‘കാഞ്ഞിരപ്പള്ളി വെട്ടിന് ’പകരം ‘ഏറ്റുമാനൂർ വെട്ട് ’, കാനം പക്ഷത്തെ ഞെട്ടിച്ച് അട്ടിമറി; മുഖ്യമന്ത്രിക്കും വാസവനും രൂക്ഷവിമർശനം

kottayam-pic
SHARE

ഏറ്റുമാനൂർ ∙ സിപിഐ ജില്ലാ സമ്മേളനത്തിന്റെ സമാപനദിവസവും എൽഡിഎഫ് സർക്കാരിനും സിപിഎമ്മിനുമെതിരെ രൂക്ഷവിമർശനം. കഴിഞ്ഞദിവസം സിപിഎം നേതാക്കളുടെ പേരെടുത്തു പറയാതെയാണു വിമർശനം ഉയർത്തിയതെങ്കിൽ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി.എൻ.വാസവന്റെയും പേരു പരാമർശിച്ചു കൊണ്ടായിരുന്നു വിമർശനം. എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, പി.കെ.ശ്രീമതി എന്നിവർക്കു നേരെയും വിമർശനമുണ്ടായി.

∙ മുഖ്യമന്ത്രിക്ക് വിമർശനം

ഇടതു നേതാവിനു ചേർന്നതല്ല മുഖ്യമന്ത്രി പിണറായി വിജയന്റെ രീതികളെന്നായിരുന്നു വിമർശനം. കറുപ്പു നിറത്തോടുള്ള മുഖ്യമന്ത്രിയുടെ അലർജിയെ പ്രതിനിധികൾ പരിഹസിച്ചു. സഹകരണ മേഖലയിൽ സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കും അടുപ്പക്കാർക്കും തൊഴിൽ നൽകുന്നുവെന്നാണ് സഹകരണ മന്ത്രി വാസവനെതിരെ ഉയർന്ന ആരോപണം. ഇളംകുളം ബാങ്ക്, റബ്കോ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസുകാർ നടത്തിയ സമരവും തുടർന്നുള്ള സംഭവങ്ങളും ചർച്ചയായി.

ഈ വിഷയത്തിൽ ഇ.പി.ജയരാജൻ തുടക്കം മുതൽ സ്വീകരിച്ച നിലപാട് സർക്കാരിനു നാണക്കേട് ഉണ്ടാക്കി. രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിച്ചതും വിമർശനത്തിനു കാരണമായി.തിരുവനന്തപുരം എകെജി സെന്ററിനു ബോംബെറിഞ്ഞ സംഭവത്തെപ്പറ്റി സിപിഎം നേതാക്കളുടെ പ്രതികരണങ്ങളും അവമതിപ്പുണ്ടാക്കി. പ്രത്യേകിച്ച് പി.കെ.ശ്രീമതിയുടെ പ്രതികരണം. പ്രതികളെ പിടികൂടാൻ കഴിയാതിരുന്നതു പൊലീസിനെതിരെയുള്ള ആരോപണത്തിനു കാരണമായെന്നും പ്രതിനിധിസമ്മേളനം വിലയിരുത്തി.

∙ കാനം – ആനി രാജ പോര് വീണ്ടും

ദേശീയ നിർവാഹക സമിതി അംഗം ആനി രാജയെ സിപിഎം നേതാവ് എം.എം.മണി അപഹസിച്ചപ്പോൾ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാടിനെ ഇന്നലെയും പ്രതിനിധികൾ വിമർശിച്ചു. എം.എം.മണിയുടേതു നാടൻ പ്രയോഗമെന്നു മന്ത്രി വി.എൻ.വാസവൻ ന്യായീകരിച്ചതിനെപ്പറ്റിയും ചർച്ച വന്നു. ആനി രാജ – കാനം വിഷയത്തിൽ സിപിഐ സംസ്ഥാന നേതൃത്വം നേരത്തേ തയാറാക്കിയ മറുപടി പ്രതിനിധി സമ്മേളനത്തിൽ വായിച്ചു. കേരളത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളിൽ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ ഇടപെടുന്ന ആനി രാജയുടെ ശൈലി സിപിഐയുടെ സംഘടനാരീതിക്കു ചേർന്നതല്ലെന്നാണു നേതൃത്വത്തിന്റെ വിശദീകരണം.

