ADVERTISEMENT

കോട്ടയം ∙ അമച്വർ സൈക്ലിങ്ങിലെ രാജ്യാന്തര അംഗീകാരമായ സൂപ്പർ റാൻഡൊണേഴ്സ് (എസ്ആർ) അംഗീകാരം നേടി ദമ്പതികൾ. കാട്ടാമ്പാക്ക് മണിമന്ദിരത്തിൽ കണ്ണൻ ശശിയും ഭാര്യ ചന്ദൻ സാവെയും ചേർന്നാണ് ദീർഘദൂര സൈക്ലിങ്ങിലെ ഈ നേട്ടം സ്വന്തമാക്കിയത്. 200, 300, 400, 600 കിലോമീറ്റർ ദൂരങ്ങൾ ഒരു സീസണിനുള്ളിൽ പൂർത്തിയാക്കുന്നവർക്കു പാരിസിലെ ഒ‍ഡാക്സ് ക്ലബ് നൽകുന്ന അംഗീകാരമാണ് എസ്ആർ ടൈറ്റിൽ.

കഴിഞ്ഞ ദിവസം കോഴിക്കോട്– കോയമ്പത്തൂർ റൂട്ടിൽ നടന്ന 400 കിലോമീറ്റർ സൈക്ലിങ് പൂർത്തിയാക്കിയതോടെയാണ് ഇരുവർക്കും എസ്ആർ ടൈറ്റിൽ ലഭിച്ചത്. എസ്ആർ പൂർത്തിയാക്കുന്ന ദമ്പതികൾ എന്ന അപൂർവ അംഗീകാരവും ഇവർ നേടി.

27 മണിക്കൂർ കൊണ്ട് 400 കിലോമീറ്റർ പൂർത്തിയാക്കണമെന്നായിരുന്നു ടാസ്ക്. കോഴിക്കോട്ടു നിന്നു പുറപ്പെട്ട് കോയമ്പത്തൂരിലെത്തി തിരികെ കോഴിക്കോട് വരെയായിരുന്നു യാത്ര. ഇരുവരും ഇതു വിജയകരമായി പൂർത്തിയാക്കി. കഴിഞ്ഞ നവംബറിൽ 200 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയാണ് സൂപ്പർ റാൻഡൊണേഴ്സ് ടൈറ്റിൽ ലക്ഷ്യമിട്ടുള്ള ഇരുവരുടെയും യാത്ര ആരംഭിച്ചത്. തുടർന്ന് 300, 600 കിലോമീറ്ററുകൾ പൂർത്തിയാക്കി. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിലായി 400 കിലോമീറ്ററും പൂർത്തിയാക്കി.കണ്ണൻ ശശിയും ചന്ദൻ സാവെയും യുഎസിലെ ന്യൂ ഹാംഷറിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരാണ്. 

മഹാരാഷ്ട്ര സ്വദേശിയാണ് ചന്ദൻ. കോവിഡ് കാലത്ത് നാട്ടിൽ എത്തി വർക് ഫ്രം ഹോം അടിസ്ഥാനത്തിൽ ജോലി നോക്കുന്നതിനിടെയാണു ദീർഘദൂര സൈക്ലിങ്ങിലേക്ക് ഇരുവരും എത്തിയത്. കോട്ടയം കെഗ് ബൈക്കേഴ്സ് ക്ലബ് അംഗങ്ങളാണ് ഇരുവരും. ആഴ്ചയിൽ 100–200 കിലോമീറ്റർ സൈക്കിൾ ചവിട്ടുന്നുണ്ടെന്ന് ഇരുവരും പറയുന്നു. 2 മാസത്തിനുള്ളിൽ യുഎസിലേക്കു മടങ്ങാനാണു തീരുമാനം. ഒഡാക്സ് യുഎസ് സംഘടിപ്പിക്കുന്ന ദീർഘദൂര സൈക്ലിങ്ങിൽ അവിടെയെത്തി പങ്കെടുക്കണമെന്ന ആഗ്രഹവുമായാണ് ഇരുവരും യുഎസിലേക്കു തിരിക്കാൻ ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com