ADVERTISEMENT

ചങ്ങനാശേരി ∙ എസി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് 3 ദിവസമായി നിർത്തി വച്ചിരുന്ന കെഎസ്ആർടിസി സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് മങ്കൊമ്പ്, പുളിങ്കുന്ന്, ചമ്പക്കുളം എന്നീ ഭാഗങ്ങളിലേക്കാണ് ഇന്നലെ മുതൽ സർവീസുകൾ പുനരാരംഭിച്ചത്. റോഡിൽ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടെങ്കിലും ഇന്നലെ രാവിലെ നടത്തിയ പരിശോധനയ്ക്കു ശേഷം ബസുകൾ ഓടിക്കാൻ തീരുമാനിക്കുകയായിരുന്നു. വെളിയനാട് റൂട്ടിൽ സ്വതന്ത്രമുക്ക് വരെയും സർവീസുകൾ നടത്തി. 

സർവീസുകൾ ആരംഭിച്ചെങ്കിലും ഇടറോഡുകളിൽ നിന്നും വീടുകളിൽ നിന്നും വെള്ളം ഇറങ്ങാത്തതിനാൽ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. മനയ്ക്കച്ചിറ, പാറയ്ക്കൽ കലുങ്ക്, മാമ്പുഴക്കരി, രാമങ്കരി, കോരവളവ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡിൽ വെള്ളക്കെട്ടുണ്ട്.ജലനിരപ്പ് കുറഞ്ഞതോടെ ക്യാംപുകളിൽ നിന്ന് ആളുകൾ വീടുകളിലേക്കു ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റുമായി പോകുന്നുണ്ട്. എന്നാൽ, വീടുകളിൽ നിന്ന് വെള്ളം പൂർണമായി ഇറങ്ങാത്തത് ദുരിതമായി അവശേഷിക്കുന്നു. മാലിന്യം അടിഞ്ഞു കൂടിയതിനാൽ പകർച്ചവ്യാധി ഭീഷണിയും നിലനിൽക്കുന്നു. 

നവീകരണ ജോലികളുടെ ഭാഗമായി റോഡ് ഉയർത്തിയതോടെ വശങ്ങളിലുള്ള വീടുകളിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്ന് നാട്ടുകാർ ആരോപിച്ചു. ചങ്ങനാശേരി താലൂക്കിൽ ചങ്ങനാശേരി വില്ലേജിൽ ആറും വാഴപ്പള്ളി കിഴക്ക് വില്ലേജിൽ ഒന്നും ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. 134 കുടുംബങ്ങളിലെ 426 ആളുകളാണ് നിലവിൽ ക്യാംപുകളിൽ കഴിയുന്നത്. ജലനിരപ്പ് താഴ്ന്നത് ആശ്വാസം നൽകുന്നുണ്ടെങ്കിലും ഡാമുകൾ തുറക്കുന്ന സാഹചര്യത്തിൽ വീണ്ടും ആശങ്കയുടെ നിഴലിലാണ് പടിഞ്ഞാറൻ ജനത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com