ADVERTISEMENT

മഴക്കാലം; പനിക്കാലം

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുകുജന്യ രോഗങ്ങളും മലിനജലം കുടിവെള്ള സ്രോതസ്സുകളിൽ കലരുന്നതു വഴി വയറിളക്കം, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും വർധിക്കാൻ ഇടയുണ്ട്. എച്ച്1എൻ1, വൈറൽ പനി തുടങ്ങിയവയും പിടിപെട്ടേക്കാം. മലിനജല സമ്പർക്കത്തിലൂടെ ഉണ്ടാകുന്ന ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്.

പ്രളയബാധിത മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എലിപ്പനി പ്രതിരോധം. ഇതിനുള്ള ഗുളികയായ ഡോക്സിസൈക്ലിൻ എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കും. പനിയോ മറ്റു രോഗലക്ഷണമോ ഉണ്ടായാൽ സ്വയം ചികിത്സിക്കാതെ ആശുപത്രിയിൽ ചികിത്സ തേടുക. ഛർദിയോ വയറിളക്കമോ ഉണ്ടായാൽ തിളപ്പിച്ചാറിയ വെള്ളത്തിൽ ഉപ്പും പഞ്ചസാരയും ചേർത്തു ധാരാളം കുടിക്കാം. നിർജലീകരണം ഒഴിവാക്കാൻ ഇതു സഹായിക്കും. വയറിളക്കത്തിനു ശമനമില്ലെങ്കിൽ ഉടൻ വൈദ്യസഹായം തേടണം.

ദുരിതാശ്വാസ ക്യാംപുകളിൽ എത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് ഉണ്ടെന്നു സംശയിക്കുന്നുണ്ടെങ്കിൽ ആരോഗ്യവകുപ്പിന്റെ സേവനം തേടാൻ മടിക്കരുത്. പനി, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ, എന്നീ ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ക്യാംപിൽ വന്നാലും മറ്റുള്ളവരിൽനിന്ന് അകലം പാലിക്കുക. മലിനജലത്തിൽ കൂടി നടക്കുന്നവരുടെ കാലുകളിൽ വളം കടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഓയിന്റ്മെന്റ് ഉപയോഗിച്ചു പ്രതിരോധിക്കാം.

വിവരങ്ങൾക്കു കടപ്പാട്: ഡോ. സൈറു ഫിലിപ് (കമ്യൂണിറ്റി മെഡിസിൻ  മേധാവി, മെഡിക്കൽ കോളജ് , കോട്ടയം)

വെള്ളം കയറിയ വീടുകളിൽ‍ താമസിക്കാൻ എത്തുമ്പോൾ

∙ വൈദ്യുതഷോക്ക്, പാമ്പുകൾ, മറ്റ് ഇഴജന്തുക്കൾ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ചെരിപ്പു ധരിച്ചു കയറുക.
∙ അണുനാശിനി ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം മാത്രം താമസിക്കുക.
∙ വെള്ളം കയറിയ കിണറുകളും മറ്റും ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ശുദ്ധീകരിക്കുക.
∙ ശുചിമുറി മാലിന്യ ടാങ്ക് വെള്ളപ്പൊക്കത്തി‍ൽ തർന്നിട്ടില്ലെന്നും മാലിന്യം വെള്ളത്തിൽ കലർന്നിട്ടില്ലെന്നും ഉറപ്പുവരുത്തുക.

∙ പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ തിളപ്പിച്ച വെള്ളത്തിലോ 1% ക്ലോറിൻ ലായനിയിലോ 20–30 മിനിറ്റ് കഴുകിയശേഷം ഉപയോഗിക്കുക.
∙ കൊതുക്  പെരുകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക.
∙ കിണറ്റിലെ വെള്ളം

