ADVERTISEMENT

കോട്ടയം∙ മാനദണ്ഡം പാലിക്കാതെ വായ്പ നൽകുകയും അവയുടെ തിരിച്ചടവു മുടങ്ങുകയും ചെയ്തത് നഷ്ടത്തിലാക്കിയത് ഒട്ടേറെ സഹകരണ സംഘങ്ങളെ.  വെള്ളൂർ സർവീസ് സഹകരണ ബാങ്കിലെ 78 കോടി രൂപയുടെ അഴിമതി സംബന്ധിച്ച അന്വേഷണം മുക്കിയത് സിപിഎം ഭരണനേതൃത്വമാണ്. നിക്ഷേപകർക്കു നഷ്ടപ്പെട്ടത് 44 കോടിയാണ്. ഈടില്ലാതെ വായ്പ നൽകിയാണു തട്ടിപ്പു നടത്തിയത്. നാലായിരത്തിലേറെ അംഗങ്ങളുണ്ട്. നിക്ഷേപകർ ആയിരത്തിലേറെയും. 

ഈടു  പ്രമാണം ഇല്ലാതെ 6.33 കോടി, ഭരണ സമിതി അനുവദിച്ച തുകയേക്കാൾ പരിധി അധികരിച്ചതും പലിശ ഈടാക്കാത്തതും 11.85 കോടി, ഒരേ വസ്തുവിന്റെ ഈടിൽ തിരിച്ചടവ് ഇല്ലാത്ത വായ്പ 4.84 കോടി, ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് തിരിച്ചടവ് ഇല്ലാതെ 5.58 കോടി, അപേക്ഷയോ അനുബന്ധ രേഖകളോ അന്വേഷണത്തിൽ ലഭിക്കാത്തതും തിരിച്ചടവ് ഇല്ലാത്തതും 54 ലക്ഷം, ജീവനക്കാരുടെ ബന്ധുക്കൾക്ക് ഈട് ഇല്ലാതെ നൽകിയതും തിരിച്ചടവ് ഇല്ലാത്തതും 1.92 കോടി, ജീവനക്കാർക്ക് അനധികൃതമായി നൽകിയത് തിരിച്ചടവ് ഇല്ലാത്തത് 1.87 കോടി, ഭരണ സമിതി അംഗങ്ങളും കുടുംബാംഗങ്ങളും എടുത്തതിൽ തിരിച്ചടവ് ഇല്ലാത്തത് 2.69 കോടി, ചിട്ടി കുടിശിക ഇനത്തിൽ 1.46 കോടി തുടങ്ങി വിവിധ ഇനങ്ങളിലാണു ക്രമക്കേട് കണ്ടെത്തിയത്.

നഷ്ടത്തിന്റെ കണക്ക് പറയുന്ന സഹകരണ സംഘങ്ങൾക്കെല്ലാം സമാന കഥകളാണുള്ളത്. സർക്കാരിനെ വിശ്വസിച്ചാണു സഹകരണ സംഘങ്ങളിൽ പണം നിക്ഷേപിച്ചതെന്നും തങ്ങൾക്കു പണം തിരിച്ചു തരാൻ സർക്കാർ മുൻകയ്യെടുക്കണമെന്നതുമാണു നിക്ഷേപകരുടെ ആവശ്യം. ക്രമക്കേടിന് കക്ഷിരാഷ്ട്രീയമില്ല. പൂഞ്ഞാർ, മൂന്നിലവ് സഹകരണ ബാങ്കുകൾ ഭരിക്കുന്നത് യുഡിഎഫാണ്. 

തങ്കമ്മ മാത്യുവിന്റെ സങ്കട നിക്ഷേപം!

കോട്ടയം ∙ പൂവരണി വിളക്കുമാടം സ്വദേശിനി തങ്കമ്മ മാത്യു എന്ന വൃക്കരോഗിയായ വയോധിക തോടനാൽ സർവീസ് സഹകരണ ബാങ്കിന്റെ പടി കയറി മടുത്തത് വായ്പയെടുക്കാൻ വേണ്ടിയായിരുന്നില്ല. വാർധക്യകാലത്തെ അല്ലലുകൾ ഒഴിവാക്കാൻ, ഭർത്താവും ഇവരും ചേർന്നു നിക്ഷേപിച്ച 16.55 ലക്ഷം രൂപയ്ക്കായാണ്. ഓരോ തവണ ചെല്ലുമ്പോഴും ബാങ്ക് അധികൃതർ ഓരോ ഒഴിവുകഴിവ് പറഞ്ഞു. പിന്നീട് കൈമലർത്താൻ തുടങ്ങി. ഗതികെട്ട് ഇവർ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. 

അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് വിശദീകരണം ചോദിച്ചപ്പോൾ ലഭിച്ച മറുപടി ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്നായിരുന്നു. കമ്മിഷൻ നിലപാട് കടുപ്പിച്ചതോടെ പണം തവണകളായി തിരിച്ചുകൊടുക്കാമെന്ന് മീനച്ചിൽ സഹകരണ ജോയിന്റ് റജിസ്ട്രാർ ഉറപ്പു കൊടുത്തു.  എത്ര തവണയെന്ന കമ്മിഷന്റെ ചോദ്യത്തിനു ലഭിച്ച മറുപടിയായിരുന്നു വിചിത്രം.  പ്രതിമാസം 2,000 രൂപയുടെ തവണകളായി തിരിച്ചുനൽകാം. 

