ADVERTISEMENT

കുമരകം ∙ പടി‍ഞ്ഞാറൻ മേഖലയിൽ ജല നിരപ്പ് വീണ്ടും ഉയർന്നു. ഇനി ദുരിതബാധിതർക്കു രക്ഷയാകുന്നത് വള്ളം. വെള്ളം കയറിയ താഴ്ന്ന പ്രദേശത്തുള്ള കുടുംബങ്ങളെ വള്ളത്തിൽ ദുരിതാശ്വാസ ക്യാംപുകളിലേക്കും ബന്ധുവീടുകളിലേക്കും കൊണ്ടു പോകുന്നു. കുമരകം കണ്ണാടിച്ചാൽ കോന്നക്കരി, മറ്റീത്ര ഭാഗങ്ങളിലെ പല വീടുകളിലും വെള്ളം കയറി.രണ്ടാം വാർഡിലെ മറ്റീത്ര ഭാഗത്തെ ചന്ദ്രിക പാപ്പൻ മറ്റീത്ര,രേവമ്മ നടരാജൻ കോയിക്കൽ ചിറ,ശശി പുതുപ്പറമ്പ്,സാജൻ ലീലാഭവൻ,ആലിസ് ബെഞ്ചമിൻ ചിറയിൽ, ബിനോയ്‌ തൊണ്ണൂരിൽച്ചിറ, ലീല ലീലാഭവൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്.

അയ്മനം വല്യാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറിയപ്പോൾ.

പഞ്ചായത്ത് അംഗം സ്മിത സുനിലിന്റെ നേതൃത്വത്തിൽ ഇവിടത്തുകാരെ വള്ളത്തിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.ചെങ്ങളത്തെ പാടശേഖരങ്ങളുടെ പുറം ബണ്ടുകളിൽ താമസിക്കുന്നവരെ വള്ളത്തിൽ ഇവിടത്തെ സ്കൂളിലെ ക്യാംപിലേക്കു മാറ്റി. അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറിയതോടെ ഇവിടത്തെ സാധനങ്ങൾ വള്ളത്തിൽ കയറ്റി കല്ലുങ്കത്ര പള്ളിയിലേക്കു മാറ്റി. ഇവിടെയാണ് ഇപ്പോൾ ആശുപത്രിയുടെ പ്രവർത്തനം. കുമരകം പെട്രോൾ പമ്പിൽ വെള്ളം കയറിയതിനാൽ പ്രവർത്തനം താൽക്കാലികമായി നിർത്തി.

കുമ്മനം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ

കോട്ടയം – കുമരകം റോഡിന്റെ ചെങ്ങളം, ആമ്പക്കുഴി , ഇല്ലിക്കൽ ഭാഗങ്ങളിൽ വെള്ളം കയറിയെങ്കിലും ഗതാഗതം തടസ്സപ്പെട്ടിട്ടില്ല. ഒളശ്ശ - കോഴിപ്പുഞ്ച -പള്ളിക്കവല റോഡിൽ കോഴിപ്പുഞ്ച ഭാഗത്തു വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. ഇരു ചക്ര വാഹനങ്ങളും, ഓട്ടോറിക്ഷകളും, കാറുകളും വെള്ളം കയറി എൻജിൻ നിന്നു പോയതിനെ തുടർന്ന് നാട്ടുകാർ വഴിയിൽ മരക്കൊമ്പുകൾ നിരത്തി മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

ഒളശ്ശ - കോഴിപ്പുഞ്ച - പള്ളിക്കവല റോഡിൽ വെള്ളം കയറിയ നിലയിൽ.

ഒളശ്ശ - പരിപ്പ് റൂട്ടിൽ, പള്ളിക്കവലയ്ക്കും ഒളശ്ശയ്ക്കും ഇടയിൽ എന്തെങ്കിലും ഗതാഗത തടസ്സമുണ്ടാകുമ്പോൾ എല്ലാവിധ വാഹനങ്ങളും ആശ്രയിക്കുന്ന ഈ റോഡായിരുന്നു. ആശുപത്രികളിലേക്കും സ്കൂളുകളിലേക്കും ആരാധനാലയങ്ങളിലേക്കും പോകുന്നതിന് നൂറു കണക്കിന് ആളുകൾ ആശ്രയിക്കുന്ന കോഴിപ്പുഞ്ച റോഡ് വെള്ളം കയറാത്ത തരത്തിൽ ഉയർത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം അധികൃതർ ഇനിയും അംഗീകരിച്ചിട്ടില്ല.തിരുവാർപ്പ് പഞ്ചായത്തിന്റെ 18 വാർഡുകളിൽ ചെങ്ങളം കുന്നുംപുറവും കിളിരൂർക്കുന്നും ഒഴികെ ഉള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി.