ശുചീകരിക്കാൻ

സാധാരണ ക്ലോറിനേഷൻ നടത്താൻ 1000 ലീറ്ററിന് 2.5 ഗ്രാം ബ്ലീച്ചിങ് പൗഡർ ആണു വേണ്ടിവരിക. വെള്ളപ്പൊക്കത്തിനു ശേഷം  സൂപ്പർ ക്ലോറിനേഷൻ നടത്തേണ്ടതുണ്ട്. ഇതിന് 1000 ലീറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂൺ) ബ്ലീച്ചിങ് പൗഡർ വേണ്ടിവരും. ഇതു കുറച്ചു വെള്ളത്തിൽ കലക്കി കുഴമ്പു പരുവത്തിലാക്കിയ ശേഷം ഈ കുഴമ്പ് ബക്കറ്റിൽ നിറയെ വെള്ളത്തോടൊപ്പം കലക്കുക. 10 മിനിറ്റ് അനക്കാതെ വയ്ക്കുക. അപ്പോൾ ലായനിയിലെ അടിത്തട്ടിൽ ചുണ്ണാമ്പ് അടിയുകയും മുകളിലെ വെള്ളത്തിൽ ക്ലോറിൻ നന്നായി കലരുകയും ചെയ്യും.

ഈ ബക്കറ്റ് കിണറിന്റെ അടിത്തട്ടുവരെ ഇറക്കി, തുടരെ പൊക്കുകയും താഴ്ത്തുകയും ചെയ്യുക. ഒരു മണിക്കൂർ കഴിഞ്ഞശേഷം മാത്രമേ വെള്ളം ഉപയോഗിക്കാവൂ.വെള്ളത്തിനു ക്ലോറിന്റെ നേരിയ ഗന്ധം വേണം, അതാണു ശരിയായ അളവ്.  ഗന്ധമില്ലെങ്കിൽ അൽപം കൂടി ബ്ലീച്ചിങ് പൗഡർ ഒഴിക്കുക. ക്ലോറിൻ മണം ഒരു ദിവസത്തിനു ശേഷം കുറയും.   വെള്ളത്തിന്റെ അരുചി അൽപനേരം തുറന്നുവച്ചാൽ  മാറും.  കലക്കുവെള്ളം സാവധാനം തെളിയാനായി കാത്തിരിക്കുന്നതാണു നല്ലത്.

scribus_temp_RZaoCi

സുരക്ഷിതമാകട്ടെ യാത്ര

മഴ തിമിർത്തു പെയ്യുന്ന വഴികളിലൂടെയാണ് ഇപ്പോഴത്തെ ഡ്രൈവിങ്. അപകടരഹിതമായ ഡ്രൈവിങ് ഉറപ്പാക്കാൻ ഗതാഗതവകുപ്പ് നൽകുന്ന പ്രധാന നിർദേശങ്ങൾ ചുവടെ.  

∙ റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ വേഗത്തിൽ വാഹനം ഓടിക്കരുത്. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയോ റോഡിലൂടെയോ ഡ്രൈവ് ചെയ്യരുത്.
∙ ബ്രേക്കിന്റെ കാര്യക്ഷമത പരിശോധിക്കണം. മഴക്കാലത്ത് സഡൻ ബ്രേക്കിങ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കണം.
∙ മരങ്ങളുടെ കീഴിലോ മലഞ്ചെരുവിലോ ഹൈടെൻഷൻ ലൈനുകളുടെ താഴെയോ വാഹനം പാർക്ക് ചെയ്യരുത്.
∙ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യരുത്. വണ്ടിയിൽ നിന്നിഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

∙ ട്രാഫിക് ബ്ലോക്ക് കൂടും. വേഗത കൂട്ടാതെ സമയം കണക്കാക്കി യാത്രതിരിക്കുക.
∙ ഹെഡ്‌ലൈറ്റ്, ബ്രേക്ക്‌ലൈറ്റ്, ഇൻഡിക്കേറ്ററുകൾ എന്നിവയുടെ പ്രവർത്തനക്ഷമത ഉറപ്പാക്കുക. മഴയത്തു കൈ പുറത്തേക്കിട്ടുള്ള സിഗ്‌നൽ ഒന്നും നടക്കില്ല. മാത്രമല്ല അതു മറ്റു വാഹനങ്ങളിലുള്ളവർ കണ്ടെന്നും വരില്ല. അതുകൊണ്ട് ഇൻഡിക്കേറ്റർ കൃത്യമായി ഉപയോഗിക്കുക. തിരിയുന്നതിനു തൊട്ടു മുൻപല്ല, അൽപം മുൻപ് ഇൻഡിക്കേറ്റർ ഇടുക. ഇതുൾപ്പെടെ എല്ലാ ഇലക്ട്രിക്കൽ പാർട്സും പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കുന്നതാണു നല്ലത്.

