കൈപ്പുഴയാർ കടന്ന്, കണ്ണീർമുറ്റത്തേക്ക് ജെഫിന്റെയും സുമിയുടെയും അവസാനയാത്ര...

വീടിനോടു വിടപറയാൻ... കോട്ടയം– കുമരകം റോഡിൽ കൈപ്പുഴമുട്ടിനു സമീപം കാർ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ.പോളിന്റെയും ഭാര്യ സുമി രാജുവിന്റെയും മൃതദേഹം വെച്ചൂർ മഞ്ചാടിക്കരിയിലെ വീട്ടിലേക്കു വള്ളത്തിൽ കൊണ്ടുപോകുന്നു. കൈപ്പുഴയാറിന്റെ മറുകരയിലേക്ക് പാലമോ മറ്റു വാഹന സൗകര്യമോ ഇല്ലാത്തതിനാലാണ് വള്ളം ഉപയോഗിക്കേണ്ടി വന്നത്. ചിത്രം: മനോരമ
SHARE

വെച്ചൂർ ∙ കൈപ്പുഴയാറിന്റെ മറുകരയിലുള്ള വീട്ടിലേക്ക് അവസാനയാത്രയായി എത്തുമ്പോൾ ജെഫിനും ഭാര്യ സുമിയും ശാന്തമായ ഉറക്കത്തിലായിരുന്നു. ഇരുകരകളും തങ്ങൾക്കായി അലമുറയിടുന്നത് അവരറിഞ്ഞില്ല. സഹോദരന്റെ വിവാഹനിശ്ചയത്തിന് ഒരുക്കിയ പന്തലിലേക്കു ജ്യേഷ്ഠന്റെയും ജ്യേഷ്ഠത്തിയുടെയും ജീവനറ്റ ശരീരം കൊണ്ടുവന്നതിന്റെ വേദനയിലായിരുന്നു കുടുംബാംഗങ്ങൾ. കോട്ടയം–കുമരകം റോഡിൽ കൈപ്പുഴമുട്ടിനു സമീപം കാർ നിയന്ത്രണം വിട്ടു ബൈക്കിലിടിച്ചാണു കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ.പോളും (36) ഭാര്യ സുമി രാജുവും (32) മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന മൂത്ത മകൻ ആൽഫിൻ (4) പരുക്കുകളോടെ ചികിത്സയിലാണ്.

ഇനിയില്ല അമ്മമധുരം: കോട്ടയം– കുമരകം റോഡിൽ കൈപ്പുഴമുട്ടിനു സമീപമുണ്ടായ അപകടത്തിൽ മരിച്ച കുടവെച്ചൂർ കിടങ്ങലശേരി ജെഫിൻ കെ. പോളിന്റെയും സുമി രാജുവിന്റെയും മ‍ൃതദേഹങ്ങൾ മഞ്ചാടിക്കരി സെന്റ് മൈക്കിൾസ് സിഎസ്െഎ പള്ളിയിൽ പൊതുദർശനത്തിനു വച്ചപ്പോൾ ഇവരുടെ ഇളയ മകൾ ഒരു വയസ്സുകാരി ആൽഫിയയ്ക്ക് കുപ്പിപ്പാൽ നൽകുന്ന മുത്തശ്ശി വൽസമ്മ. സമീപത്തെ തോട്ടിലേക്കു തെറിച്ചുവീണതിനാൽ ആൽഫിയ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ആൽഫിയയുടെ ചേട്ടൻ ആൽഫിൻ (4) വലതു കാൽ ഒടിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. ചിത്രം: റിജോ ജോസഫ്∙ മനോരമ

ഇളയ മകൾ ആൽഫിയയ്ക്ക് (ഒരു വയസ്സ്) പരുക്കില്ല. കൈപ്പുഴയാറിന്റെ മറുകരയിലേക്കു പാലമോ മറ്റു വാഹനസൗകര്യമോ ഇല്ലാത്തതിനാൽ വള്ളത്തിലാണു ദമ്പതികളുടെ മൃതദേഹം വീട്ടിലെത്തിച്ചത്. നെബു–പൊന്നമ്മ ദമ്പതികളുടെ മകനാണു ജെഫിൻ. ഏകസഹോദരനായ സ്റ്റെഫിന്റെ വിവാഹനിശ്ചയത്തിനായി ജെഫിനും സുമിയും മല്ലപ്പള്ളിയിലെ വീട്ടിൽ നിന്നു കുടുംബവീട്ടിലേക്കു വരുമ്പോൾ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.