∙ മന്ത്രിമാർ മിണ്ടുന്നില്ല

കേസുകളിൽപെടുന്ന ഐഎഎസുകാരെ സിപിഐയുടെ വകുപ്പിൽ നിയമിച്ചതിനെയും പ്രതിനിധികൾ വിമർശിച്ചു. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് വകുപ്പു മന്ത്രി ജി.ആർ.അനിലിനോട് ആലോചിച്ചിട്ടല്ല. സ്വർണക്കടത്തു കേസിൽ ആരോപണ വിധേയനായ എം.ശിവശങ്കറിനെ മൃഗസംരക്ഷണ – ക്ഷീര വികസന വകുപ്പിൽ നിയമിച്ചതും സിപിഐയോട് ആലോചിക്കാതെയാണ്.

സിപിഐ ഭരിക്കുന്ന വകുപ്പുകളിൽ ഇത്തരം നിയമനങ്ങൾ നടത്തുന്നതിനെ ചോദ്യം ചെയ്യാൻ പോലും മന്ത്രിമാർക്കു കഴിയുന്നില്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് ഇന്നലത്തെ ചർച്ചയിൽ പങ്കെടുത്തത്.

കാനം പക്ഷത്തെ ഞെട്ടിച്ച് കോട്ടയത്തെ അട്ടിമറി

തിരുവനന്തപുരം∙ സിപിഐ സംസ്ഥാന നേതൃത്വത്തെ ഞെട്ടിപ്പിക്കുന്നതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു സ്വന്തം ജില്ലയായ കോട്ടയത്തേറ്റ തിരിച്ചടി. പനിയെ തുടർന്നു തലസ്ഥാനത്തു വിശ്രമിക്കുന്ന കാനത്തിന്റെ അസാന്നിധ്യത്തിലാണ് കോട്ടയത്തു മത്സരം നടന്നതും സംസ്ഥാന നിർവാഹക സമിതി തീരുമാനിച്ച വി.കെ.സന്തോഷ് കുമാർ തോറ്റതും. തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങളി‍ൽ കാനത്തിനെതിരെ കാര്യമായ വിമർശനമായിരുന്നെങ്കിൽ, സ്വന്തം തട്ടകത്തിൽ അദ്ദേഹത്തിന്റെ നോമിനിയെ ഇസ്മായിൽ പക്ഷം അടിയറവും പറയിച്ചു.

വരാനിരിക്കുന്ന ജില്ലാ സമ്മേളനങ്ങളെത്തന്നെ ഇതു സ്വാധീനിച്ചേക്കാം. കഴിഞ്ഞ സമ്മേളന കാലത്തു വയനാട്ടിലും പാലക്കാട്ടുമാണു ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടന്നത്.കാനത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എന്ന ചേരിതിരിവു പാർട്ടിക്കുള്ളിൽ രൂപപ്പെട്ടെന്നു വ്യക്തമാക്കുന്നതായി മത്സരം. ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരം നടക്കാതിരുന്നതോടെ സെക്രട്ടറി തിര‍‍ഞ്ഞെടുപ്പ് ഏകകണ്ഠമാകുമെന്നാണു കരുതിയത്. കഴി‍ഞ്ഞയാഴ്ച നിർവാഹക സമിതിയാണ് സന്തോഷിനെ പുതിയ ജില്ലാ സെക്രട്ടറി ആക്കാൻ തീരുമാനിച്ചത്.

എന്നാൽ അദ്ദേഹത്തിന്റെ പേര് ഉയർന്നപ്പോൾ, കാനംവിരുദ്ധനായി അറിയപ്പെടുന്ന വി.ബി.ബിനുവിന്റെ പേരു പകരം ഉയർന്നു. 29–21 എന്ന നിലയിൽ ഔദ്യോഗിക സ്ഥാനാർഥിയെ ബിനു അട്ടിമറിച്ചു. ജനാധിപത്യപരമായ മത്സരം നടക്കുന്നതിൽ അസ്വാഭാവികത ഒന്നുമില്ലെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ കോട്ടയത്ത് ഇങ്ങനെ വോട്ടെടുപ്പും കാനം വിഭാഗത്തിനു തോൽവിയും ആരും വിചാരിച്ചിരുന്നതല്ല.