∙ മുന്നിലെ കാഴ്ച തടസ്സപ്പെടുത്തുന്ന അതിശക്തമായ മഴയത്തുകഴിയുന്നതും വാഹനം ഓടിക്കാതിരിക്കുക. വലിയ മരങ്ങളില്ലാത്ത സുരക്ഷിതമായ എവിടെയെങ്കിലും വാഹനം ഒതുക്കിയശേഷം മഴ കുറയുമ്പോൾ യാത്ര തുടരാം.
∙ വൈപ്പറിന്റെ കാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം.  മഴക്കാലമെത്തുമ്പോൾ പുതിയത് ഇടുന്നതായിരിക്കും നല്ലത്.
∙ ടയറുകൾ നന്നല്ലെങ്കിൽ വാഹനം തെന്നിനീങ്ങാനുള്ള സാധ്യത കൂടുതലാണ്. തേഞ്ഞു തീരാറായ ടയർ മാറ്റിയിടുക. ട്യൂബ് ഉപയോഗിക്കുന്ന ടയറുകളാണെങ്കിൽ അതിൽ ഒന്നിലധികം പങ്ചറുകളുണ്ടെങ്കിൽ അതും മാറ്റുന്നതാണു നല്ലത്. ടയർ മർദം കൃത്യമാക്കുന്നതും അത്യാവശ്യമാണ്.

scribus_temp_UFkobN

വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ

∙ മീറ്റർ, സ്വിച്ച്, പ്ലഗ് എന്നിവയിലൊക്കെ വെള്ളവും ചെളിയും കയറിയിരിക്കുന്നതിനാൽ വൈദ്യുതി പ്രവഹിക്കുമ്പോൾ ഷോർട്സർക്യൂട്ട് ഉണ്ടാകാൻ സാധ്യതയുണ്ട്.
∙ വീടിന്റെ പരിസരത്തു സർവീസ് വയർ, ലൈൻ കമ്പി, എർത്ത് കമ്പി എന്നിവ പൊട്ടിയ നിലയിൽ കണ്ടാൽ സ്പർശിക്കരുത്. ഉടൻ വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിക്കണം.
∙ മീറ്ററിനോടു ചേർന്നുള്ള ഫ്യൂസ് ഊരിമാറ്റി മെയിൻ സ്വിച്ച് ഓഫ് ചെയ്ത ശേഷമേ വീടു ശുചിയാക്കാൻ തുടങ്ങാവൂ.

∙ ഇൻവെർട്ടർ, സോളർ പാനൽ എന്നിവ ഉള്ളവർ അത് ഓഫ് ചെയ്ത് ബാറ്ററിയുമായി കണക്‌ഷൻ വേർപ്പെടുത്തണം.
∙ എർത്ത് ഇലക്ട്രോഡിന്റെ സ്ഥിതി പരിശോധിച്ചു സുരക്ഷിതത്വം ഉറപ്പാക്കണം.
∙ വെള്ളം ഇറങ്ങിയാലും വയറിങ് പൈപ്പിനുള്ളിൽ വെള്ളം നിൽക്കാൻ സാധ്യതയുണ്ട്. ഇതും ഷോർട് സർക്യൂട്ടിനു കാരണമായേക്കാം.

