ADVERTISEMENT

കോട്ടയം∙ ‘എന്റെ ഖൽബിലെ വെണ്ണിലാവു നീ... നല്ല പാട്ടുകാരാ...’ മാന്നാനം കെഇ കോളജിൽ ഈ ഗാനമുയർന്നപ്പോൾ ചെറുപുഞ്ചിരിയോടെ സംവിധായകൻ ലാൽ ജോസ് അവർക്കിടയിലുണ്ടായിരുന്നു. 2016 മുതൽ കലാലയങ്ങളുടെ പ്രണയഭാവതലങ്ങളെ തന്റെ ചലച്ചിത്രത്തിലെ ഗാനം തഴുകി ഓമനിക്കുന്നതിന്റെ നേർസാക്ഷ്യം ഒരു പുഞ്ചിരിയോടെ വീണ്ടും ആസ്വദിച്ചറിയുകയായിരുന്നു അദ്ദേഹം. 'സോളമന്റെ തേനീച്ചകൾ' എന്ന പുതിയ ചിത്രത്തിന്റെ ഭാഗമായാണ് സംവിധായകൻ ലാൽ ജോസും സംഘവും കോളജിലെത്തിയത്.

കെഇ കോളജിന്റെ ഓഡിറ്റോറിയത്തിൽ പ്രിൻസിപ്പൽ ഡോ. ഐസൻ വഞ്ചിപ്പുരയ്ക്കലാണ് ഗാനം ആലപിച്ചു തുടങ്ങിയതെങ്കിലും പിന്നീട് കലാലയം മുഴുവനത് ഏറ്റുപാടി. ‘മഴവിൽ മനോരമ’യിലെ നായികാ നായകൻ റിയാലിറ്റി ഷോയിൽ വിജയികളായ യുവ പ്രതിഭകളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ‘സോളമന്റെ തേനീച്ചകൾ’ ഓഗസ്റ്റ് 18ന് തിയറ്ററിലെത്തുകയാണ്. സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് അണിയറ പ്രവർത്തകരുടെ സംഘം നാട്ടകം ഗവ. പോളിടെക്നിക്, കിടങ്ങൂർ എൻജിനീയറിങ് കോളജ്, മാന്നാനം കെഇ കോളജ് തുടങ്ങിയ കലാലയങ്ങൾ സന്ദർശിച്ചത്.

താരങ്ങളായ വിൻസി അലോഷ്യസ്, ദർശന എസ്. നായർ, ശംഭു മേനോൻ, ആഡിസ് ആന്റണി അക്കര എന്നിവരും പങ്കെടുത്തു. ചിത്രത്തിന്റെ വിശേഷങ്ങളും കളിചിരികളുമായി താരങ്ങളും സംവിധായകരും കലാലയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയായിരുന്നു. സത്യം കണ്ടെത്താനുള്ള ബൈബിളിലെ സോളമൻ രാജാവിന്റെ മാർഗമായിരുന്നു തേനീച്ചകളെന്നും അത്തരത്തിലൊരു റൊമാന്റിക് ത്രില്ലർ സിനിമയാണ് ഇതെന്നും  ലാൽ ജോസ് പറഞ്ഞു. ചിത്രത്തിൽ ജോജു ജോർജ് പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com