ഗുരുതര വൃക്കരോഗത്തിന് ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിനു വിധേയയാകുന്ന മക്കളില്ലാത്ത വയോധിക ഇപ്പോൾ ജീവിക്കുന്നത് ഹോംനഴ്സിന്റെ സഹായത്തോടെയാണ്. 2015ലാണ് പണം ബാങ്കിൽ നിക്ഷേപിച്ചത്. ഒടുവിൽ കമ്മിഷൻ നിലപാട് കടുപ്പിച്ചു.  നിക്ഷേപിച്ച തുകയും പലിശയും രണ്ടു മാസത്തിനകം കൊടുത്തുതീർക്കണമെന്ന് സഹകരണ വകുപ്പ് ഗവ. സെക്രട്ടറിക്ക് ഉത്തരവു നൽകി.

നടപടി സ്വീകരിച്ച ശേഷം സഹകരണ വകുപ്പ് സെക്രട്ടറി   സെപ്റ്റംബർ 12നകം കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിക്കണം. പാലാ മീനച്ചിൽ സഹകരണ ജോയിന്റ് റജിസ്ട്രാറും തോടനാൽ സഹകരണ ബാങ്ക് സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ഉത്തരവിട്ടു.ഇത് ഒരു തങ്കമ്മ മാത്യുവിന്റെ മാത്രം കഥയല്ല,  കെടുകാര്യസ്ഥതയും അഴിമതിയും കാരണം സാമ്പത്തിക  പ്രതിസന്ധിയിലായ ജില്ലയിലെ 22 സഹകരണ സ്ഥാപനങ്ങളിൽ കയറി ഇറങ്ങുന്നവരുടെ കഥയാണ്. 

മന്ത്രി വി.എൻ.വാസവൻ‍

"നിക്ഷേപം തിരികെക്കൊടുക്കാൻ പ്രശ്നമുണ്ടായിരുന്നത് വെള്ളൂർ, മൂന്നിലവ് സഹകരണ ബാങ്കുകളിലായിരുന്നു. ഇതിൽ വെള്ളൂരിൽ മടക്കി കൊടുത്തുതുടങ്ങി. ഈരാറ്റുപേട്ടയിൽ ക്രമക്കേട് കണ്ടെത്തിയെങ്കിലും നിക്ഷേപം നൽകുന്നതിൽ തടസ്സം ഉണ്ടായിട്ടില്ല. മൂന്നിലവ്, പൂഞ്ഞാർ ബാങ്കുകളിൽ നിയമ നടപടികൾ മുന്നോട്ടുപോവുകയാണ്. കുറ്റക്കാരെ ആരെയും സംരക്ഷിക്കില്ല. കർശന നടപടിയുണ്ടാകും. "

ആർ.ടി.മധുസൂദനൻ (പ്രസിഡന്റ്, തോടനാൽ‌ സർവീസ് സഹകരണ ബാങ്ക്)

80 നിക്ഷേപകർക്കായി ഒന്നരക്കോടി രൂപ കൊടുക്കാനുണ്ട്. രണ്ട് കോടി ഇതിനകം കൊടുത്തു തീർത്തു. വായ്പയെടുത്തു കുടിശിക വരുത്തിയവരിൽ നിന്ന് ഈടാക്കിയാണ് നിക്ഷേപകർക്കു പണം തിരിച്ചുകൊടുക്കുന്നത്. തങ്കമ്മ മാത്യുവിന്റെ പണവും കുടിശികക്കാരിൽ നിന്ന് ഈടാക്കി രണ്ടു മാസത്തിനകം തിരിച്ചുകൊടുക്കും. 

നിക്ഷേപം തിരിച്ചു കൊടുക്കാനുള്ള സഹകരണ  സംഘങ്ങൾ

1. കോട്ടയം മാർക്കറ്റിങ് സഹകരണ സംഘം
2. കോട്ടയം എഫ്സിഐ എംപ്ലോയീസ് സഹകരണ സംഘം
3. സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് എംപ്ലോയീസ് സഹകരണ സംഘം
4. കോട്ടയം ‍ഡിസ്ട്രിക്ട് അഗ്രികൾചറൽ പ്രൊഡ്യൂസേഴ്സ് ആൻഡ് എസ്എച്ച്ജി സഹകരണ സംഘം
5. കോട്ടയം ജില്ലാ ഗ്രാമീണ കൈത്തൊഴിലാളി വനിത സഹകരണ സംഘം

6. തോടനാൽ സഹകരണ ബാങ്ക്
7. മോനിപ്പള്ളി മാർക്കറ്റിങ് സഹകരണ സംഘം (ലിക്വിഡേഷനിൽ)
8. എംആർഎം ആൻഡ് പിസിഎസ്
9. പാലാ മാർക്കറ്റിങ് സഹകരണ സംഘം
10. പൂഞ്ഞാർ സഹകരണ ബാങ്ക്

11. ഈരാറ്റുപേട്ട സഹകരണ ബാങ്ക്
12. മൂന്നിലവ് സഹകരണ ബാങ്ക്
13. വെള്ളൂർ  സഹകരണ ബാങ്ക്
14. കടുത്തുരുത്തി സിആർഎംപിസിഎസ്
15. എച്ച്എൻഎൽ എംപ്ലോയീസ് സഹകരണ സംഘം

16. വൈക്കം താലൂക്ക് ഫാമിങ് ആൻഡ് ട്രേഡിങ് സഹകരണ സംഘം
17. വൈക്കം താലൂക്ക് വനിതാ സഹകരണ സംഘം
18. കരിപ്പാടം വനിതാ സഹകരണ സംഘം
19. തലയോലപ്പറമ്പ് വനിത സഹകരണ സംഘം

20. വെള്ളൂർ പഞ്ചായത്ത് പട്ടികജാതി സഹകരണ സംഘം
21. ഉദയനാപുരം പഞ്ചായത്ത് വനിതാ സഹകരണ സംഘം
22. മുണ്ടക്കയം എസ്റ്റേറ്റ് എംപ്ലോയീസ് സഹകരണ സംഘം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com