വിവരങ്ങൾക്കു കടപ്പാട്: റെജി വി.കുര്യാക്കോസ് (ജില്ലാ ഫയർ ഓഫിസർ, കോട്ടയം)

വെള്ളം കയറിയ വീടുകൾ വൃത്തിയാക്കാൻ

അൽപം ദുർഗന്ധം ഉണ്ടായാലും വെള്ളപ്പൊക്കത്തിനു ശേഷം ജലം ശുചീകരിക്കാനും വീടുകൾ അണുവിമുക്തമാക്കാനും ഏറ്റവും നല്ലതു ക്ലോറിനേഷനാണ്. പരിസരം വൃത്തിയാക്കാൻ ബ്ലീച്ചിങ് പൗഡർ വിതറിയാൽ പോരാ. ബ്ലീച്ചിങ് പൗഡർ എടുത്തു കുഴമ്പു പരുവത്തിലാക്കി ക്ലോറിൻ ലായനി തയാറാക്കി അതിന്റെ തെളി എടുത്തുവേണം വൃത്തിയാക്കാൻ. ക്ലോറിൻ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 30 മിനിറ്റിനു മുൻപു തറ തുടയ്ക്കരുത്. കയ്യുറ, കാലുറ എന്നിവ ധരിച്ചു മാത്രം വൃത്തിയാക്കുക.

മലയോരത്തും പുഴയോരത്തും വീടുള്ളവർ ശ്രദ്ധിക്കാൻ

മലയോരത്ത്

∙ വീടിനു സമീപത്തേക്ക് ഒഴുകി വരുന്ന ചാലുകൾ ശ്രദ്ധിക്കണം. മലവെള്ളപ്പാച്ചിലോ ഉരുൾപൊട്ടലോ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇത്തരം പ്രദേശത്തു വാഹനങ്ങൾ നിർത്തിയിടാതിരിക്കാൻ ശ്രദ്ധിക്കണം.
∙ മലമുകളിൽ നിന്ന് അസാധാരണമായ ശബ്ദമോ മുഴക്കങ്ങളോ കേട്ടാൽ ജാഗ്രത പാലിക്കണം.
∙ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറുക.
∙ ശക്തമായ മഴയുള്ളപ്പോൾ ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്നു മാറിത്താമസിക്കുക.

പുഴയോരത്ത്

∙ മാറിത്താമസിക്കാൻ സൗകര്യമുള്ളവർ അങ്ങനെ ചെയ്യുക.
∙ വീട്ടിലെ ഉപകരണങ്ങൾ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാം.
∙ രാത്രി ജലനിരപ്പ് നിരീക്ഷിക്കുന്നതു നല്ലതാണ്.
∙ ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകാൻ സാധ്യതയുണ്ട്.

∙ സംരക്ഷണഭിത്തി ഇടിയാൻ സാധ്യതയുള്ളതിനാൽ മുന്നൊരുക്കങ്ങൾ സ്വീകരിക്കുക.
∙ അധികൃതരുടെ അറിയിപ്പുകളും നിർദേശങ്ങളും കൃത്യമായി പാലിക്കുക.
∙ എമർജൻസി കിറ്റ് ഒരുക്കി വയ്ക്കുക.

കരുതൽ വേണം, ജീവികളോടും

മഴക്കാലം മനുഷ്യർക്കു മാത്രമല്ല മൃഗങ്ങൾക്കും പലതരം രോഗങ്ങൾ പടരുന്ന കാലമാണ്. വെള്ളപ്പൊക്കത്തിന്റെ സമയത്ത് ഇവയെ വഴിയോരങ്ങളിലും മഴയിലും നിർത്തേണ്ടി വരുമ്പോൾ രോഗങ്ങൾ വന്നേക്കാം. മുടന്തൻ പനി, കുളമ്പുരോഗം, ന്യുമോണിയ, കോഴികൾക്കു പൂപ്പൽ രോഗം തുടങ്ങി മഴക്കാലത്തു വരാൻ സാധ്യതയുള്ള രോഗങ്ങളും സ്വീകരിക്കേണ്ട മുൻകരുതലും.

