നന്മകളെ കുഴിച്ചു മൂടരുത്: മാർ ജോസഫ് പെരുന്തോട്ടം
Mail This Article
ഭരണങ്ങാനം ∙ ദുഃഖങ്ങളുടെയും വേദനകളുടെയും ക്ലേശങ്ങളുടെയും നീണ്ടനിര ജീവിതത്തിലുണ്ടായിട്ടും ഒഴുക്കിനെതിരെ നീന്തി വിശുദ്ധി പ്രാപിച്ചയാളാണ് അൽഫോൻസാമ്മയെന്നു ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് തീർഥാടന കേന്ദ്രത്തിൽ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. നന്മകളാകുന്ന ആയുധങ്ങളാണ് ഒഴുക്കിനെതിരെ നീങ്ങാൻ അൽഫോൻസാമ്മയെ ശക്തയാക്കിയത്. അൽഫോൻസാമ്മയുടെ ജീവിതത്തിലെന്നപോലെ നമ്മുടെ ജീവിതത്തിലും ദൈവം ധാരാളം നന്മകൾ നൽകിയിട്ടുണ്ട്.
അതെല്ലാം കണ്ടില്ലെന്നു നടിച്ച്, കുഴിച്ചുമൂടാതെ നൻമയുടെ ഫലങ്ങൾ പുറപ്പെടുവിച്ച് വിജയം വരിക്കാൻ കഴിയണമെന്നും മാർ പെരുന്തോട്ടം പറഞ്ഞു. വൈകിട്ട് ഇടവക ദേവാലയത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ചു സന്ദേശം നൽകി. ഫാ. ജോൺസൺ പുള്ളീറ്റ്, ഫാ. ഡെയിസൺ തരകൻ, ഫാ. ഇമ്മാനുവൽ പാറേക്കാട്ട്, ഫാ. സ്കറിയ വേകത്താനം, ഫാ. ബിജു മൂലക്കര, ഫാ. തോമസ് മണ്ണൂർ എന്നിവർ കുർബാന അർപ്പിച്ചു. അൽഫോൻസാമ്മ ജീവിച്ച് മരിച്ച ഭരണങ്ങാനം മഠത്തിലേക്കു ജപമാല പ്രദക്ഷിണം നടത്തി. ഫാ. തോമസ് വടക്കേൽ സന്ദേശം നൽകി.
ഭരണങ്ങാനത്ത് ഇന്നു ഗതാഗത നിയന്ത്രണം
പാലാ ∙ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് ഇന്ന് ഭരണങ്ങാനത്ത് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. വിലങ്ങുപാറ ജംക്‌ഷൻ മുതൽ ചർച്ച് വ്യൂ റോഡ് വരെ ഇന്ന് രാവിലെ 8 മുതൽ രാത്രി 8.30 വരെ വൺവേ ആയിരിക്കും. ഈരാറ്റുപേട്ടയിൽ നിന്ന് വരുന്ന വാഹനങ്ങൾ വിലങ്ങുപാറ ജംക്‌ഷനിൽ യാത്രക്കാരെ ഇറക്കി ഇടത്തോട്ട് തിരിഞ്ഞ് ചർച്ച് വ്യൂ റോഡിലൂടെ പ്രധാന റോഡിലെത്തണം. പാലായിൽ നിന്ന് വരുന്ന ബസുകൾ അൽഫോൻസ ടവറിനു മുന്നിൽ യാത്രക്കാരെ ഇറക്കി പ്രധാന റോഡിലൂടെ മുന്നോട്ടു പോകണം.
വിലങ്ങുപാറ ജംക്‌ഷൻ മുതൽ അൽഫോൻസ ഗേറ്റ് വരെയുള്ള മെയിൻ റോഡിൽ പാർക്കിങ് നിരോധിച്ചിട്ടുണ്ട്.പാലായിൽ നിന്നുള്ള വലിയ വാഹനങ്ങൾ വട്ടോളി പാലം പരിസരത്തും ഈരാറ്റുപേട്ടയിൽ നിന്നുള്ള വലിയ വാഹനങ്ങൾ വിലങ്ങുപാറ ക്ഷേത്രം ഭാഗത്തും പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾ പള്ളി മൈതാനം, എസ്എച്ച് സ്കൂൾ ഗ്രൗണ്ട്, അൽഫോൻസ റസിഡൻഷ്യൽ സ്കൂൾ മൈതാനം, മുതുപ്ലാക്കൽ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ഇരുചക്ര വാഹനങ്ങൾ മാതൃഭവൻ, അസീസി ആർക്കേഡ്, വെട്ടത്തേൽ ഏജൻസീസ് എന്നിവയ്ക്ക് മുൻപിൽ പാർക്ക് ചെയ്യണം.
തിരുനാളിൽ ഇന്ന്
∙ പുലർച്ചെ 4.45 മുതൽ കുർബാന 7.00: നേർച്ചയപ്പം വെഞ്ചരിപ്പ് – മാർ ജോസഫ്
പള്ളിക്കാപ്പറമ്പിൽ ∙ രാവിലെ 10.30: റാസ കുർബാന – സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.