു ചിലർ ‘കാര്യം സാധിച്ചിട്ടു’ പോകുന്നത് ശ്രദ്ധയിൽപെട്ടു. ഇത് അത്ര നല്ല കാര്യമാണോ ഗയ്സ്?

തിരുനക്കര ബസ് സ്റ്റാൻഡ്
അൽപം മണം സഹിക്കാൻ തയാറെങ്കിൽ കയറാം. കപ്പുകളും മറ്റും അശ്രദ്ധമായി വച്ചിരിക്കുന്നതു കുറച്ചുകൂടി വ‍ൃത്തിയാക്കണം.

കോട്ടയം കെഎസ്ആർടിസി
ഒരുപക്ഷേ ഭൂമിയിൽ വെള്ളം ഉണ്ടാകുന്നതിനും മുന്നേ ഈ ശുചിമുറി ഇവിടെ ഉണ്ടായിരുന്നിരിക്കണം. തീർത്തും ‘അൺസഹിക്കബിൾ’. വെട്ടമോ വെളിച്ചമോ കടന്നു വരാത്തയിടം. കണ്ണടച്ചു ശ്വാസം വലിച്ചു പിടിച്ചുവച്ച് തീരെ നിവൃത്തിയില്ലെങ്കിൽ മാത്രം ഉപയോഗിക്കാം.

സമയം രാവിലെ 8.10
നമ്മളിപ്പോൾ ചങ്ങനാശേരിയിലാണ്

കെഎസ്ആർടിസി സ്റ്റാൻഡ്
‍വൃത്തിയുടെ കാര്യത്തിൽ അത്ര പ്രശ്നക്കാരനല്ല ഇവിടത്തെ ശുചിമുറി. സമയത്തിനു വൃത്തിയാക്കാൻ ജീവനക്കാരും ശ്രദ്ധിക്കുന്നുണ്ട്.

പ്രൈവറ്റ് സ്റ്റാൻഡിലെ മുനിസിപ്പൽ കംഫർട്ട് സ്റ്റേഷൻ
ശുചിമുറിയുടെ അകത്ത് മണം മാത്രമാണ് വിഷയമെങ്കിലും പരിസരം അങ്ങനെയല്ല. മാലിന്യം കുന്നുകൂട്ടിയിരിക്കുന്നതിനാൽ ദുർഗന്ധമാണ്. അകത്തും മണം, പുറത്തും മണം– അതാണ് അവസ്ഥ.

പെരുന്ന സ്റ്റാൻഡ് ( സ്റ്റാർ ഇടാൻ അവിടെ ശുചിമുറിയില്ല)
പുതിയ ശുചിമുറികളുടെ പണി നടക്കുന്നതിനാൽ ഇവിടെ നിലവിലുള്ള ശുചിമുറി അടച്ചിട്ടിരിക്കുകയാണ്. അതോടെ പുരുഷന്മാർ സമീപത്തെ പണിതീരാത്ത കടമുറികളിലാണു കാര്യം സാധിക്കുന്നത്. ‘ഇവിടെ കാറ്റിനു സുഗന്ധം’ എന്ന പാട്ട് യാത്രക്കാർ ഇവിടെയെത്തുമ്പോൾ വീണ്ടും ഓർക്കും. പുരുഷന്മാർക്ക് കടമുറി എങ്കിലും ഉണ്ട്, സ്ത്രീകൾ എന്തു ചെയ്യും?

സമയം 9.05
കറുകച്ചാൽ ബസ് സ്റ്റാൻഡ്

സംസ്ഥാന സർക്കാരിന്റെ ടേക് എ ബ്രേക്ക് പദ്ധതിയിലൂടെ നിർമിച്ച ശുചിമുറി. സാനിറ്ററി പാഡ് മെഷീനിൽ ഈടാക്കുന്നത് 5 രൂപ മാത്രം. വൃത്തിയുണ്ട്. ഒപ്പം ഇരിക്കാൻ ഇടവും.

