ADVERTISEMENT

കുമരകം ∙ സീസണിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായ തിരിച്ചടി കായൽ ടൂറിസത്തെ പിടിച്ചുലച്ചു. ഹൗസ് ബോട്ട് മേഖലയെയാണു കൂടുതൽ ബാധിച്ചത്. ഒരാഴ്ച കൊണ്ടു കുമരകത്തെ ടൂറിസം മേഖലയ്ക്ക് ഒന്നര കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഓഗസ്റ്റ് രണ്ടാം ശനിയാഴ്ച നടക്കുന്ന നെഹ്റു ട്രോഫി മത്സര വള്ളം കളിയോടെയാണു സീസണിനു തുടക്കം കുറിച്ചിരുന്നത് . കഴിഞ്ഞ 2 വർഷം കോവിഡ് മൂലം വള്ളം കളി നടന്നില്ല. ഇത്തവണ സെപ്റ്റംബർ നാലിലേക്കു വള്ളം കളി മാറ്റുകയും ചെയ്തു. ഹൗസ് ബോട്ടിലും മോട്ടർ ബോട്ടിലും പോയി വള്ളംകളി കാണാനാണ് വിദേശ വിനോദ സഞ്ചാരികൾ എത്തുന്നത്. ഓഗസ്റ്റ് ആദ്യം തന്നെ ഇവർ എത്തി വള്ളം കളി കണ്ട് മടങ്ങുകയാണ് പതിവ്. 

വള്ളംകളി മാറ്റിയതിനു പിന്നാലെ വെള്ളപ്പൊക്കം കൂടിയായതോടെ വിനോദ സഞ്ചാര മേഖലയിലേക്കു ആളുകളുടെ വരവ് കുറഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും തദ്ദേശീയരായ വിനോദ സഞ്ചാരികളാണ് ഈ സമയത്ത് കുമരകത്ത് കൂടുതലായി എത്തിയിരുന്നത്. ഹൗസ് ബോട്ടിൽ കായൽ യാത്ര നടത്തുകയും ഹോട്ടലിലും റിസോർട്ടിലും താമസിച്ചു അന്യ സംസ്ഥാനക്കാർ മടങ്ങുമ്പോൾ തദ്ദേശീയരായ വിനോദ സഞ്ചാരികൾ കായൽ യാത്ര നടത്തി അന്ന് തന്നെ മടങ്ങുമായിരുന്നു . വെള്ളപ്പൊക്കത്തോടെ ഹൗസ് ബോട്ട് മേഖലയിലെ  ബുക്കിങ് എല്ലാം റദ്ദായി. പുതിയതായി ആരും വരാതെയുമായി . 

കുമരകത്ത് 110 ഹൗസ് ബോട്ടുകളാണുള്ളത് . ഇതിൽ പത്തിൽ താഴെ എണ്ണം മാത്രമാണ് ഇന്നലെ കായൽ യാത്ര നടത്തിയത്. ഞായർ ഏതാണ്ട് മുഴുവൻ ഹൗസ് ബോട്ടുകളും സഞ്ചാരികളുമായി കായൽ യാത്രയ്ക്ക് പോകേണ്ടതായിരുന്നു. ഹോട്ടലുകളിലും റിസോർട്ടുകളിലും സഞ്ചാരികളുടെ വരവ് കുറഞ്ഞു. ഇത്തവണ മൺസൂൺ ടൂറിസവും കാര്യമായി നടന്നില്ല. സീസൺ കാത്തിരുന്നപ്പോഴാണ് വെള്ളപ്പൊക്കം തിരിച്ചടിയായിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറഞ്ഞ സാഹചര്യത്തിൽ അടുത്ത ദിവസങ്ങളിൽ വിനോദ സഞ്ചാരികൾ എത്തിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൗസ് ബോട്ട് ഓണേഴ്സ് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് സോജി ജെ. ആലുംപറമ്പിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com