ADVERTISEMENT

കുമരകം ∙ പാടശേഖരങ്ങളുടെ മട തള്ളിപ്പോയെങ്കിലും കർഷകരുടെ സമയോചിത ഇടപെടൽ മൂലം മടവീഴ്ച തടഞ്ഞ് നെൽക്കൃഷി രക്ഷിച്ചു. അയ്മനം, തിരുവാർപ്പ് കുമരകം ഗ്രാമപഞ്ചായത്തുകളിലെ ഒളോക്കരി, കേളക്കരി– മാടപ്പള്ളിക്കാട്, മൂലേപ്പാടം തെക്ക് പാടശേഖരങ്ങളാണു മടവീഴ്ചയിൽ നിന്നു രക്ഷപ്പെട്ടത്. പാറേക്കാട്– തട്ടാർക്കാട്, വെങ്ങാലിക്കാട് പാടശേഖരത്തിന്റെ പുറം ബണ്ട് കവിഞ്ഞു വെള്ളം കയറി. അയ്മനം പഞ്ചായത്തിലെ ഒളോക്കരി പാടത്ത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വടക്കേ പുറംബണ്ടിലെ റിങ് ബണ്ട് തകർന്ന് 70 ദിവസം കഴിഞ്ഞ നെൽപാടത്ത് വെള്ളം കയറി .

മട വീഴ്ചയുണ്ടായി തടഞ്ഞതിന്റെ അടുത്ത ദിവസമാണ് റിങ് ബണ്ട് പാെട്ടി പ്രളയജലം കുതിച്ചു കയറിയത്. രാത്രി നിരീക്ഷണത്തിന് ഏർപ്പെടുത്തിയ കർഷകർ റിങ് ബണ്ട് പൊട്ടിയത് കണ്ടെത്തുകയും മറ്റു കർഷകരെ വിവരം അറിയിച്ചു കൂടുതൽ ആളുകൾ എത്തി ബണ്ട് പുനർ നിർമിക്കുകയായിരുന്നു.  പാടശേഖരത്തെ 380 ഏക്കറിലെ നെൽക്കൃഷിയാണു കർഷകർ സംരക്ഷിച്ചത്. പാടത്തിന്റെ പുറം ബണ്ടുകളിൽ 70 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.നെൽക്കൃഷി സംരക്ഷിക്കുന്നതിനൊപ്പം പുറംബണ്ടിലെ ജനങ്ങൾക്കും സംരക്ഷണം നൽകാൻ കർഷകരുടെ പ്രയത്നം കൊണ്ട് സാധിച്ചതായി പാടശേഖര കൺവീനർ ഹരിദാലയം ഹരിദാസ് പറഞ്ഞു.

ഈ വർഷം കൃഷി ചെലവിന്റെ 90 ശതമാനവും മുടക്കി കഴിഞ്ഞെന്നും നെൽച്ചെടികൾ  കൊതുമ്പും അടിക്കണയും ആയപ്പാേൾ തന്നെ ഏക്കറിന് 30,000 രുപ ചെലവായതായും നെല്ല് ഉൽപാദക സമിതി സെക്രട്ടറി വാലുകണ്ടത്തിൽ സുനിൽകുമാർ കരീമഠം പറഞ്ഞു. തിരുവാർപ്പ് പഞ്ചായത്തിലെ കേളക്കരി– മാടപ്പള്ളിക്കാട് പാടശേഖരത്തിന്റെ തെക്ക് വശത്തെ പുറംബണ്ടാണ് തകർന്നത്. 160 ഏക്കറിൽ മൂന്നാഴ്ച പ്രായമായ നെൽച്ചെടികളാണുള്ളത്. മട വീഴ്ച ശ്രദ്ധയിൽപ്പെട്ടപ്പോൾ  തന്നെ  കർഷകർ എത്തി തെങ്ങിൻ തൂണുകൾ നാട്ടിയും പാടത്ത് നിന്നു തന്നെ ചെളി കുത്തി എടുത്ത് വച്ച് ബണ്ട് ബലപ്പെടുത്തി. കുമരകം പഞ്ചായത്തിലെ മൂലേപ്പാടം തെക്ക് ബ്ലോക്കിൽ കഴിഞ്ഞ ദിവസം മട വീഴ്ച ഉണ്ടായെങ്കിലും കർഷകർ ബണ്ട് ബലപ്പെടുത്തി കൃഷി രക്ഷിച്ചു.

സർക്കാർ സഹായം നൽകണം

അയ്മനം ∙ വെള്ളപ്പൊക്കത്തിൽ നിന്നു നെൽക്കൃഷിയെ രക്ഷിച്ച പാടശേഖരങ്ങൾക്ക് സർക്കാർ സഹായം നൽകണമെന്ന് പാഡി സെൽ ജില്ലാ കൺവീനർ പി.സി. ഇട്ടി ആവശ്യപ്പെട്ടു. പല പാടശേഖരങ്ങൾക്കു സ്വന്തമായി ഫണ്ടില്ല. ഈ അവസരത്തിൽ പാടശേഖരങ്ങൾക്ക് ഉണ്ടാകുന്ന ഭീമമായ ചെലവ് താങ്ങാവുന്നതല്ല .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com