ക്യാംപുകൾ തുറന്നു

തിരുവാർപ്പിൽ ഇന്നലെ ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും തിരുവാർപ്പ് മർത്തശ്മൂനി പള്ളി ഹാളിലും ക്യാംപുകൾ തുറന്നു. നേരത്തെ ഗവ. യുപി സ്കൂളിലും സെന്റ് തോമസ് യാക്കോബായ പള്ളി ഹാളിലും ക്യാംപുകൾ തുറന്നിരുന്നു. അയ്മനം പിജെഎം യുപി സ്കൂളിൽ 4 കുടുംബവും ഒളശ്ശ സിഎംഎസ് എൽപി സ്കൂളിൽ 7 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു. കുമരകത്ത് ഇതുവരെ ക്യാംപുകൾ തുറന്നിട്ടില്ല.

ആർപ്പൂക്കര പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

ആർപ്പൂക്കര ∙ പഞ്ചായത്തിൽ രണ്ട് സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. തൊണ്ണംകുഴി എൽപി സ്കൂൾ, കരിപ്പൂത്തട്ട് ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ക്യാംപുകൾ. കരിപ്പൂത്തട്ട് സ്കൂളിൽ നിലവിൽ 5 കുടുംബങ്ങളും തൊണ്ണംകുഴിയിൽ 1 കുടുംബവുമാണ് എത്തിയിരിക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചൻ പറഞ്ഞു. ഇവർക്കുള്ള ഭക്ഷണവും മറ്റും വാങ്ങി നൽകിയിട്ടുണ്ട് എന്നും മണിയാപറമ്പ്, മഞ്ചാടിക്കരി എന്നിവിടങ്ങളിൽ പാടശേഖരങ്ങൾ ഏറെയുള്ളതിനാൽ മട വീഴുമെന്ന ആശങ്കയിലാണ് ഇവിടത്തെ കർഷകർ.

നിലവിൽ അനേകം കുടുംബങ്ങളിൽ വെള്ളം കയറിയെങ്കിലും ക്യാംപുകളിലേക്ക് എത്താൻ മടി കാണിക്കുന്നുണ്ട്. 14 വാർഡിലെ നാലുതോട് ഭാഗത്ത് തണ്ടാരക്കരി, കാഞ്ഞപ്പള്ളി, പുലിക്കുട്ടിശേരി കാട്ടടി, കൈതപ്പാടം പ്രദേശങ്ങളിൽ 100ലധികം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവിടെയുള്ള വീടുകളിൽ ഉള്ളവരെ നാലുതോട് റസിഡന്റ്സ് അസോസിയേഷനിലെ അംഗങ്ങളും സന്നദ്ധപ്രവർത്തകരും സഹായിച്ചു.

മടവീഴ്ച ഭീഷണിയിൽ പാടശേഖരങ്ങൾ 

കുമരകം ∙ മട വീഴുമോ? നെൽക്കർഷകർ ആധിയിൽ. പടിഞ്ഞാറൻ മേഖലയിൽ ജല നിരപ്പ് ഉയർന്നതോടെ വിരിപ്പുകൃഷി ഇറക്കിയ പാടശേഖരങ്ങൾ മടവീഴ്ച ഭീഷണിയിലായി. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര മേഖലകളിലെ 60 പാടശേഖരങ്ങളിലായി 3250 ഹെക്ടർ സ്ഥലത്താണു നെൽക്കൃഷി ഉള്ളത്. 15മുതൽ 60 ദിവസം പ്രായമായ നെൽച്ചെടികളാണിവ. മഴ ശക്തമായതും കിഴക്കൻ വള്ളത്തിന്റെ വരവോടു കൂടിയും ഇവിടെ ജല നിരപ്പ് ഉയർന്നു.

പുറം ബണ്ട് കവിഞ്ഞു പല പാടത്തേക്കു വെള്ളം കയറി തുടങ്ങി. മോട്ടർ തറകളും ബലക്ഷയത്തിലായി. മട വീഴ്ചയും പുറം ബണ്ട് കവിഞ്ഞു വെള്ളം കയറുന്നതും തടയാൻ രാവും പകലും കർഷകർ ശ്രമം നടത്തുന്നു. ജല നിരപ്പ് ഇനിയും ഉയർന്നാൽ മട വീഴ്ച ഉണ്ടായേക്കുമെന്ന ഭീതിയിലാണ് കർഷകർ. അയ്മനം വട്ടക്കാട് ഇരവീശ്വരം പാടശേഖരത്തെ മോട്ടർ തറയിലെ ബണ്ട് തള്ളിപ്പോകാതെ കാക്കാൻ വാർഡ് അംഗം ബിജു മാന്താറ്റിലിന്റെ നേതൃത്വത്തിൽ കർഷകരും പാടശേഖര സമിതിയും ചേർന്നു ചാക്കിൽ മണ്ണ് നിറച്ച് അടുക്കി ബലപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com