ADVERTISEMENT

ചങ്ങനാശേരി ∙ പ്ലാസ്റ്റിക് നിരോധനം കർശനമാക്കിയതോടെ ‘പ്രതിഛായ’ മെച്ചപ്പെടുത്തി വാഴയില. തട്ടുകടകൾ ഉൾപ്പെടെ ഭക്ഷണശാലകളിൽ പ്ലാസ്റ്റിക്കിന് ബദൽ എന്ന രീതിയിൽ പാഴ്സലുകൾ നൽകുന്നതിനും മറ്റുമായി വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയതോടെയാണ് വാഴയില വീണ്ടും ‘താരമൂല്യം’ ഉയർത്തിയത്.

 വിലനിലവാരം ഉയർന്നു

മലയാളിയുടെ സദ്യ സങ്കൽപങ്ങളുടെ അവസാന വാക്കാണ് തൂശനിലയിലെ ഊണ്. 4 രൂപയിൽ താഴെ വിലയുണ്ടായിരുന്ന തൂശനിലയ്ക്ക് ഇപ്പോൾ 6 രൂപ വരെയാണ് റീട്ടെയ്ൽ വില. ഒരു ഇല മുഴുവനായി നേരത്തേ വിറ്റിരുന്നത് 6 രൂപയ്ക്കാണ്. ഇപ്പോൾ ഇതിന് 8 രൂപയായി. ഹോട്ടലുകളിലാണ് ഇത്തരം ഇലകൾക്ക് ആവശ്യക്കാർ കൂടുതൽ. പ്ലാസ്റ്റിക് വാഴയിലയ്ക്ക് 1.60 പൈസ മുതൽ 2 രൂപ വരെയാണ് ഹോൾസെയിൽ വില. റീട്ടെയ്ൽ മാർക്കറ്റിൽ എത്തുമ്പോൾ ഒന്നര രൂപ വരെ കൂടും.

 മുഖം തെളിയാതെ കച്ചവടക്കാർ

വാഴയിലയ്ക്ക് വില വർധിച്ചെങ്കിലും ഇതു വിൽക്കുന്നവരുടെ മുഖത്ത് വലിയ തെളിച്ചമില്ല. ലോക്ഡൗണിനു ശേഷം വെജിറ്റേറിയൻ ഹോട്ടലുകൾ ഉൾപ്പെടെ തൂശനിലയ്ക്ക് ഡിമാൻഡ് ഉണ്ടായിരുന്ന ഭക്ഷണശാലകൾ മിക്കതും അടഞ്ഞു കിടക്കുന്നു. കർക്കടക മാസമായതിനാൽ വിവാഹം ഉൾപ്പെടെ വിശേഷച്ചടങ്ങുകൾ കുറവാണ്. നിലവിലെ ഡിമാൻഡ് വൻ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുത്തുമെന്നതു മാത്രമാണ് ഇവരുടെ ആശ്വാസം. ഓണക്കാലത്തെ തിരക്കിലാണ് ഇവരുടെ പ്രതീക്ഷ.

പേപ്പർ വാഴയില കഴിവതും ഉപയോഗിക്കാറില്ല. തൂശനിലയിലാണ് സ്ഥിരമായി സദ്യ വിളമ്പുന്നത്. 1,000 പേരുടെ സദ്യയാണെങ്കിൽ 300 മുതൽ 500 ഇല വരെ അധികം കരുതണം. എത്തിക്കുന്നതിൽ കീറിപ്പോയതും വാടിയതും മറ്റുമായ ഇലകൾ മാറ്റേണ്ടി വരുന്നതിനാലാണ്  അധികം ഇല കരുതുന്നത്.സച്ചിൻ വിനായക,ശ്രീവിനായക കേറ്ററേഴ്സ്, പെരുന്ന.

പ്രധാന ഹോട്ടലുകളിൽ പലതിലും ഇപ്പോൾ ഊണ് നൽകുന്നില്ല. ഇതോടെ വാഴയിലയുടെ ചെലവു കുറഞ്ഞു. ഇലവെട്ടുന്ന ജോലി ചെയ്തിരുന്ന 45 പേർ മുൻപ് ടൗണിൽ ഉണ്ടായിരുന്നു. ഇപ്പോൾ 5 പേർ മാത്രമായി ചുരുങ്ങി. ദിവസം 1,000 ഇലകൾ വരെ വെട്ടുമായിരുന്ന സ്ഥാനത്ത് ഇപ്പോൾ 200 എണ്ണമാണു വെട്ടുന്നത്. മുൻപ് എറണാകുളം മാർക്കറ്റിലേക്ക് കോട്ടയത്ത് നിന്ന് ഇലകൾ അയച്ചിരുന്നു.തങ്കച്ചൻ,തിരുനക്കര ക്ഷേത്രത്തിനു സമീപം വാഴയില വിൽപന നടത്തുന്ന ആൾ. 35 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു.

വാഴയില വിശേഷം

മേട്ടുപ്പാളയം , കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ഇല എത്തിക്കുന്നത്. വെള്ളം തളിച്ച് വച്ചാൽ 5 ദിവസം വരെയാണ് ആയുസ്സ്. പിന്നീട് പഴുപ്പ് കയറും. ഒരു ദിവസം പഴക്കമുള്ള ഇല ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് വ്യാപാരികളുടെ അഭിപ്രായം. ചെറിയ വാട്ടൽ ഉള്ളതിനാൽ ഇല പൊട്ടാനുള്ള സാധ്യത കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com