ADVERTISEMENT

ചങ്ങനാശേരി ∙ താലൂക്കിന്റെ പടിഞ്ഞാറൻ മേഖലയിലും താഴ്ന്ന പ്രദേശങ്ങളിലും പ്രളയ ഭീതി. തുടർച്ചയായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതുമാണു ജനങ്ങളുടെ ആശങ്ക വർധിപ്പിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായി റവന്യു അധികൃതർ അറിയിച്ചു. 

  വെള്ളപ്പൊക്കത്തെ ഭയന്ന് എസി കനാലിനു കുറുകെയുള്ള  പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.
വെള്ളപ്പൊക്കത്തെ ഭയന്ന് എസി കനാലിനു കുറുകെയുള്ള പാലത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നു.

ആവശ്യമെങ്കിൽ കൂടുതൽ ക്യാംപുകൾ ആരംഭിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും തഹസിൽദാർ അറിയിച്ചു. നഗരസഭയുടെയും പായിപ്പാട്, വാഴപ്പള്ളി പഞ്ചായത്തുകളുടെയും പടിഞ്ഞാറൻ മേഖലയിലാണ് വെള്ളം കയറിയത്. എസി റോഡ്, എസി കോളനി, പൂവം, നക്രാൽ പുതുവൽ, അംബേദ്കർ കോളനി, പാറയ്ക്കൽ കലുങ്ക്, മുട്ടാർ തുടങ്ങിയ പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും വെള്ളം കയറി.

കിടങ്ങറ– മുളയ്ക്കാംതുരുത്തി റോഡിൽ നിന്നുള്ള കാഴ്ച.
കിടങ്ങറ– മുളയ്ക്കാംതുരുത്തി റോഡിൽ നിന്നുള്ള കാഴ്ച.

മാലിന്യപ്രശ്നം, ശുദ്ധജലക്ഷാമം

പലയിടങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന മാലിന്യം എസി കനാലിനു കുറുകെയുള്ള പാലങ്ങൾക്കു സമീപം അടിഞ്ഞു കൂടുന്നതു ദുരിതം സൃഷ്ടിക്കുന്നു. ചത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യമാണ് ഇത്തരത്തിൽ അടിഞ്ഞു കൂടുന്നത്. എസി കനാലിൽ അടിഞ്ഞ പോള റോഡിലേക്കു പരന്നൊഴുകാൻ തുടങ്ങി. ജലനിരപ്പ് ഉയരുകയും മലിനജലം കലരുകയും ചെയ്തതോടെ പടിഞ്ഞാറൻ മേഖലയിൽ ശുദ്ധജലക്ഷാമം അതിരൂക്ഷമായി.

ജലഅതോറിറ്റി പൈപ്പ് ലൈനിലൂടെ എത്തുന്ന ജലമാണു പ്രദേശത്തെ ആളുകൾ ഉപയോഗിച്ചിരുന്നത്.  ദിവസങ്ങളായി പൈപ്പിൽ ജലം എത്തുന്നില്ലെന്നു പാറയ്ക്കൽ കലുങ്കിനു സമീപം താമസിക്കുന്നവർ പരാതിപ്പെടുന്നു.

ദുരിതാശ്വാസ ക്യാംപ് തുടങ്ങി

വെള്ളപ്പൊക്ക പശ്ചാത്തലത്തിൽ ചങ്ങനാശേരിയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തനം ആരംഭിച്ചു. പെരുന്ന ഗവ.എൽപി സ്കൂളിലാണു ക്യാംപ് ആരംഭിച്ചത്. 6 കുടുംബങ്ങളിൽ നിന്നുള്ള 16 ആളുകൾ ക്യാംപിൽ കഴിയുന്നുണ്ട്.

പനയ്ക്കവയൽ ചെറിയ പാലം അപകടാവസ്ഥയിൽ

കനത്ത മഴയിൽ സംരക്ഷണ ഭിത്തി തകർന്നു ചെറിയ പാലം അപകടാവസ്ഥയിൽ. പാലത്തിന്റെ കരിങ്കൽ കെട്ട് ഇടിഞ്ഞതോടെ പാലം ഒരു വശത്തേക്കു ചെരിഞ്ഞു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അസി.  എൻജിനീയർ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതുവഴിയുള്ള വാഹന ഗതാഗതം പൂർണമായി നിരോധിച്ചു. 

പട്ടികജാതി കോളനിക്കാരുടെ ഏക സഞ്ചാരമാർഗമായ അണിയറപ്പടി - പനയ്ക്കവയൽ റോഡിൽ പനയ്ക്കവയലിനു സമീപത്താണു പാലം അപകടാവസ്ഥയിലായത്. വാഹനങ്ങൾ പാലത്തിന് ഇക്കരെ നിർത്തിയിട്ട ശേഷം കാൽനടയായി പാലം കടന്നാണ് മേഖലയിലുള്ളവർ പോകുന്നത്. യാത്ര നിരോധിച്ചതോടെ കോളനിയിലെ 20 കുടുംബങ്ങളുടെ യാത്ര ദുരിതത്തിലായി. 10 വർഷം മുൻപ് 2 ലക്ഷം രൂപ ഉപയോഗിച്ചാണു പാലം നിർമിച്ചത്. നിർമാണത്തിൽ അപാകത ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു.

പാലം പൊളിച്ചു മാറ്റി പുനർനിർമാണത്തിനുള്ള എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. അറ്റകുറ്റപ്പണി നടത്താനിരിക്കെയാണു പാലത്തിന്റെ കൽക്കെട്ട് ഇടിഞ്ഞത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഗവ.ചീഫ് വിപ്പ് എൻ.ജയരാജ് റോഡ് നവീകരണത്തിനായി 8 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com