‘കാഞ്ഞിരപ്പള്ളി വെട്ടിന് ’പകരം ‘ഏറ്റുമാനൂർ വെട്ട് ’

ഏറ്റുമാനൂർ ∙ സിപിഐയിൽ ഇന്നലെ ആളിക്കത്തിയത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വെട്ടിനിരത്തലിന്റെ കനൽ. കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിൽ ചേർന്നതോടെ സിപിഐയുടെ കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റ് നഷ്ടപ്പെട്ടിരുന്നു. വി.ബി.ബിനു മത്സരിച്ച സീറ്റായിരുന്നു കാഞ്ഞിരപ്പള്ളി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പിന്തുണയോടെയാണ് ഈ സീറ്റ് കേരള കോൺഗ്രസിനു വിട്ടുകൊടുക്കാൻ സിപിഐ ജില്ലാ നേതൃത്വം സമ്മതം മൂളിയത്. ഇതോടെ ബിനുവിനു അവസരം നഷ്ടപ്പെട്ടു. കാഞ്ഞിരപ്പള്ളിക്കു പകരം ചങ്ങനാശേരി സീറ്റ് കേരള കോൺഗ്രസിൽ നിന്നു വാങ്ങിയെടുക്കാനും പാർട്ടിക്കായില്ല. നിയമസഭാ തിരഞ്ഞെടുപ്പു മുതൽ സിപിഐയിൽ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു.

ഇത്തവണ ജില്ലാ സമ്മേളനം ഏറ്റുമാനൂരിൽ നടത്താൻ തീരുമാനിച്ചത് ബിനുവിന് അനുകൂല സാഹചര്യമായി. ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ പൂർണ ചുമതല നേരത്തേ മുതൽ ബിനുവിനായിരുന്നു. പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ കാനം രാജേന്ദ്രനെയാണു നിശ്ചയിച്ചിരുന്നത്. എന്നാൽ അവസാനനിമിഷം കാനം പങ്കെടുക്കില്ലെന്ന് അറിയിച്ചു. പകരം ദേശീയ കൺട്രോൾ കമ്മിഷൻ കൺവീനർ പന്ന്യൻ രവീന്ദ്രനെയാണ് ഉദ്ഘാടകനായി അയച്ചത്. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മായിൽ കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് ഒഴിവാക്കുകയായിരുന്നു കാനത്തിന്റെ ലക്ഷ്യമെന്നു മറുപക്ഷം സംശയം ഉന്നയിക്കുന്നു. അതേസമയം, സമ്മേളനം മുഴുവൻ സമയവും നിയന്ത്രിച്ചത് ഇസ്മായിലായിരുന്നു.

കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റികളുടെ പിന്തുണയാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കു വിജയം നേടാൻ ബിനുവിനു സഹായമായത്. വൈക്കത്തു നിന്നുള്ള പ്രതിനിധി ബിനുവിന്റെ പേരു നിർദേശിച്ചു. കോട്ടയം പിന്താങ്ങി. കൂടാതെ ജില്ലാ കൗൺസിൽ അംഗങ്ങളുടെ എണ്ണം 45ൽ നിന്ന് 51 ആയി ഉയർത്തിയതും ബിനുവിന് അനുഗ്രഹമായി. പുതിയതായി എത്തിയവരുടെ പിന്തുണ ബിനു നേടി. 45 അംഗ ജില്ലാ കൗൺസിലിൽ കാനത്തിനെ അനുകൂലിക്കുന്നവരായിരുന്നു കൂടുതൽ. 51 ആയി ഉയർത്തിയതോടെ ഇസ്മായിൽ പക്ഷത്തിനു മുൻതൂക്കമായി. ഇനി ജില്ലാ എക്സിക്യൂട്ടീവും അസിസ്റ്റന്റ് സെക്രട്ടറിമാരുടെ തിരഞ്ഞെടുപ്പും നടക്കാനുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}