സമയം 9.45
പാമ്പാടി ബസ് സ്റ്റാൻഡ്

സ്ത്രീകളുടെ ശുചിമുറികളിൽ പുരുഷന്മാർ കയറിയിറങ്ങുന്നു ഇവിടെ. പുരുഷന്മാരുടെ ശുചിമുറി അടച്ചിട്ടതാണു പറയുന്ന ന്യായം. വല്ല ഒളിക്യാമറയും വച്ചാൽ ആരു മറുപടി പറയും? ബസ് സ്റ്റാൻഡിലേക്കു കയറുമ്പോൾ തന്നെയുള്ള ഷീ ടോയ്‌ലറ്റ് പാമ്പുവളർത്തൽ കേന്ദ്രമാക്കി മാറ്റിയെന്നു തോന്നുന്നു.

സമയം 10.20
പൊൻകുന്നം ബസ് സ്റ്റാൻഡ്

വഴിയിടം പദ്ധതിയിലൂടെ നിർമിച്ച ശുചിമുറി ഉപയോഗിക്കാൻ മടിക്കേണ്ടതില്ല. അര മണിക്കൂർ കൂടുമ്പോൾ വൃത്തിയാക്കും എന്നു പറയുമ്പോഴും മണത്തിന്റെ കാര്യത്തിൽ അൽപം കൂടി ശ്രദ്ധിക്കണം.

സമയം 11.00
കാഞ്ഞിരപ്പള്ളി (തുറന്നിട്ടു വേണ്ടേ സ്റ്റാർ)

രണ്ടു ദിവസം മഴ പെയ്താൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാ‍ൻഡിലെ ശുചിമുറികൾ അടച്ചുപൂട്ടും. സെപ്റ്റിക് ടാങ്ക് നിറഞ്ഞ് സ്റ്റാൻഡിലൂടെ മലിന ജലം ഒഴുകാൻ തുടങ്ങിയതാണു കാരണം. ദിവസേന മുന്നൂറിലധികം ബസുകൾ കടന്നു പോകുന്ന സ്റ്റാൻഡാണേ... സമീപത്തെ മരത്തണലിൽ പുരുഷന്മാർ ആശ്വാസം കണ്ടെത്തുമ്പോൾ സ്ത്രീകൾ നിസ്സഹായരാണ്.

സമയം 11.30
എരുമേലി ബസ് സ്റ്റാൻഡ് (പ്രവർത്തനരഹിതം)

കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ സമയത്തു പൂട്ടിയ ശുചിമുറി ഇനിയും തുറന്നിട്ടില്ല.

സമയം 12.30
മുണ്ടക്കയം

വൃത്തിയുടെ കാര്യത്തിൽ കാര്യമായ പോരായ്മ ഇല്ലെങ്കിലും മലിന ജലം പുറത്തേക്ക് ഒഴുകുന്നതു വലിയ പ്രതിസന്ധിയാണ്. സെപ്റ്റിക് ടാങ്കുകൾ ഇരിക്കുന്ന സ്ഥലത്തു മഴക്കാലത്ത് ഉറവ രൂപപ്പെടുന്നതാണു കാരണം. ദുർഗന്ധവുമുണ്ട്.

സമയം 1.20
പൂഞ്ഞാർ

സ്റ്റാൻഡിൽ 3 ശുചിമുറികളുണ്ട്. ഇതിൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ഒരു ഷീ ടോയ്‌ലറ്റും ടേക് എ ബ്രേക് ശുചിമുറിയും ഉണ്ട്. എന്നാൽ ഷീ ടോയ്‌ലറ്റ് അൽപം ശോകമാണ്. പായലും പൂപ്പലും പിടിച്ച ബക്കറ്റും കപ്പുമാണ് വച്ചിട്ടുള്ളത്. ഇതിനോടു ചേർന്ന് അമ്മമാർക്ക് മുലയൂട്ടാനുള്ള ഫീഡിങ് റൂം നല്ലൊരു മാതൃകയാണ്. എന്നാൽ ഇതേ കെട്ടിടത്തിലെ ടേക് എ ബ്രേക് ശുചിമുറി താഴിട്ടു പൂട്ടിയിട്ടിരിക്കുകയാണ്. പഞ്ചായത്ത് അധികൃതർക്ക് മാത്രമാണ് ഉപയോഗിക്കാൻ അവകാശമത്രേ! പൊതു ശുചിമുറികളായ ഇവ ചില വ്യക്തികൾക്കു മാത്രമായി ഉപയോഗിക്കാൻ അവകാശമുണ്ടോ? സ്റ്റാൻഡിലെ മൂന്നാമത്തെ ശുചിമുറി വൃത്തിയുടെ കാര്യത്തിൽ അത്ര പോരാ.

സമയം 2.00
ഈരാറ്റുപേട്ട (മഴ കാരണം അവധിയാണത്രേ!)

എല്ലാവർക്കും ശൗചാലയം, എല്ലാവർക്കും ആരോഗ്യം എന്ന ബോർഡ് പുറത്തു വച്ചിട്ടുണ്ടെങ്കിലും മഴയുള്ളതിനാൽ പ്രൈവറ്റ് സ്റ്റാൻഡിൽ സ്ത്രീകളുടെ ശുചിമുറി ആഴ്ചകളായി പൂട്ടിയിട്ടിരിക്കുകയാണ്.

സമയം 2.45
പാലാ കെഎസ്ആർടിസി

പുതുതായി പണിത കെട്ടിടത്തിൽ ശുചിമുറി ഉണ്ടെങ്കിലും ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ലാത്തതിനാൽ പഴയ ശുചിമുറി തന്നെയാണ് ഉപയോഗിക്കുന്നത്. അകത്തെ കാഴ്ചകൾ ശോകം എന്നു വിശേഷിപ്പിക്കാം. ഒരു മെക്കാനിക്കൽ ഷോപ്പിനു സമമാണ് ഇവിടത്തെ അവസ്ഥ.

പാലാ ടൗൺ ബസ് സ്റ്റാൻഡ്
നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എങ്കിലും കുറച്ചുകൂടി വൃത്തി പ്രതീക്ഷിക്കുന്നു.

കൊട്ടാരമറ്റം സ്റ്റാൻഡ്
നഗരസഭയുടെ അത്യാധുനിക ശുചിമുറി എന്നു വിശേഷിപ്പിക്കുന്ന ഇവിടെ ജില്ലയിലെ മറ്റു ശുചിമുറികൾക്കു മാതൃകയാണ്. മണമോ മറ്റ് അസ്വസ്ഥതകളോ ഇല്ല. സ്ത്രീകൾക്കു മൂന്നും പുരുഷന്മാർക്ക് അഞ്ചും വീതം ശുചിമുറികൾ തുറന്നിട്ടുണ്ട്. ധൈര്യമായി ഉപയോഗിക്കാം.

സമയം 3.30
കുറവിലങ്ങാട്

പഞ്ചായത്തിന്റെ ഒരു ശുചിമുറി മാത്രമാണ് ഇവിടെയുള്ളത്. വൃത്തിയില്ലെന്നതു പോട്ടെ, സ്വകാര്യതയും ചോദ്യചിഹ്നമാണ്.

സമയം 4.15
വൈക്കം ബസ് സ്റ്റാൻഡ് (റേറ്റിങ് ഇടാനെങ്കിലും ഒരു യോഗ്യത വേണ്ടേ?)
‘എന്താ ആരും ഒന്നും പ്രതികരിക്കാത്തത്’ അത് മാത്രമാണ് മനസ്സിൽ വരുന്നത്. ശ്വാസം കിട്ടാക്കനിയാകുന്ന നിമിഷങ്ങൾ.. സ്ത്രീകളുടെ വിശ്രമകേന്ദ്രത്തിൽ കാലുകുത്താൻ പോലും കഴിയില്ല. ബക്കറ്റ് ഇല്ല, കപ്പ് ഇല്ല, എന്തിന്, കുറ്റിയിടാൻ കൊളുത്തു പോലുമില്ല. ബോധംകെട്ടു വീഴും. ഹൈക്കോടതി പറഞ്ഞ ഭീകരാവസ്ഥ ഇവിടെ അതിലും വ്യക്തമായി കാണാം.

സമയം 5.00
ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്

വൃത്തിയും മറ്റു സൗകര്യങ്ങളുമുണ്ടെങ്കിലും പലപ്പോഴും വെള്ളം മുടങ്ങുന്നതു പ്രശ്നമാണ്. ടേക് എ ബ്രേക്കിലൂടെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിർമിച്ച ശുചിമുറി ജീവനക്കാരെ ലഭിക്കാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com