∙ അകിടുവീക്കം

പശുവിനും ആടിനും എരുമകൾക്കും മഴക്കാലത്തു കൂടുതലായി കാണപ്പെടുന്നു. പാലിൽ തൈരു പോലെ തരികൾ കാണൽ, തീരെ കട്ടി കുറയൽ, പാലിനു നിറം മാറ്റം, അകിടിൽ ചൂട്, നീരുവയ്ക്കൽ, കല്ലിപ്പ് തുടങ്ങിയവയാണു ലക്ഷണം. കൂടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതു വഴി തടയാം. ആട്ടിൻകുട്ടി കുടിച്ചതിനു ശേഷം പാൽ ബാക്കിയുണ്ടെങ്കിൽ പൂർണമായും കറന്നു കളയുക. ആടുകളിലെ രോഗം  പെട്ടെന്നു ഗുരുതരമായേക്കാം.

∙ മുടന്തൻപനി

പശുക്കൾക്കിടയിൽ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നു. ഒരിനം കൊതുകാണ് ഇതു പടർത്തുന്നത്. വിറയലോടെയുള്ള പനിയും  മുടന്തുമാണു ലക്ഷണം.  തീറ്റ എടുക്കുന്നതു വളരെ കുറവായിരിക്കും. പാലും കുറയും. വെറ്ററിനറി ആശുപത്രിയിൽ അറിയിച്ചാൽ ചികിത്സ ലഭ്യമാണ്. തൊഴുത്തും പരിസരവും കുമ്മായം, ബ്ലീച്ചിങ് പൗഡർ എന്നിവ ഉപയോഗിച്ചു വൃത്തിയാക്കുന്നതും തൊഴുത്തിന്റെ പരിസരത്തു പുകയിട്ടു കൊതുകിനെ ഒഴിവാക്കുന്നതും വഴി പ്രതിരോധിക്കാം.

∙ ചുമ, മൂക്കൊലിപ്പ്

ആടുകളിൽ മഴക്കാലത്തു കാണുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണു വിട്ടുമാറാത്ത ചുമയും മൂക്കൊലിപ്പും. ഗുരുതരമായാൽ ന്യുമോണിയ ആയി മാറും. കുരലടപ്പൻ, ആടുവസന്ത തുടങ്ങിയ രോഗങ്ങളും മഴക്കാലത്തു കാണപ്പെടുന്നു. കൂട്ടിൽ ആടുകൾ നിൽക്കുന്ന തട്ട് ഒരു മീറ്റർ ഉയരത്തിൽ സ്ഥാപിക്കാം. കൂട്ടിനടിയിൽ കെട്ടിക്കിടക്കുന്ന കാഷ്ഠത്തിൽ നനവേൽക്കുമ്പോൾ അതിൽ നിന്ന് അമോണിയ വാതകം പുറത്തുവരുന്നതു തടയാൻ വേണ്ടിയാണിത്. മൂത്രവും കാഷ്ഠവും കൃത്യമായ ഇടവേളകളിൽ നീക്കുക. വായുസഞ്ചാരം ഉറപ്പു വരുത്തുക.

∙ ന്യുമോണിയ

വളർത്തു മൃഗങ്ങൾക്കു മഴക്കാലത്ത് കാണപ്പെടുന്ന ഒന്നാണ് ന്യുമോണിയ. ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ചുമയുമാണ് ആദ്യമുണ്ടാകുന്നത്. ഉടൻ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഗുരുതരമാകും. മഴ നനയുന്നതാണു കാരണം.

∙ അഫ്ലാടോക്സിസ്

കോഴികളിലും താറാവുകളിലും പൂപ്പൽ രോഗബാധ (അഫ്ലാടോക്സിസ്) മഴക്കാലത്തു പതിവാണ്. പൂപ്പൽ ബാധിച്ച തീറ്റ കഴിക്കുന്നതാണു കാരണം. നനഞ്ഞ തീറ്റ നൽകാതിരിക്കുക. തീറ്റ കാറ്റോ മഴയോ കൊള്ളാതിരിക്കാനും ശ്രദ്ധിക്കുക. നനഞ്ഞ കൈ കൊണ്ടോ പാത്രം കൊണ്ടോ തീറ്റ കോരിയെടുക്കരുത്. താറാവുകുഞ്ഞുങ്ങളെ രോഗം കൂടുതലായി ബാധിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. അബ്ദുൽ ഫിറോസ് (പിആർഒ, മൃഗസംരക്ഷണ വകുപ്പ്, കോട്ടയം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com