മകനും കുടുംബവും വരുമ്പോൾ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാൻ വള്ളവുമായി പിതാവ് നെബു ബുധനാഴ്ച വൈകിട്ടു മറുകരയിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ബൈക്ക് അപകടത്തിൽപെട്ടു എന്നു മാത്രമാണ് ആദ്യം വീട്ടിൽ അറിയിച്ചത്. ഇന്നലെ രാവിലെയാണു മരണവിവരം ജെഫിന്റെ മാതാപിതാക്കളെ അറിയിച്ചത്. വൈക്കം തോട്ടകത്തുള്ള ബഥേൽ ഹോസ്ബെൽ അസംബ്ലിയിലെ ഒരേ കല്ലറയിലാണു ജെഫിനെയും സുമിയെയും സംസ്കരിച്ചത്. 

മാതാപിതാക്കളുടെ മരണം അറിയാതെ...

∙ കാർ ബൈക്കിലിടിച്ചതോടെ സമീപത്തെ തോട്ടിലേക്കു തെറിച്ചു വീണതിനാലാണ് ഇവരുടെ മകൾ ആൽഫിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടത്. ഇന്നലെ സംസ്കാരച്ചടങ്ങുകൾക്കെത്തിയ എല്ലാവരുടെയും മനസ്സിൽ സങ്കടം നിറച്ചത് ഒന്നുമറിയാതെ മുത്തശ്ശിയുടെ കൈകളിൽ വിശ്രമിച്ചിരുന്ന ആൽഫിയ ആയിരുന്നു. മൂത്ത മകൻ ആൽഫിൻ വലതുകാൽ ഒടിഞ്ഞു ചികിത്സയിലാണ്. മാതാപിതാക്കളുടെ മരണം ആൽഫിനെ ഇനിയും അറിയിച്ചിട്ടില്ല. ഒരു മാസം മുൻപാണ് ആൽഫിനെ എൽകെജിയിൽ ചേർത്തത്. 

വീടെന്ന സ്വപ്നം ബാക്കി വച്ച്...

∙ യാത്രാസൗകര്യമുള്ള സ്ഥലത്ത് ഒരു കൊച്ചുവീട്. അതായിരുന്നു ജെഫിന്റെയും സുമിയുടെയും ആഗ്രഹം. വെച്ചൂർ പഞ്ചായത്തിലെ നാലാം വാർഡിലുള്ള വീട്ടിലേക്കെത്താൻ വള്ളം വേണം. അതുകൊണ്ടാണു രണ്ടു വർഷം മുൻപു സുമിയുടെ നാടായ മല്ലപ്പള്ളിയിലേക്ക് ഇവർ വാടകയ്ക്കു താമസിക്കാൻ പോയത്. വെച്ചൂർ പഞ്ചായത്തിൽ വീടു കിട്ടാനായി ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചു. ആദ്യ പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും രണ്ടാമത്തെ പട്ടികയിൽ നിന്നു പേര് ഒഴിവാക്കപ്പെട്ടു. ഇതിനെതിരെ അപ്പീലും നൽകിയിരുന്നു. എന്നാൽ വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ നിൽക്കാതെ ഇരുവരും ജീവിതവഴിയിൽ നിന്നു മടങ്ങി.

പുരുഷോത്തമൻ

കൈപ്പുഴമുട്ട് അപകടം:‍ ഡ്രൈവർ അറസ്റ്റിൽ

കോട്ടയം ∙ കുമരകം കൈപ്പുഴമുട്ടിനു സമീപം ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായതു കാർ ഡ്രൈവർ മദ്യപിച്ചിരുന്നതിനാൽ എന്നു പൊലീസ്. സംഭവത്തിൽ മണർകാട് പെരുമാനൂർകുളം മങ്ങാട്ടുമഠം പുരുഷോത്തമനെ (71) അറസ്റ്റ് ചെയ്തു. മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. പുരുഷോത്തമൻ മദ്യപിച്ചിരുന്നുവെന്ന് എസ്എച്ച്ഒ കെ.ഷിജി പറഞ്ഞു. നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ചാണു ജെഫിൻ കെ.പോൾ, ഭാര്യ സുമി എന്നിവർ മരിച്ചത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS