ADVERTISEMENT

കോട്ടയം ∙ രാജ്യത്തെ ആദ്യ കോവിഡ് ബാധിതരിൽ ഒരാളായ റാന്നി സ്വദേശി മറിയാമ്മയും (90) വിട പറയുമ്പോൾ മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകർക്ക് എത്രയെത്ര ഓർമകൾ. 2020 ഏപ്രിലിൽ ആണ് തോമസിനെയും (93) ഭാര്യ മറിയാമ്മയെയും കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളജിൽ എത്തിച്ചത്. 22 ദിവസങ്ങൾക്ക് ശേഷം പൂർണ ആരോഗ്യത്തോടെ ഇരുവരും ആശുപത്രി വിട്ടത് ആരോഗ്യ വകുപ്പിനും കോട്ടയം മെഡിക്കൽ കോളജിനും വലിയ നേട്ടമായിരുന്നു.

വാർധക്യസഹജമായ രോഗം മൂലം മൂന്നാഴ്ചയായി കിടപ്പായിരുന്നു. മറിയാമ്മ ഞായറാഴ്ച രാത്രിയാണ് അന്തരിച്ചത്. ഒന്നര വർഷം മുൻപ് തോമസും മരണമടഞ്ഞു.

പിണങ്ങി നിന്നു, അനുനയിപ്പിച്ചു

കോവിഡ് എന്നു കേട്ടാൽ ഭയന്നു വിറച്ചിരുന്ന സമയത്താണ് തോമസിനെയും മറിയാമ്മയെയും ആശുപത്രിയിൽ പ്രവേശിച്ചത്. ഇരുവരെയും ചികിത്സിച്ചു ഭേദമാക്കുക എന്നത് ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ വെല്ലുവിളിയായി ഏറ്റെടുത്തു. ഈ ദമ്പതികളുടെ സ്നേഹവും കരുതലും വ്യക്തമാക്കുന്നതായിരുന്നു അന്നത്തെ അനുഭവങ്ങളെന്ന് ഇവരെ പരിചരിച്ച നഴ്സ് മാത്യു ജയിംസ് പറഞ്ഞു. ഐസിയുവിൽ ആദ്യം രണ്ടു ഭാഗത്താണ് ഇവരെ കിടത്തിയിരുന്നത്. മറിയാമ്മയെ കാണാതെ തോമസ് ഉറങ്ങാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ കാണാവുന്ന വിധം കട്ടിലിട്ടു കിടത്തി.

തോമസ് ഇടയ്ക്കിടെ ഭാര്യയെ ‘കൊച്ചേ’ എന്ന് നീട്ടി വിളിച്ചു കൊണ്ടിരിക്കും. വിളി കേട്ടാൽ സമാധാനത്തോടെ ഉറങ്ങും. ആരോഗ്യപ്രവർത്തകരെ മോനെ, മോളെ എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. റാന്നിയിലെ വീട്ടിലെ പശുവിന്റെ കാര്യവും കൃഷിപ്പണിയുടെ കാര്യവുമൊക്കെ പറയുമായിരുന്നു. ആശുപത്രിയിലെ ഭക്ഷണം കഴിക്കാൻ തോമസ് മടികാണിക്കുമ്പോൾ മറിയാമ്മ ഇടപെടും. കപ്പപ്പുഴുക്കും ചക്കപ്പുഴുക്കും വേണമെന്നായിരുന്നു ആവശ്യം.

ഒരിക്കൽ ഭക്ഷണവും മരുന്നു കഴിക്കാതെ തോമസ് നിർബന്ധം പിടിച്ചിരുന്നു. ആളെ അനുനയിപ്പിക്കന്ന ചുമതല ഡോക്ടർമാർ മറിയാമ്മയെ ഏൽപ്പിച്ചു. തോമസിന്റെ പണപ്പെട്ടിയുടെ താക്കോൽക്കൂട്ടം ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പ് ഡോക്ടർമാർ വാങ്ങി സൂക്ഷിക്കുമായിരുന്നു. ഈ താക്കോൽക്കൂട്ടം തിരിച്ചുവാങ്ങി ഭർത്താവിന് കൊടുത്തിട്ടാണ് അന്ന് മറിയാമ്മ അദ്ദേഹത്തെക്കൊണ്ട് മരുന്നു കഴിപ്പിച്ചതെന്നും മാത്യു ജയിംസ് ഓർമിക്കുന്നു. കോവിഡ് വാർഡുകളിൽ പിപിഇ കിറ്റ് ധരിച്ച് ജോലി ചെയ്തിരുന്നതിനാൽ തോമസിനും മറിയാമ്മയ്ക്കും ആരുടെയും മുഖം തിരിച്ചറിയാൻ കഴിഞ്ഞില്ല.ആശുപത്രി വിട്ടു പോകുന്ന സമയത്ത് എല്ലാവരെയും മറിയാമ്മ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞു, അവരുടെ കൈപിടിച്ചു.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടപ്പോഴും മറിയാമ്മയും തോമസും പരസ്പരം സ്നേഹിച്ചും ആശ്വസിപ്പിച്ചുമാണു കഴിഞ്ഞത്. ചികിത്സാ സമയത്ത് ആരോഗ്യ പ്രവർത്തകരുമായി തികഞ്ഞ സ്നേഹ ബന്ധമാണ് മറിയാമ്മയ്ക്ക് ഉണ്ടായിരുന്നത്
ഡോ. സജിത്ത് കുമാർ, അന്നത്തെ സാംക്രമിക രോഗവിഭാഗം മേധാവി, കോട്ടയം മെഡിക്കൽ കോളജ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com