ADVERTISEMENT

കോട്ടയം ∙ കുരുക്കിലമർന്ന് സിമന്റ് കവല. കഞ്ഞിക്കുഴി കഴിഞ്ഞാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് നാട്ടകം സിമന്റ് കവലയിലാണ്.  ഒട്ടേറെ വാഹനങ്ങളാണ് കുരുക്കിലകപ്പെട്ട് ഇവിടെ വലയുന്നത്.എംസി റോഡിൽ തന്നെ ഏറ്റവും ഗതാഗത തിരക്കേറിയ ഇവിടെ ഹോം ഗാർഡിനും സഹായത്തിന് എത്തുന്ന പൊലീസിനും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയാണ് പലപ്പോഴും.

റോഡിന് നടുവിൽ തന്നെ ബസ് സ്റ്റോപ്പും കൂടി ആകുമ്പോൾ ആംബുലൻസുകൾ ഉൾപ്പെടെ ഒട്ടധികം വാഹനങ്ങൾ ഈ കടമ്പ കടക്കാൻ മണിക്കൂർ പലതാവും. ഗവ.കോളജ്, പോളിടെക്നിക്, സിമന്റ് ഫാക്ടറി ഉൾപ്പെടെ പാതയ്ക്ക് സമീപത്താണ്.  മൂന്ന് പ്രധാന റോഡുകളുടെ സംഗമ സ്ഥലമാണിത്. കോട്ടയത്ത് നിന്നു തിരുവല്ല ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾക്ക് പുറമേ പാറേച്ചാൽ ബൈപാസിൽ നിന്നു വാഹനങ്ങൾ എത്തുന്നതോടെ ജംക്‌ഷൻ നിശ്ചലമാകും.

കുരുക്കിന് കാരണം

യാത്രക്കാരുടെ കൺഫ്യൂഷനാണ് പ്രധാന കാരണം. ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർക്ക് വേണ്ടി വ്യക്തമായ സൂചനാ ബോർഡ് പരിസരത്തെങ്ങും ഇല്ല. ഒരു പ്രധാന ബൈപാസ് റോഡ് വഴിയിലുണ്ടെന്ന അറിവ് സമീപത്തുള്ളവർക്കേ അറിയാൻ വഴിയുള്ളൂ. തിരുവാതുക്കൽ –കുമരകം ഭാഗത്തേക്ക് ഓൺലൈൻ മാപ്പ് നോക്കി എത്തുന്നവർ ബൈപാസ് കവാടം ശ്രദ്ധിക്കാതെ കടന്ന് പോയി യു ടേൺ എടുത്ത് വീണ്ടും തിരിച്ചുവരുന്നു.

വഴിക്ക് വീതിയില്ലെന്നതാണ് മറ്റൊരു കാരണം. തിരക്കേറിയ ജംക്‌ഷനിൽ നിന്ന് തന്നെ മറ്റൊരു പ്രധാന റോഡിലേക്കുള്ള ബൈപാസ് ആരംഭിക്കുന്നു. കൂടാതെ അടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ എത്തുന്നവർ വാഹനങ്ങൾ റോ‍ഡിലേക്ക് കയറ്റിയാണ് പാർക്ക് ചെയ്യുന്നത്.തിരക്കേറിയ റോ‍ഡിന് നടുവിൽ തന്നെയാണ് ചങ്ങനാശേരി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ആളുകളെ കയറ്റി ഇറക്കുമ്പോൾ പിന്നിലുണ്ടാകുന്നത് നീണ്ട നിരയാണ്. നിര തെറ്റിച്ച് വട്ടം വയ്ക്കാൻ നോക്കുന്നവർ ബ്ലോക്കിന്റെ നീളം കൂട്ടി സഹായിക്കുന്നു.

പരിഹാരം

ബൈപാസ് റോഡിലെ ജൂബിലി ഗേറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സ്വകാര്യ ബസുകൾക്ക് ബസ് ബേക്ക് ആവശ്യമായ സ്ഥലം കണ്ടെത്തിയാൽ ഗതാഗതം കുടുതൽ സുഗമമാകും. റോഡിനു വീതി കൂട്ടുന്നതിലൂടെ ബൈപാസിലേക്ക് പോകേണ്ട വാഹനങ്ങൾക്ക് പ്രത്യേക ലൈൻ കൊടുക്കാൻ കഴിയും. ജംക്‌ഷനിൽ വ്യക്തമായ സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com